അത് എന്റെ ആഗ്രഹമായിരുന്നു; അങ്ങനെയാണ് ഞാൻ ലിയോയിൽ എത്തിയത്; വെളിപ്പെടുത്തലുമായി അനുരാഗ് കശ്യപ്

ലോകേഷ് കനകരാജ്- വിജയ് ചിത്രം ലിയോ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ചിത്രത്തിന് ലഭിച്ച പ്രീ റിലീസ് ഹൈപ്പുകൾ എല്ലാം തന്നെ ശരി വെക്കുന്നതാണ് ഇപ്പോൾ ചിത്രത്തിന് കിട്ടികൊണ്ടിരിക്കുന്ന പോസിറ്റീവ് റിവ്യൂസ്. പ്രേക്ഷക- നിരൂപക പ്രശംസകൾ നേടുന്നതിനൊപ്പം മികച്ച കളക്ഷൻ റെക്കോർഡുകൾ കൂടിയാണ് ലിയോ സൃഷ്ടിക്കുന്നത്.

ഒരുപിടി മികച്ച താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ, ബാബു ആന്റണി, മഡോണ സെബാസ്റ്റ്യൻ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ് തുടങ്ങീ നിരവധി താരങ്ങൾ  ചിത്രത്തിലുണ്ട്.

കൂടാതെ ബോളിവുഡ് സംവിധായകൻ അനുരാഗ കശ്യപും ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലെത്തുന്നുണ്ട്. അനുരാഗ് കശ്യപിന്റെ കഥാപാത്രം പ്രേക്ഷകർക്ക് ഒരു സർപ്രൈസ് തന്നെയായിരുന്നു.

Image

ലിയോയിലേക്ക് എങ്ങനെയാണ്  എത്തിയത്  എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ അനുരാഗ് കശ്യപ്. “ലോകേഷ് കനകരാജിന്റെ ഒരു സിനിമയില്‍ മരണരംഗം ചെയ്യണം എന്ന് ആഗ്രഹമുണ്ട് എന്ന് ചെന്നൈയില്‍ ഒരു അഭിമുഖത്തില്‍ വെച്ച് ഞാൻ പറഞ്ഞിരുന്നു. അത് കണ്ടിട്ടാകണം ലോകേഷ് കനകരാജ് എന്നെ വിളിച്ചത്. പറഞ്ഞത് തമാശയോണോ എന്ന് ചോദിച്ചു. അല്ലെന്ന് ഞാൻ മറുപടി നല്‍കി. അങ്ങനെ ഒരു ചെറിയ മരണരംഗം സിനിമയില്‍ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിളിച്ചത് അതിനാണെന്നും ലോകേഷ് പറഞ്ഞു.

ചെറുതെങ്കിലും എനിക്കത് മികച്ച വേഷമാണ്. മൂന്ന് മണിക്കുറിനുള്ളിൽ അവരത് പൂർത്തിയാക്കി. നല്ല രീതിയിലാണ് അവര്‍ എന്നെ പരിഗണിച്ചത്. വിജയ്‍യും, ലോകേഷും മറ്റുള്ളവരും ആ രംഗം ചിത്രീകരിക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നു. നല്ല അനുഭവമായിരുന്നു അത്.” ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനുരാഗ് കശ്യപ് പറയുന്നു.

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ പുതുചരിത്രമാണ് ഓപ്പണിംഗ് ഡേ കളക്ഷനില്‍ ലിയോ കുറിച്ചത്. 148.5 കോടി കളക്ഷനാണ് ചിത്രം റിലീസ് ചെയ്ത ആദ്യ ദിനം തന്നെ നേടിയത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. ഇതോടെ 2023ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ തന്നെ ആദ്യ ദിന കലക്ഷനില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് ലിയോ. ഇതുവരെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നത് ഷാരുഖിന്റെ ജവാന്‍, പഠാന്‍ എന്നീ ചിത്രങ്ങളാണ്. പഠാന്‍ 106 കോടിയും ജവാന്‍ 129 കോടിയുമാണ് ആദ്യദിനം നേടിയത്