ദാമ്പത്യ ജീവിതത്തിൽ ചിലതൊക്കെ രഹസ്യമാക്കി വെക്കണം, അതൊന്നും ഞങ്ങൾ പരസ്പരം ചർച്ച ചെയ്യാറില്ല : അക്ഷയ് കുമാർ

വിവാദങ്ങൾ കൊണ്ടും രാഷ്ട്രീയ നിലപാടുകൾ കൊണ്ടും സമ്പന്നമാണ് നടൻ അക്ഷയ് കുമാറിന്റെ സിനിമ ജീവിതം. അതുകൊണ്ടുതന്നെ വാർത്തകളുടെ തലക്കെട്ടുകളിൽ എപ്പോഴും നിറഞ്ഞുനിൽക്കുന്ന താരം കൂടിയാണ് അക്ഷയ് കുമാർ.

ഇപ്പോഴിതാ തന്റെയും ഭാര്യ ട്വിങ്കിൾ ഖന്നയുടെയും രാഷ്ട്രീയ കാഴ്ചപ്പാടുകൾ വ്യത്യസ്തമാണെന്ന് പറഞ്ഞിരിക്കുകയാണ് അക്ഷയ് കുമാർ. 2001 ജനുവരി 17 നായിരുന്നു അക്ഷയ് കുമാറിനെറ്റയും ട്വിങ്കിൾ ഖന്നയുടെയും വിവാഹം.

“എന്റെയും ഭാര്യ ട്വിങ്കിൾ ഖന്നയുടെയും രാഷ്ട്രീയം വ്യത്യസ്തമാണ്. തങ്ങളുടെ കാഴ്ചപാടുകൾ പരസ്പരം അടിച്ചേൽപ്പിക്കാറില്ല. അതുപോലെ പരസ്പരം ചർച്ച ചെയ്യാറുമില്ല. കാരണം അതിനെ കുറിച്ച് സംസാരിക്കുന്നതിൽ പ്രത്യേകിച്ച് അർത്ഥമില്ലെന്ന് അറിയാം. സന്തോഷകരമായ കുടുംബ ജീവിതം നായിക്കുന്നതിന് ദമ്പതിമാർ പരസ്പരം ഒന്നും ഒളിച്ചുവെക്കരുതെന്ന് പറയാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ ചിലതൊക്കെ രഹസ്യമാക്കി വെക്കണം. അത് വളരെ പ്രധാനമാണെന്ന് ഞാൻ പറയും. എല്ലാവരും സന്തോഷത്തോടെ ജീവിക്കൂ.” ദേശീയ മാധ്യമമായ എ. എൻ. ഐക്ക് നൽകിയ അഭിമുഖത്തിലാണ് അക്ഷയ് കുമാർ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ടിനു സുരേഷ് സംവിധാനം ചെയ്ത ‘മിഷൻ റാണിഗഞ്ച്: ദി ഗ്രേറ്റ് ഭാരത് റെസ്ക്യു’ ആണ് അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പേരിലുള്ള ‘ഇന്ത്യ’ എന്നത് ഭാരത് എന്നാക്കി മാറ്റിയത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.