അങ്ങനെ പറഞ്ഞത് ഒട്ടും ശരിയല്ല, വനിതാ താരങ്ങള്‍ പാവകളല്ല: മണിയന്‍ പിള്ള രാജുവിന് എതിരെ ബാബുരാജ്

വിജയ് ബാബു വിഷയവുമായി ബന്ധപ്പെട്ട് അമ്മയുടെ വൈസ് പ്രസിഡ്#റ് മണിയന്‍പിള്ള രാജു നടത്തിയ പരാമര്‍ശം വിവാദമാവുകയാണ്. ഇപ്പോഴിതാ മണിയന്‍ പിള്ള രാജുവിനെതിരെ അമ്മയുടെ എക്‌സിക്യൂട്ടിവ് അംഗമായ ബാബുരാജ് രംഗത്ത് വന്നിരിക്കുകയാണ്. അമ്മയിലെ വനിതാ താരങ്ങളുടെ പരാതി കേള്‍ക്കാനാണ് ആഭ്യന്തര പരാതി പരിഹാര സമിതിയുള്ളത്. സ്ത്രീകള്‍ക്ക് മറ്റൊരു സംഘടനയുണ്ടല്ലോ അവിടെ പോയി പരാതി പറയണം എന്ന് വൈസ് പ്രസിഡിന്റ് മണിയന്‍പിള്ള രാജു പറഞ്ഞതിന്റെ ഉദ്ദേശം എന്താണെന്ന് മനസ്സിലായില്ലെന്ന് അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

‘അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് മാല പാര്‍വതി രാജിവച്ചതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. കാരണം അമ്മയിലെ വനിതാ താരങ്ങള്‍ പാവകളല്ല അവര്‍ പ്രതികരണശേഷി ഉള്ളവരാണെന് സമൂഹത്തിനെ മനസ്സിലാക്കിക്കൊടുക്കാന്‍ കഴിഞ്ഞു. സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ വേറെ സംഘടനയുണ്ടല്ലോ അവിടെ പോയി പരാതി പറയട്ടെ എന്ന് മണിയന്‍ പിള്ള രാജു പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല. അദ്ദേഹം ഉദേശിച്ചത് ഡബ്ല്യുസിസിയെ ആണെങ്കില്‍ പറഞ്ഞത് തെറ്റായിപ്പോയി.

അവരോടു മറ്റൊരു സംഘടനയില്‍ പോയി പരാതി പറയണം എന്നുപറഞ്ഞതിന്റെ അര്‍ഥം എന്താണെന്നു മനസിലാകുന്നില്ല. അദ്ദേഹത്തിന്റെ പ്രസ്താവനയോട് വൈസ് പ്രസിഡന്റായ ശ്വേത ഉള്‍പ്പടെ മറ്റുള്ള വനിതകള്‍ക്കും അമര്‍ഷമുണ്ടാകും. അവരൊന്നും പാവകളല്ല. എല്ലാ കാര്യത്തിലും വ്യക്തമായ അഭിപ്രായവും തീരുമാനങ്ങളും ഉള്ളവരാണ്.

ലെറ്ററില്‍ വിജയ് ബാബു മാറി നില്‍ക്കുന്നു എന്ന് മാത്രമേ വന്നുളൂ അതാണ് എല്ലാവരെയും ചൊടിപ്പിച്ചത്. അത് എഴുത്തുകുത്തില്‍ വന്ന പിശക് മാത്രമാണ്. സ്ത്രീകള്‍ക്കെതിരെ വരുന്ന എന്ത് പ്രശ്‌നങ്ങളിലും അമ്മ അവരോടൊപ്പം ഒറ്റക്കെട്ടായി നില്‍ക്കും അവര്‍ മറ്റൊരിടത്ത് പോയി പരാതി പറയണം എന്ന് ഒരിക്കലും പറയില്ല. മണിയന്‍പിള്ള രാജു അങ്ങനെ പറഞ്ഞത് തെറ്റായിപ്പോയി ബാബുരാജ് കൂട്ടിച്ചേര്‍ത്തു.