മാസ് സിനിമകൾ മാത്രമല്ല പ്രേക്ഷകർക്ക് വേണ്ടത്, വ്യത്യസ്ത സിനിമകളിലൂടെ മമ്മൂക്ക ചെയ്യുന്നത് വലിയ കാര്യമാണ്: ബേസിൽ ജോസഫ്

മലായാളത്തിൽ മിനിമം ഗ്യാരണ്ടിയുള്ള സംവിധായകനും നടനുമാണ് ബേസിൽ ജോസഫ്. വെറും മൂന്ന് സിനിമകൾ മാത്രമാണ് സംവിധാനം ചെയ്തിട്ടുള്ളതെങ്കിലും മലയാളത്തിലെ യുവ സംവിധായകരുടെ കൂട്ടത്തിൽ മുൻപന്തിയിൽ തന്നെയാണ് ബേസിൽ ജോസഫിന്റെ സ്ഥാനം.

നിതീഷ് സഹദേവ് സംവിധാനം ചെയ്ത് ബേസിൽ ജോസഫ്, മഞ്ജു പിള്ള, ജഗദീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ‘ഫാലിമി’ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ഇപ്പോഴിതാ സിനിമകളെ കുറിച്ചും പ്രേക്ഷകരെ കുറിച്ചും സംസാരിക്കുകയാണ് ബേസിൽ ജോസഫ്. പ്രേക്ഷകർക്ക് എപ്പോഴും മാസ് സിനിമകൾ മാത്രമല്ല ആവശ്യമുള്ളത് എന്നാണ് ബേസിൽ ജോസഫ് പറയുന്നത്. കൂടാതെ മമ്മൂട്ടി എന്ന നടൻ ഇപ്പോൾ മലയാള സിനിമയിൽ തിരഞ്ഞെടുക്കുന്ന സിനിമകളെ പറ്റിയും അത് എങ്ങനെയാണ് പ്രേക്ഷകരെ സ്വാധീനിക്കുന്നത് എന്നതിനെ പറ്റിയും ബേസിൽ ജോസഫ് സംസാരിക്കുന്നു.

‘പ്രേക്ഷകർ എപ്പോഴും ക്ലാസ്സ് സിനിമകൾ മാത്രമല്ല കാണുന്നത്. ഡ്രാമ ഫിലിമും റൊമാൻസും എല്ലാം കാണുന്നുണ്ട്. അവർക്ക് സിനിമയുടെ ബഡ്‌ജറ്റ് ഒന്നും വിഷയമല്ല. അവർക്ക് വേണ്ടതെന്ന് മാസ് സിനിമകളാണ് നമ്മൾ പറയുമ്പോഴും അവർക്ക് അത്തരം
സിനിമകൾ മാത്രമല്ല വേണ്ടത്.നമ്മളാണ് മാസ് സിനിമകൾ അവർക്ക് നൽകുന്നത്. പ്രേക്ഷകർക്ക് വേണ്ടത് എല്ലാവർക്കും ഒരുമിച്ചിരുന്ന് കാണാൻ ഒരു സിനിമയാണ്.

‘രോമാഞ്ച’വും ‘ജയ ജയ ജയ ജയഹേ’യും ‘ന്നാ താൻ കേസ് കൊട്’ സിനിമകളൊക്കെ ചെറിയ ബഡ്‌ജറ്റിൽ ചെയ്‌തതാണ്. അതൊന്നും വലിയ ബഡ്‌ജറ്റ് സിനിമകളല്ല. മമ്മൂക്ക ചെയ്യുന്നത് അത്തരം സിനിമകളാണ്. അദ്ദേഹം വ്യത്യസ്ഥമായ ഉള്ളടക്കമുള്ള സിനിമകളിൽ അഭിനയിച്ച ശേഷം തൻ്റെ താരമൂല്യം ഉപയോഗിച്ച് പ്രേക്ഷകരെ തിയേറ്ററിലേക്ക് കൊണ്ടുവരികയാണ്.

മമ്മൂക്ക ‘റോഷാക്ക്’ പോലെയുള്ള മിസ്റ്ററി ത്രില്ലർ സിനിമ ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ പുതുതായി അനൗൺസ് ചെയ്‌ത ‘ബ്രഹ്മയുഗം’ ഒരു ഹൊറർ സിനിമയാണ്. മമ്മൂക്കയെ പോലെയുള്ള ഒരു നടൻ അത്തരം സിനിമ ചെയ്യുമ്പോൾ ആളുകൾ തിയേറ്ററിലെത്തുന്നു. നമ്മുടെ സ്റ്റാർസും ആക്റ്റേഴ്‌സും ഇപ്പോൾ മാസ് സിനിമകൾ അല്ലാത്തവയും ചെയ്യാൻ തയ്യാറാകുന്നുണ്ട്.” ഗലാട്ട പ്ലസിലെ മലയാളം റൌണ്ട് ടേബിൾ എന്ന പരിപാടിയിലായിരുന്നു ബേസിൽ ജോസഫ് സിനിമകളെ കുറിച്ച് സംസാരിച്ചത്.