വിന്റേജ് ജയറാം എന്ന താരതമ്യത്തിന് താല്പര്യമില്ല; പ്രതികരിച്ച് ബേസിൽ ജോസഫ്

സംവിധായകനായി മലയാള സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച് ഇപ്പോൾ അഭിനേതാവായി തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. കുഞ്ഞിരാമയണം, ഗോദ, മിന്നൽ മുരളി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നായകനായും, സഹനടനായും മറ്റും ഗംഭീര പ്രകടനം നടത്തുന്ന ബേസിലിനെ വിന്റേജ് ജയറാം എന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ആഘോഷിക്കുന്നത്.

ഇപ്പോഴിതാ അത്തരം താരതമ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ബേസിൽ ജോസഫ്. സിനിമയിൽ തന്റേതായ ഐഡന്റിറ്റി ഉണ്ടാക്കാനാണ് താൻ ശ്രമിക്കുന്നത് എന്നാണ് ബേസിൽ ജോസഫ് പറയുന്നത്.

“അങ്ങനെയൊരു കമ്പാരിസനിലേക്ക് പോകാൻ എനിക്ക് താത്പര്യമില്ല. എന്റേതായിട്ടുള്ള ഒരു ഐഡൻ്റിറ്റി വരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അങ്ങനെയുള്ള ക്യാരക്ടേഴ്‌സ് മാത്രമേ എനിക്ക് ചൂസ് ചെയ്യാൻ പറ്റുകയുള്ളൂ. കാരണം ഞാൻ ഭയങ്കര സ്റ്റാർ ഹീറോയിക്ക് വയലെൻസ് ഉള്ള ക്യാരക്‌ടർ ഒക്കെ ചെയ്‌തു കഴിഞ്ഞാൽ ആളുകൾ ചിരിച്ചു ചാവും. അങ്ങനെയുള്ള കോമഡി സിനിമകൾ വേണമെങ്കിൽ ചെയ്യാം. വയലെൻസ് എന്നും വെട്ടിക്കൊന്നു കളയും എന്നും ഞാൻ പറഞ്ഞാൽ ആളുകൾ ചിലപ്പോൾ ചിരിക്കുമായിരിക്കും.

ഒരു നടൻ എന്ന രീതിയിൽ ഒരു തരത്തിലുള്ള കഥാപാത്രമേ എനിക്ക് ചേരുകയുള്ളൂ. അതിൻ്റെ അകത്ത് പുതിയത് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്താറുണ്ട്. പണ്ട് ശ്രീനിയേട്ടനും ജയറാമേട്ടനുമെല്ലാം അത്തരത്തിലുള്ള റോളുകൾ ചെയ്‌തിരുന്നല്ലോ, ഒരു സാധാരണക്കാരന്റെ റോളുകൾ. അങ്ങനെയുള്ള ഒരു കാറ്റഗറിയിലാണ് ഞാനും വരുന്നത്. എന്നാൽ അങ്ങനെയുള്ള കമ്പാരിസനിലേക്ക് പോകാൻ താത്പര്യമില്ല.” മൂവി മാൻ ബ്രോഡ്കാസ്റ്റിങ്ങിന് നൽകിയ അഭിമുഖത്തിലാണ് ബേസിൽ ജോസഫ് പ്രതികരിച്ചത്.