പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’ ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസകളുമായി മുന്നേറുകയാണ്. നജീബ് എന്ന കഥാപാത്രമാവുന്നതിന് വേണ്ടി പൃഥ്വിരാജ് ചെയ്ത് ബോഡി ട്രാൻസ്ഫോമേഷൻ വലിയ രീതിയിൽ ചർച്ചയായിരുന്നു.
ആദ്യം ശരീരഭാരം കൂട്ടുകയും പിന്നീട് കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഭാരം കുറക്കുകയുമാണ് ചെയ്തത്. സിനിമയിൽ പൃഥ്വിയുടെ ആ ബോഡി ട്രാൻസ്ഫോമേഷൻ പൂർണ്ണമായും വെളിപ്പെടുന്ന രംഗമുണ്ട്. സിനിമ ഇറങ്ങി കഴിഞ്ഞ് പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നതും ആ രംഗത്തെ പറ്റിയാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ ഛായാഗ്രഹകൻ സുനിൽ കെ. എസ് ആ രംഗത്തെ കുറിച്ച് സംസാരിക്കുകയാണ്. മൂന്ന് ദിവസം പട്ടിണി കിടന്ന് ഉച്ചമുതൽ വെള്ളം പോലും കുടിക്കാതെ, രാത്രി 30 ml വോഡ്ക കൂടി കഴിച്ച ശേഷമാണ് പിറ്റേന്ന് ഉച്ചയ്ക്ക് ചിത്രീകരണത്തിനായി പൃഥ്വിരാജ് എത്തിയത് എന്നാണ് സുനിൽ കെ. എസ് പറയുന്നത്.
“ഓരോ ഷോട്ടിനും സമയമുണ്ട്. ആ സമയത്ത് മാത്രമേ ഷോട്ട് എടുക്കുകയൊളളൂ. പൃഥ്വിരാജ് മൂന്ന് ദിവസമായി ഫാസ്റ്റിങ് ആണ്. തലേ ദിവസം ഉച്ചമുതൽ വെള്ളം കുടിച്ചിട്ടില്ല, രാത്രി 30 ml വോഡ്ക കൂടെ കൊടുത്തു. അതുകൂടെ കൊടുത്തു കഴിഞ്ഞപ്പോൾ ശരീരത്തിലെ മുഴുവൻ ജലാംശവും വറ്റി ഡീഹൈഡ്രേറ്റഡ് ആവും.
ഷോട്ടിന് വേണ്ടി പൃഥ്വിരാജിനെ ചെയറിൽ കൊണ്ടുവന്നിരുത്തി ഷോട്ട് എടുത്ത് അതുപോലെ തിരിച്ചുകൊണ്ടാക്കും. ഷോട്ട് കഴിഞ്ഞ് ഇരുന്നാൽ പൃഥ്വിക്ക് എഴുന്നേൽക്കാനായി ആരുടെയെങ്കിലും സഹായം വേണമായിരുന്നു. അത്രയും ഡ്രൈൻഡ് ആയിരുന്നു പൃഥ്വിരാജ്. അന്നത്തെ ദിവസം ആ ഷോട്ട് മാത്രമേയൊളളൂ.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സുനിൽ കെ. എസ് പറഞ്ഞത്.
വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.
Read more
ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്.