എന്ത്? അതൊന്ന് കൂടി പ്ലേ ചെയ്‌തേ, എന്ന് ഞാന്‍ പറയുകയായിരുന്നു, പൃഥ്വിയെ കണ്ടിട്ട് മനസിലായില്ല: അമല പോള്‍

‘ആടുജീവിതം’ സിനിമയുടെ ടീസര്‍ കണ്ടപ്പോള്‍ പൃഥ്വിരാജിനെ തനിക്ക് മനസിലായില്ലെന്ന് അമല പോള്‍. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് അമല സംസാരിച്ചത്. ഡബ്ബിംഗ് ചെയ്യാന്‍ പോയപ്പോള്‍ അത് ഏതാ നടന്‍ എന്നാണ് താന്‍ ചോദിച്ചത്, പൃഥ്വിയാണെന്ന് അറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ സാധിച്ചില്ല എന്നാണ് അമല പോള്‍ പറയുന്നത്.

”ആടുജീവിതത്തിന്റെ ഹണിമൂണ്‍ ഘട്ടത്തിലുണ്ടായ ആളാണ് ഞാന്‍. ആടുജീവിതത്തിന്റെ നല്ല ഭാഗത്ത്, പച്ചപ്പും ശാന്തതയും നിറഞ്ഞ ഭാഗത്താണ് ഞാന്‍ ഉള്ളത്. എല്ലാവരും ഒരു മേജര്‍ ട്രാന്‍സ്‌ഫൊമേഷനിലൂടെയാണ് പോയത്. ഇപ്പോള്‍ ഇവര്‍ ഇരിക്കുന്നതു പോലെ വളരെ പുഷ്ടിപ്പെട്ട്, വളരെ ഹാപ്പി ആയാണ് ഞാന്‍ ഇവരെ കേരള ഷെഡ്യൂളില്‍ കണ്ടത്.”

”അതിന് ശേഷം ഞാന്‍ ബ്ലെസിയേട്ടനെ കണ്ടപ്പോള്‍ വളരെ വീക്ക് ആയി, മോശം ആരോഗ്യവസ്ഥയില്‍ ആയിരുന്നു. ഞാന്‍ അതിനെ കുറിച്ച് സംസാരിക്കുകയുണ്ടായി, ബോഡി അത്ര വീക്ക് ആയിരുന്നെങ്കിലും ഡയറ്റ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നെങ്കിലും അദ്ദേഹം സിനിമയെ കുറിച്ച് മാത്രമാണ് സംസാരിച്ച് കൊണ്ടിരുന്നത്.”

”പിന്നെ ബ്ലെസിയേട്ടനെ കണ്ടപ്പോള്‍, നജീബ് ഇല്ലാതെയുള്ള സൈനുവിന്റെ ജീവിതം, സൈനു എന്തൊക്കെയാകും അനുഭവിച്ചിട്ടുണ്ടാവുക, അതിനെ കുറിച്ചൊക്കെ സംസാരിക്കുമായിരുന്നു. 2021ല്‍ ഡബ്ബ് ചെയ്യാന്‍ വേണ്ടി ഞാന്‍ സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍, ഒരു ടീസര്‍ കണ്ടു. അതിലെ പൃഥ്വിരാജിനെ എനിക്ക് മനസിലായില്ല.”

”ആ നടന്‍ ആരാണെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, അത് പൃഥ്വിയാണെന്ന് പറഞ്ഞു. എന്ത്? അതൊന്ന് കൂടി പ്ലേ ചെയ് എന്ന് ഞാന്‍ പറഞ്ഞു. ഈ പ്രോജക്ടിന്റെ ഭാഗമായത് എനിക്ക് ലഭിച്ച അനുഗ്രഹമാണ്” എന്നാണ് അമല പോള്‍ പറഞ്ഞത്. അതേസമയം, ആടുജീവിതത്തിനായി പൃഥ്വിരാജ് നടത്തിയ ബോഡി ട്രാന്‍സ്‌ഫൊമേഷന്‍ സിനിമയുടെ തുടക്കം മുതലേ ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു.

30 കിലോയോളം ഭാരം പൃഥ്വി സിനിമയ്ക്കായി കുറിച്ചിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളിലെയും ട്രെയ്‌ലറിലെയും ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രഭാസ് അടക്കമുള്ള താരങ്ങളും പൃഥ്വിരാജിന്റെ ട്രാന്‍സ്‌ഫൊമേഷന്‍ കണ്ട് പ്രശംസകളുമായി രംഗത്തെത്തിയിരുന്നു.