ആ സിനിമയ്ക്ക് എനിക്ക് ലഭിക്കേണ്ടിയിരുന്നത് മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പാരവെച്ചത് മലയാളി; വെളിപ്പെടുത്തലുമായി ബാലചന്ദ്രമേനോന്‍, വീഡിയോ

ദേശീയ പുരസ്‌കാരം വലിയ നിരാശ സമ്മാനിച്ചുവെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലായ ഫിലിമി ഫ്രൈഡേയിലൂടെയായിരുന്നു തുറന്നുപറിച്ചില്‍.

സമാന്തരങ്ങള്‍ എന്ന സിനിമയ്ക്ക് മികച്ച നടന്‍, മികച്ച സംവിധായകന്‍, മികച്ച സിനിമ എന്നീ വിഭാഗങ്ങളില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ നല്‍കാന്‍ ജൂറി തീരുമാനിച്ചിരുന്നുവെങ്കിലും മലയാളിയായ ഒരു ജൂറി അംഗം എതിര്‍ത്തതോടെ തീരുമാനം മാറ്റിയതെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.

ബാലചന്ദ്രമേനോന്റെ വാക്കുകള്‍

ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ എനിക്കും സുരേഷ് ഗോപിയ്ക്കും മികച്ച നടനുള്ള പുരസ്‌കാരം. എല്ലാവരും അഭിനന്ദിച്ചുവെങ്കിലും എന്തോ എനിക്കത്ര ആവേശം തോന്നിയില്ല. പുരസ്‌കാരം വാങ്ങാന്‍ ഡല്‍ഹിയിലേക്ക് പോയപ്പോള്‍ അവിടെ റിഹേഴ്സലുണ്ട്. ജൂറി ചെയര്‍പേഴ്സണ്‍ സരോജ ദേവിയെ ഞാന്‍ അവിടെ വച്ചു കണ്ടു. സരോജ ദേവിയ്ക്ക് എന്നെ പരിചയപ്പെടുത്തിയപ്പോള്‍, അവര്‍ ആവേശത്തോടെ സംസാരിച്ചു. അവരുടെ കൂട്ടത്തിലൊരാള്‍ എന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് കണ്ടു.

എല്ലാവരും നടന്നുനീങ്ങിയപ്പോള്‍ അയാള്‍ എന്റെ കയ്യില്‍ പിടിച്ചു. ”ഞാന്‍ ദേവേന്ദ്ര ഖണ്ഡേവാലയാണ്. നിങ്ങള്‍ നന്നായി ചെയ്തു. എനിക്ക് നിങ്ങളോട് ഒരുകാര്യം പറയാനുണ്ട്. അശോക ഹോട്ടലിലാണ്. ഇതാണ് റൂം നമ്പര്‍ നിങ്ങള്‍ വരണം മനസ്സിലെ ഭാരം ഇറക്കിവയ്ക്കണം.”

പിറ്റേ ദിവസം ലിഫ്റ്റില്‍ വച്ച് ദേവേന്ദ്ര ഖണ്ഡേവാലയെ കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹം പറഞ്ഞു, താന്‍ നേരത്തേ സൂചിപ്പിച്ച കാര്യം തുറന്ന് പറയാന്‍ ആഗ്രഹിക്കുന്നുവെന്ന്. അദ്ദേഹം പറഞ്ഞു, ”സമാന്തരങ്ങള്‍ ജൂറിയെ വിസ്മയിപ്പിച്ചു. ബാലചന്ദ്രമേനോന്‍, മികച്ച നടനും സംവിധായകനും മികച്ച സിനിമയ്ക്കുമുള്ള പുരസ്‌കാരം നിങ്ങളുടെ സമാന്തരങ്ങള്‍ക്കായിരുന്നു എന്നാല്‍ അതിലൊരാള്‍ എതിര്‍ത്തു. അതൊരു മലയാളി തന്നെയായിരുന്നു എന്നതാണ് അത്ഭുതം”. അതാരാണെന്ന് ഞാന്‍ പറയുന്നില്ല. ശരിക്കും ഞെട്ടിക്കുന്ന ഒരു വിവരമായിരുന്നു അത്. കേന്ദ്രത്തില്‍ മികച്ച നടനായ ഞാന്‍ കേരളത്തില്‍ ഒന്നുമല്ലാതായി.