'ശബ്ദമുയര്‍ത്തുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുന്നു, പാകിസ്താനിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി പദ്മശ്രീ കൊടുക്കുന്നു'; ബിജെപിയ്ക്ക് പ്രണയം പാകിസ്താനോടെന്ന് സ്വര ഭാസ്‌കര്‍

ബിജെപി സര്‍ക്കാരിന് പാകിസ്താനോട് പ്രണയമാണെന്ന് സ്വര ഭാസ്‌കര്‍. ഗായകന്‍ അദ്നാന്‍ സ്വാമിയ്ക്ക് പദ്മശ്രീ നല്‍കിയതിനെ വിമര്‍ശിച്ച് സംസാരിക്കവേയാണ് സ്വപ ഭാസ്‌കറിന്റെ പ്രസ്താവന. ശബ്ദമുയര്‍ത്തുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുകയും, പാകിസ്താനിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കി പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്യുന്ന ബിജെപി സര്‍ക്കാര്‍ പൗരത്വഭേതഗതി നിയമത്തിന് എന്ത് ന്യായീകരണമാണ് നല്‍കുന്നത് എന്ന് സ്വര ഭാസ്‌കര്‍ ചോദിക്കുന്നു. മധ്യപ്രദേശില്‍ സംഘടിപ്പിച്ച സേവ് ദ കോണ്‍സ്റ്റിറ്റിയൂഷന്‍, സേവ് ദ കണ്‍ട്രി എന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

“അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുകയും നുഴഞ്ഞു കയറ്റക്കാരെ പിടികൂടുകയും ചെയ്യുന്ന സമ്പ്രദായം നിലവില്‍ ഇന്ത്യയിലുണ്ട്. അദ്നാന്‍ സാമിക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുകയും അതിലൂടെ പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു. അങ്ങനെയാണെങ്കില്‍ പൗരത്വഭേതഗതി നിയമത്തിന് എന്ത് ന്യായീകരണമാണുള്ളത്. ഒരു ഭാഗത്ത് പ്രതിഷേധക്കാരെ തല്ലിയോടിക്കുന്നു മറുഭാഗത്ത് പാകിസ്താനിക്ക് പദ്മശ്രീ നല്‍കുന്നു. ശബ്ദമുയര്‍ത്തുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുന്നു.”

“പൗരത്വഭേദഗതിയെ പിന്തുണയ്ക്കുന്നവര്‍ നുഴഞ്ഞു കയറ്റക്കാരെ കുറിച്ചാണ് സംസാരിക്കുന്നത്. എന്താല്‍ എന്തുകൊണ്ടാണ് യഥാര്‍ഥ പ്രശ്നക്കാരെ അവര്‍ക്ക് കാണാന്‍ സാധിക്കാത്തത്. ഈ നുഴഞ്ഞു കയറ്റക്കാര്‍ സര്‍ക്കാറിന്റെ മനസ്സിലാണ് കടന്നു കൂടിയിരിക്കുന്നത്. ബിജെപിയ്ക്ക് പാകിസ്താനോട് പ്രണയമാണ്. നാഗ്പൂരില്‍ ഇരുന്നുകൊണ്ട് അവര്‍ ഇന്ത്യ മുഴുവന്‍ വെറുപ്പ് പ്രചരിപ്പിക്കുകയാണ്.” സ്വര പറഞ്ഞു. ലണ്ടനില്‍ ജനിച്ച് വളര്‍ന്ന അദ്നാന്‍ സ്വാമിക്ക് 2016 ല്‍ ഇന്ത്യന്‍ പൗരത്വം നല്‍കിയിരുന്നു.