ജോലി രാജി വെക്കുമ്പോൾ സിനിമ റെഡിയായില്ലെങ്കിൽ തിരിച്ചു വന്നോളാൻ മാനേജർ പറഞ്ഞുവെന്ന് വീട്ടിൽ കള്ളം പറഞ്ഞു: ബേസിൽ ജോസഫ്

മലയാളത്തിൽ വെറും മൂന്ന് സിനിമകൾ കൊണ്ട് തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്ത സംവിധായകനാണ് ബേസിൽ ജോസഫ്. കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളിലൂടെ മലയാളത്തിൽ ഹിറ്റടിച്ച ബേസിൽ മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യനായി ചർച്ചചെയ്യപ്പെട്ട സംവിധായകനായി മാറി.

സംവിധായകൻ എന്നതിലുപരി, മികച്ച അഭിനേതാവ് കൂടിയാണ് ബേസിൽ ജോസഫ്. ജയ ജയ ജയ ജയഹേ, പാൽതു ജാൻവർ, ജാൻ എ മൻ, എങ്കിലും ചന്ദ്രികേ തുടങ്ങീ നിരവധി സിനിമകളിൽ ശ്രദ്ധേയമായ പ്രകടനമായിരുന്നു ബേസിലിന്റെത്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം ഇൻഫോസിൽ ജോലി ചെയ്യുന്നതിനിടെയാണ് സിനിമയിലേക്കുള്ള ബേസിലിന്റെ കടന്നുവരവ്.

ഇപ്പോഴിതാ സിനിമയിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് സംസാരിക്കുകയാണ് ബേസിൽ ജോസഫ്. ജോലിയിൽ നിന്നും രാജി വെച്ചതിന് ശേഷം സിനിമയിലേക്കിറങ്ങുമ്പോൾ അച്ഛനോട് പറഞ്ഞത് തിരിച്ച് ജോലിയിൽ പ്രവേശിക്കുന്നതിന് യാതൊരു തടസവുമില്ല എന്നായിരുന്നുവെന്നാണ് ബേസിൽ പറയുന്നത്. പക്ഷേ അച്ഛനും അമ്മയും നിഷ്കളങ്കരായതുകൊണ്ടാണ് അത്തരമൊരു കളം വിശ്വസിച്ചതെന്നും ബേസിൽ കൂട്ടിച്ചേർത്തു.

“ജോലി കിട്ടി കഴിഞ്ഞാണ് അച്ഛൻ്റെ അടുത്ത് ഞാൻ സിനിമയിലുള്ള താത്പര്യം പറയുന്നത്. അതിന് മുമ്പ് പറഞ്ഞിട്ടില്ല. കാരണം അതിന് മുമ്പ് എനിക്കും അവർക്കും ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു.

സിനിമ എന്ന് പറയുന്നത് മറ്റൊരു ലോകം ആയിരുന്നല്ലോ. സിനിമയിലേക്ക് എത്താൻ പറ്റുമോയെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. അതുകൊണ്ട് ഞാൻ അതിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല.

ജോലി രാജി വെക്കുമ്പോൾ മാനേജർ എന്നോട് സിനിമ റെഡിയായില്ലെങ്കിൽ തിരിച്ചു വന്നോളാൻ പറഞ്ഞിട്ടുണ്ടെന്നാണ് ഞാൻ അച്ഛനോട് കള്ളം പറഞ്ഞത്. പക്ഷെ പറ്റിച്ചു. പച്ചക്കള്ളമായിരുന്നു. കാരണം അങ്ങനെയൊരു മാനേജർ ഒരിക്കലും പറയില്ല.

പ്രത്യേകിച്ചു ഇതുപോലൊരു കോർപറേറ്റിൽ. തിരിച്ചു വന്നാൽ ജോലിയുണ്ടെന്ന് ഒരിക്കലും പറയില്ല. കാരണം തിരിച്ച് കയറണമെങ്കിൽ ഇൻ്റർവ്യൂവെല്ലാം അറ്റൻഡ് ചെയ്ത‌ത്‌ ആ പ്രോസസെല്ലാം പൂർത്തിയാക്കണം.

പക്ഷെ എന്റെ അച്ഛനും അമ്മയും നിഷ്‌കളങ്കരായത് കൊണ്ടും അവരിപ്പോഴും വയനാട്കാരയത് കൊണ്ടും അങ്ങനെ ജീവിക്കുന്നവരായത് കൊണ്ടും അവരത് വിശ്വസിച്ചു. കുഞ്ഞിരാമായണം വിജയമായത് കൊണ്ട് എനിക്ക് തിരിച്ചു പോവേണ്ടി വന്നില്ല. അല്ലെങ്കിൽ പിന്നെ അച്ഛാ മാനേജർ എന്നെ ചതിച്ചു എന്ന് പറഞ്ഞെങ്ങാനും തിരിച്ചു പോവേണ്ടി വന്നേനെ.” എന്നാണ് മാതൃഭൂമിയുടെ സാഹിത്യോത്സവത്തിൽ സംസാരിക്കുന്നതിനിടെ ബേസിൽ ജോസഫ് പറഞ്ഞത്.