'ഫാലിമി' ഹിറ്റ് ആയില്ലെങ്കിൽ കുറച്ച് സിനിമകൾ ചെയ്‌തിട്ട് സംവിധാനത്തിലേക്ക് പോകാമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു: ബേസിൽ ജോസഫ്

മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് ബേസിൽ ജോസഫ്. സംവിധായകനായും അഭിനേതാവായും മലയാളത്തിൽ തിളങ്ങി നിൽക്കുന്ന ബേസിലിന്റെ ഏറ്റവും പുതിയ ചിത്രമാണ് നിതീഷ് സഹദേവ് സംവിധാനം ചെയ്ത ‘ഫാലിമി’. തീയേറ്ററിലും ഒടിടിയിലും മികച്ച പ്രതികരണമാണ് കോമഡി- എന്റർടൈനറായ ചിത്രത്തിന് ലഭിച്ചത്.

ഇപ്പോഴിതാ ഫാലിമി ചിത്രത്തെ കുറിച്ചും സിനിമ മേഖലയിൽ വന്ന മാറ്റത്തെ കുറിച്ചും സംസാരിക്കുകയാണ് ബേസിൽ ജോസഫ്. ഫാലിമി ഹിറ്റ് ആയില്ലെങ്കിൽ കുറച്ച് സിനിമകൾ ചെയ്‌തിട്ട് സംവിധാനത്തിലേക്ക് പോകാമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു എന്നാണ് ബേസിൽ ജോസഫ് പറയുന്നത്.

“ഫാലിമി എന്ന സിനിമ സിനിമ ഇറങ്ങുന്നതിന് മുമ്പുള്ള ഒരാഴ്‌ച ടെൻഷൻ കാരണം എനിക്ക് ഉറക്കമുണ്ടായിരുന്നില്ല. ഈ സിനിമ വിജയിക്കുമോ എന്ന ആശങ്കയായിരുന്നു. കാരണം മിഡ് ബജറ്റ് സിനിമകളാണ് ഞാൻ ചെയ്യാറുള്ളത്, ബിഗ് ബജറ്റല്ല. ഇതുപോലുള്ള സിനിമകൾ നല്ലതാണെങ്കിലും തിയേറ്ററിൽ വിജയിക്കുമോ എന്നുള്ളത് എന്നെ അലട്ടുന്ന കാര്യമാണ്.ആ സിനിമയുടെ റിലീസിന് ശേഷമേ അത് ഉറപ്പിക്കാനാവൂ.

അങ്ങനെയുള്ള സിനിമകൾ ഒ.ടി.ടിയിൽ കാണാമെന്ന് ആളുകൾ വിചാരിക്കും. ചെറിയ ബജറ്റിൽ വന്ന് തിയേറ്ററിൽ വിജയിച്ചത് വളരെ ചുരുക്കം സിനിമകളാണ്. രോമാഞ്ചവും ജയ ഹേയുമൊക്കെ ഒരു എക്‌സ് ഫാക്‌ടർ കൊണ്ട് വലിയ വിജയമായി. കുടുംബചിത്രങ്ങൾ പഴയതുപോലെ ഇപ്പോൾ തിയേറ്ററിൽ ഓടുമോ എന്ന് സംശയമാണ്. അങ്ങനെയൊരു കാലത്ത് ഫാലിമി കാണാൻ ആളുകൾ വന്നുവെന്ന് അറിഞ്ഞപ്പോൾ സമാധാനമുണ്ടായിരുന്നു.

ആളുകൾ വന്നില്ലായിരുന്നെങ്കിൽ വലിയ നിരാശയാവുമായിരുന്നു. അങ്ങനെയാണെങ്കിൽ രണ്ടുമൂന്ന് സിനിമകൾ ചെയ്‌തിട്ട് സംവിധാനത്തിലേക്ക് പോകാമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു. കൊവിഡിന് ശേഷം വലിയ മാറ്റമാണ് ഉണ്ടായത്. ഒ.ടി.ടിയെല്ലാം വന്നു. അങ്ങനെയുള്ള കാലത്ത് ഒരു മാറ്റമുണ്ടാകണമെങ്കിൽ മമ്മൂക്കയെ പോലെയും ലാലേട്ടനെ പോലെയുമുള്ള സൂപ്പർസ്റ്റാറുകൾ വ്യത്യസ്‌തമായ വേഷങ്ങൾ ചെയ്യുന്നത് നല്ലതാണ്. നേര് എന്ന സിനിമ ഹിറ്റായി. അതൊരു കോർട്ട് റൂം ഡ്രാമയാണ്. ആ സിനിമ ലാലേട്ടനെ പോലെ ഒരു താരം ചെയ്യുന്നത് വലിയ കാര്യമാണ്. മമ്മൂക്കയെ പോലെ ഒരു താരം കാതൽ പോലെയൊരു സിനിമ ചെയ്യുന്നു, അല്ലെങ്കിൽ ഭ്രമയുഗം ചെയ്യുന്നു.

വലിയ താരങ്ങൾ സിനിമകൾ മിക്‌സ് ചെയ്‌ത്‌ ചെയ്‌താലെ 90കളിലെയോ 2000ങ്ങളിലോ ഉണ്ടായിരുന്ന പോലെ എല്ലാവരും തിയേറ്ററിലേക്ക് വരികയുള്ളൂ. ഇല്ലെങ്കിൽ ഇവിടെ വിജയിച്ച തമിഴ്, തെലുങ്ക് സിനിമകളുടെ ഫോർമാറ്റിലേക്ക് പോവുമായിരുന്നു. മാസും ഫൈറ്റ് ചെയ്യണ്ട എന്നല്ല, അതും ചെയ്യണം, എല്ലാത്തിൻ്റേയും മിക്‌സ് വരണം” എന്നാണ് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ ബേസിൽ ജോസഫ് പറഞ്ഞത്.