ആക്ഷൻ പറഞ്ഞതിന് ശേഷം മമ്മൂക്കയുടെ കണ്ണിലെ തിളക്കമെല്ലാം പോയി, എനിക്കറിയില്ല അവിടെ എന്താ സംഭവിച്ചതെന്ന്; 'കാതൽ' അനുഭവം പങ്കുവെച്ച് അനഘ രവി

ജിയോ ബേബി- മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ‘കാതൽ’ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് കാതലിലെ മാത്യു ദേവസി എന്ന കഥാപാത്രത്തെ പ്രേക്ഷകർ നോക്കി കാണുന്നത്.

മമ്മൂട്ടി മാത്രമല്ല സിനിമയിലെ എല്ലാ കഥാപാത്രങ്ങളും മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. ചിത്രത്തിൽ ഫെമി മാത്യു എന്ന മമ്മൂട്ടിയുടെ മകളായി അഭിനയിച്ച അനഘ രവിയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം നിരവധി പ്രശംസകളാണ് അനഘയെ തേടിയെത്തുന്നത്.

ഇപ്പോഴിതാ കാതൽ എന്ന ചിത്രത്തിലെ അനുഭവങ്ങളും മമ്മൂട്ടി എന്ന നടന്റെ കൂടെ അഭിനയിക്കാൻ സാധിച്ചതിനെ പറ്റിയും സംസാരിക്കുകയാണ് അനഘ രവി. മമ്മൂട്ടിയുമായുള്ള ആദ്യ ഇന്ററാക്ഷൻ ഷോട്ട് തനിക്ക് ഭയങ്കര സ്പെഷ്യലാണ് എന്നാണ് അനഘ പറയുന്നത്. ആക്ഷൻ പറഞ്ഞതിന് ശേഷം മുൻപ് കണ്ട ആളെയല്ല പിന്നെ കാണാൻ കഴിഞ്ഞതെന്നും പൂർണമായും കഥാപാത്രമായി മമ്മൂട്ടി മാറി എന്നുമാണ് അനഘ പറയുന്നത്.

“മമ്മൂക്ക ലൊക്കേഷനിലുള്ള എല്ലാ സമയവും എനിക്ക് നല്ല ഓർമ്മകളാണ്. മൊത്തം സെറ്റ് തന്നെ ഓരോ മെമ്മറികളാണ് തന്നുകൊണ്ടിരുന്നത്. മമ്മൂക്കയുമായിട്ടുള്ള ഏറ്റവും നല്ല മെമ്മറി ആദ്യ ഷോട്ടായിരുന്നു. ആദ്യത്തെ ഇന്ററാക്ഷൻ ഷോട്ട് എനിക്ക് ഭയങ്കര സ്പെഷ്യലാണ്. അതൊരു മാജിക്കൽ മൊമെന്റ് ആയിരുന്നു. ഷോട്ടിനുവേണ്ടി ഇറങ്ങുന്നതിനു മുമ്പ് കാരവനിൽ ചിന്നു ആയിട്ട് സംസാരിച്ചിരുന്നു. ചിന്നുവിൻ്റെ ഫസ്റ്റ് ഇന്ററാക്ഷൻ ഷോട്ട് കഴിഞ്ഞിട്ട് വരികയാണ്. ആൾ കുഴപ്പമില്ല നമ്മളെ കംഫർട്ടബിൾ ആക്കി തരും എന്നൊക്കെ ചിന്നു പറഞ്ഞു.

ഞാനവിടെ വരുമ്പോൾ എങ്ങനെ ആയിരിക്കും എന്നുള്ള ടെൻഷൻ എനിക്കുണ്ടായിരുന്നു. വന്നിരുന്നതിനു ശേഷം ഞാനെൻ്റെ ഡയലോഗ് ഓർത്തിരിക്കുകയാണ്. എല്ലാവരും മമ്മൂക്കയെ കണ്ടപ്പോൾ എഴുന്നേറ്റു. എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല. ഞാൻ പെട്ടെന്ന് നോക്കുന്നു ആൾ അവിടെ ഇരിക്കുന്നു. ഞാൻ വിചാരിക്കുന്നത് എന്താ എഴുന്നേൽക്കാത്തത് എന്ന രീതിയിൽ എല്ലാവരും എന്നെ നോക്കുന്നുണ്ട് എന്നാണ്. അപ്പോൾ ഞാൻ ഭയങ്കര ടെൻഷൻ ആയിട്ട് ഇങ്ങനെ ഇരിക്കുകയാണ്. പെട്ടെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ എന്തോ ഒരു കാര്യം ഫോണിൽ കാണിച്ചു തരുന്നുണ്ട്. അപ്പോൾ ഞാൻ അദ്ദേഹത്തോട് ഒരു സംഭാഷണത്തിന് തയ്യാറായില്ലായിരുന്നു

ആക്ഷൻ പറഞ്ഞപ്പോൾ എനിക്ക് അദ്ദേഹത്തെ തിരിഞ്ഞു നോക്കണ്ട. കാരണം ആദ്യം മമ്മൂക്കയുടെ ഡയലോഗ് ആണ്. അതുകഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ മുമ്പ് കണ്ടിരുന്ന കണ്ണിൻറെൻ്റെ തിളക്കമല്ല, എല്ലാം മൊത്തത്തിൽ മാറി. അവിടെ ഞാൻ സ്റ്റക്ക് ആയിട്ടില്ല എനിക്കും ആ ഫ്ലോയിലോട്ട് കേറാൻ പറ്റി.

എനിക്കറിയില്ല അവിടെ എന്താ സംഭവിച്ചത്. അദ്ദേഹം അങ്ങനെ റിയാക്ഷൻ തരുമ്പോൾ എനിക്ക് അവിടെ അത്ഭുതപ്പെട്ടിരുന്നു പോകാം. പക്ഷേ ഞാനും ഒരു ആക്ടർ ആയതുകൊണ്ട് ഞാൻ അതേപോലെതന്നെ അദ്ദേഹത്തിന് തിരിച്ചു കൊടുത്തു എന്നേയുള്ളൂ. ആ ഒരു ഷോട്ട് എനിക്ക് നന്നായിട്ട് പെർഫോം ചെയ്യാൻ പറ്റി. എൻ്റെ അച്ഛൻ എന്നൊരു ഫീൽ തന്നെ അദ്ദേഹം എനിക്ക് തന്നു.” കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അനഘ രവി കാതൽ സിനിമയിലെ അനുഭവങ്ങൾ പങ്കുവെച്ചത്.