ഈ സങ്കടകാലത്ത് തിയേറ്റര്‍ വ്യവസായത്തെ രക്ഷപ്പെടുത്താന്‍ എത്തിയ സിനിമയാണ് മാസ്റ്റര്‍: ദിലീപ്

തിയേറ്ററുകള്‍ തുറക്കുന്നതോടെ മലയാള സിനിമാമേഖല പൂര്‍ണമായും സജീവമാവുകയാണ്. ഇന്നലെ മുഖ്യമന്ത്രിയുമായി സിനിമാസംഘടനകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തിയേറ്ററുകള്‍ തുറക്കാനുള്ള തീരുമാനം ഉണ്ടായത്. നാളെ റിലീസ് ചെയ്യുന്ന മാസ്റ്റര്‍ ആണ് ആദ്യ ചിത്രം. യാതൊരു നിബന്ധനകളുമില്ലാതെ എല്ലാ തിയേറ്ററുകളിലും മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കും എന്ന് വ്യക്തമാക്കി ഫിയോക് ചെയര്‍മാനും നടനുമായ ദിലീപ്.

ഈ സങ്കടകാലത്ത് തിയേറ്റര്‍ വ്യവസായത്തെ രക്ഷപ്പെടുത്താനെത്തിയ സിനിമയാണ് മാസ്റ്റര്‍. ഇത്രയും നാള്‍ നമ്മളൊക്കെ സങ്കടത്തിലായിരുന്നു, ഇനി ആഘോഷത്തിന്റെ കാലമാണ് എന്ന് ദിലീപ് പറഞ്ഞു. അമ്പത് ശതമാനം മാത്രമാണ് ആളുകളെ കയറ്റാനാകൂ, പ്രദര്‍ശനത്തിന്റെ എണ്ണവും കുറവ്. ഇതൊരു ആഘോഷമാക്കുകയാണ്.

ദൈവം അനുഗ്രഹിച്ച് ഈ സമയത്ത് എല്ലാവരും കാത്തിരുന്നൊരു ചിത്രം തന്നെ തിയറ്ററുകളില്‍ വരുന്നു എന്നും ദിലീപ് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 11ന് ആണ് കേരളത്തിലെ തിയേറ്ററുകള്‍ അടച്ചത്. നിര്‍മ്മാതാക്കളും തിയേറ്റര്‍ സംഘടനയും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങളും കഴിഞ്ഞ ദിവസം ഒത്തുതീര്‍പ്പായെന്നും നിര്‍മ്മാതാവ് സുരേഷ് കുമാര്‍ വ്യക്തമാക്കി.

അതേസമയം, മോഹന്‍ലാലിന്റെ മരക്കാര്‍: അറബിക്കടലിന്റെ സിംഹം, മമ്മൂട്ടിയുടെ വണ്‍, പ്രീസ്റ്റ്, ഫഹദ് ഫാസിലിന്റെ മാലിക്, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, നിവിന്‍ പോളിയുടെ തുറമുഖം എന്നീ വമ്പന്‍ ചിത്രങ്ങളടക്കം 85 സിനിമകളാണ് റിലീസിന് കാത്തിരിക്കുന്നത്.