ഒരു നടൻ എന്ന നിലയിൽ വളരെ കുറച്ച് സിനിമകളിൽ എക്സ്പ്ലോർ ചെയ്ത താരമാണ് പൃഥ്വിരാജ്: അമല പോൾ

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി ആടുജീവിതമൊരുക്കുമ്പോൾ വലിയ പ്രതീക്ഷയോടു കൂടിയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്.
കൂടാതെ ആടുജീവിതം മലയാളത്തിലെ വരാനിരിക്കുന്ന ഏറ്റവും വലിയ ചിത്രങ്ങളിലൊന്ന് കൂടിയാണ്.

മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

Image

ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് ആടുജീവിതം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും പൃഥ്വിയെ കുറിച്ചും സംസാരിക്കുകയാണ് അമല പോൾ.

വളരെ കഴിവുള്ള നടനാണെങ്കിലും ഒരു നടൻ എന്ന നിലയിൽ വളരെ കുറച്ച് സിനിമകളിൽ മാത്രമേ പൃഥ്വി എക്‌സ്പ്ലോർ ചെയ്തിട്ടൊളളൂ എന്നാണ് അമല പോൾ പറയുന്നത്. കൂടാതെ പൃഥ്വി എന്നത് തനിക്ക് നജീബ് ആണെന്നും അത് കഴിഞ്ഞാണ് പൃഥ്വിരാജ് എന്ന താരം വരുന്നതെന്നും അമല പോൾ പറഞ്ഞു.

“നല്ല കഴിവുള്ള നടനാണ് പൃഥ്വി. എന്നാൽ വളരെ കുറച്ച് സിനിമകൾ മാത്രമേ ഒരു നടൻ എന്ന നിലയിൽ അത് എക്‌സ്പ്ലോർ ചെയ്‌തിട്ടുള്ളൂ. പൃഥ്വിയുടെ കൂടെയുള്ള എൻ്റെ ആദ്യത്തെ സിനിമയാണ് ആടുജീവിതം. പൃഥ്വി എനിക്ക് നജീബാണ് ആദ്യം. അതുകഴിഞ്ഞേയുള്ളൂ പൃഥ്വി. ആടുജീവിതത്തിലുള്ളത് നജീബാണ്.

ഷൂട്ട് തുടങ്ങിയപ്പോൾ തൊട്ട് ഞാൻ കാണുന്നത് നജീബിനെയാണ്. എനിക്കിപ്പോഴും പൃഥ്വി നജീബാണ്. ഞാൻ വളരെ കുറച്ച് ഷെഡ്യൂളിലെ പൃഥ്വിയെ കണ്ടിട്ടുള്ളൂ. ബാക്കി ഷെഡ്യൂളിൽ കൂടെ കണ്ടിരുന്നെങ്കിൽ അത് പൂർണമായി നജീബായെന്ന് തോന്നുമായിരുന്നു.” എന്നാണ് ആടുജീവിതം ഓഡിയോ ലോഞ്ചിനിടെ അമല പോൾ പറഞ്ഞത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.