ഡാനി ബോയൽ സംവിധാനം ചെയ്ത അക്കാദമി അവാർഡ് വിന്നിങ് മൂവി ‘സ്ലം ഡോഗ് മില്ല്യണയർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ദേവ് പട്ടേൽ. പിന്നീട് ലയൺ, ദി ഗ്രീൻ നൈറ്റ് തുടങ്ങീ നിരവധി സിനിമകളിലൂടെ ദേവ് പട്ടേൽ തന്റെ സാന്നിധ്യമറിയിച്ചു.
‘മങ്കി മാൻ’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കൂടി കടന്നിരിക്കുകയാണ് ഇപ്പോൾ ദേവ് പട്ടേൽ. ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടികൊണ്ട് പ്രദർശനം തുടരുകയാണ്.
ഇപ്പോഴിതാ മങ്കി മാന്റെ പശ്ചാത്തലത്തിൽ ദേവ് പട്ടേലിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ ഇന്ത്യൻ ഇന്ത്യൻ പൈതൃകത്തെക്കുറിച്ചോർത്ത് ഒരുകാലത്ത് ലജ്ജിച്ചിരുന്നുവെന്നാണ് ദേവ് പട്ടേൽ പറയുന്നത്.
എന്നാൽ ആ തെറ്റ് തിരുത്താൻ താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ദേവ് പട്ടേൽ വ്യക്തമാക്കി.അതുകൊണ്ട് തന്നെ സ്ലംഡോഗ് മില്യണയർ പോലെയുള്ള സിനിമകൾ തിരഞ്ഞെടുക്കുകയും അഭിനയിക്കുകയും ചെയ്യുന്നുവെന്നും, സംവിധാനം ചെയ്യാൻപോകുന്ന ആദ്യ സിനിമയിലൂടെ ഇന്ത്യൻ സംസ്കാരത്തെ താൻ മൂന്നിരട്ടിയാക്കാൻപോവുകയാണെന്നും ദേവ് പട്ടേൽ പറഞ്ഞു.
അമ്മയുടെ മരണത്തിന് കാരണക്കാരായ വ്യക്തികളെ തേടിപ്പിടിച്ച് പ്രതികാരം ചെയ്യുന്നതാണ് ആക്ഷൻ- ത്രില്ലർ ചിത്രമായ മങ്കി മാന്റെ പ്രമേയം. ശോഭിത ധുലിപാല, മകരന്ദ് ദേശ്പാണ്ഡേ, സികന്ദർ ഖേർ, ഷാൾട്ടോ കോപ്ലേ, പിറ്റോബാഷ്, അദിതി കുൽക്കാണ്ടേ, അശ്വിനി ഖലേസ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.