ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്ത ശേഷം സോപ്പിട്ട് കുളിക്കാനായില്ല.. ചൊറിയോ പനിയോ ഉണ്ടായിട്ടില്ല, ആരും ഇങ്ങോട്ട് കേറി ചൊറിയണ്ട: ശ്രീക്കുട്ടി

മഹാകുംഭ മേളയില്‍ പങ്കെടുത്ത് പുണ്യ സ്‌നാനം ചെയ്തതിനെ വിമര്‍ശിച്ചെത്തിയവര്‍ക്ക് മറുപടിയുമായി സിനിമാ-സീരിയല്‍ താരം ശ്രീക്കുട്ടി. ഇതുവരെ തനിക്ക് ജലദോഷമോ, ചുമയോ, പനിയോ, ദേഹം ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ലെന്നും മോശം കമന്റ്‌സ് ഇടുന്നവര്‍ക്കാണ് യഥാര്‍ഥത്തില്‍ ചൊറിച്ചിലെന്നുമാണ് ശ്രീക്കുട്ടി പറയുന്നത്. ത്രിവേണി സംഗമത്തില്‍ സ്‌നാനം ചെയ്ത ശേഷം രണ്ട് ദിവസത്തേക്ക് സോപ്പിട്ട് കുളിക്കാനായില്ല. പക്ഷെ ഒരു കുഴപ്പവും പറ്റിയിട്ടില്ല. അവിടെ നിന്നും കൊണ്ടുവന്ന വെള്ളം മിനറല്‍ വാട്ടര്‍ പോലെയാണ് ഇരിക്കുന്നത് എന്നും ശ്രീക്കുട്ടി വീഡിയോയില്‍ പറഞ്ഞു.

ശ്രീക്കുട്ടിയുടെ വാക്കുകള്‍:

മഹാകുംഭ മേളയുടെ ഭാഗമാകാന്‍ എനിക്കും എന്റെ ഭര്‍ത്താവിനും കഴിഞ്ഞിരുന്നു. പോകാന്‍ പറ്റാത്തവരൊക്കെ ഞങ്ങള്‍ക്കൊപ്പം ആ യാത്രയില്‍ കൂടിയിട്ടുണ്ടായിരുന്നു. എന്നാല്‍ നൂറില്‍ അറുപത് ശതമാനം പേരും ഇതിനു എതിരായിരുന്നു. ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്. കൂടുതലും നെഗറ്റീവാണ്. ഇപ്പോഴും പലരും മെസേജുകള്‍ അയയ്ക്കുന്നുണ്ട്. അതുകൊണ്ട് എനിക്ക് അതിവിടെ പറയണമെന്ന് തോന്നി. കമന്റ് ചെയ്തവര്‍ ഈ വീഡിയോ കാണുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല. എന്നാലും കാണുന്നവര്‍ കുറച്ചു പേരെങ്കിലും ഉണ്ടാകും. ഞങ്ങള്‍ കുംഭമേളയില്‍ പോയി വന്നിട്ട് രണ്ടാഴ്ചയില്‍ കൂടുതല്‍ ആയി. ഞങ്ങള്‍ക്ക് ഇന്നുവരെ ഒരു ജലദോഷമോ, ചുമയോ, പനിയോ, ദേഹം ചൊറിച്ചിലോ ഒന്നും ഉണ്ടായിട്ടില്ല. ഈ കമന്റ്‌സ് ഇടുന്നവര്‍ ചൊറിയുന്നതല്ലാതെ ഞങ്ങള്‍ക്കൊരു ചൊറിച്ചിലോ കാര്യങ്ങളോ ഉണ്ടായിട്ടില്ല.

ഞങ്ങള്‍ അവിടെ ത്രിവേണി സംഗമത്തിലാണ് സ്‌നാനം ചെയ്തത്. അവിടെ സ്‌നാനം ചെയ്ത ദിവസം കുളിക്കാന്‍ പറ്റിയിരുന്നില്ല. കാരണം റൂം എടുത്തില്ലായിരുന്നു. രണ്ട് ദിവസം ഞങ്ങള്‍ സോപ്പ് ഉപയോഗിച്ച് കുളിച്ചിട്ടില്ല. വെറുതെ ഒന്ന് മുങ്ങിക്കുളിച്ചതേയുള്ളൂ. അതില്‍ കുളിച്ചിട്ട് ഇന്ന് വരെ ഞങ്ങള്‍ക്കൊരു കുഴപ്പവും പറ്റിയിട്ടില്ല എന്നതാണ് സത്യം. മുടിക്കോ ദേഹത്തിനോ മണമോ, ചൊറിച്ചിലോ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. പിന്നീട് വീട്ടില്‍ വന്ന ശേഷമാണ് മുടി വരെ കഴുകിയത്. പ്രയാഗ്രാജില്‍ നിന്നും കുറച്ച് വെള്ളം എടുത്തിരുന്നു. അപ്പോഴത് കുറച്ച് കലങ്ങിയിട്ടായിരുന്നു. ഇപ്പോഴത് തെളിഞ്ഞു. മിനറല്‍ വാട്ടര്‍ പോലെയാണ് ഇപ്പോഴുള്ളത്. ഈ വെള്ളം എന്റെ കുട്ടിക്കും, അടുത്തുള്ള വീട്ടിലുമൊക്കെ കൊടുത്തു, അവരും അത് തലയില്‍ ഒഴിച്ചു. അവര്‍ക്കാര്‍ക്കും ചൊറി വന്നിട്ടില്ല.

ഇത് കള്ളം പറയുന്നതൊന്നും അല്ല. ജാതിമത ഭേതമില്ലാതെ ആര്‍ക്ക് വേണമെങ്കിലും അവിടെ പോകാം. എന്തിനാണ്, എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെ മോശം കമന്റ് ചെയ്യുന്നത്. കോടിക്കണക്കിന് ആളുകള്‍ വന്നതല്ലേ. പാര്‍ട്ടിപരമായാണ് കൂടുതലും കമന്റ് വന്നിട്ടുള്ളത്. എനിക്ക് ഒരു പാര്‍ട്ടിയുമില്ല, ഞാന്‍ ദൈവ വിശ്വാസിയാണ്. ഇനി ഇതിലെ സയന്റിഫിക് കാര്യങ്ങള്‍ പറഞ്ഞുതരാം. ജുപ്പിറ്ററിന് ചുറ്റും സൂര്യനും ചന്ദ്രനും ചുറ്റുമ്പോള്‍ ഒരു പ്രത്യേക എനര്‍ജി ഉണ്ടാകും. ആ എനര്‍ജി ഈ വെള്ളത്തിലാണ് ചെന്ന് പതിക്കുന്നത്. അങ്ങനെയാണ് ആ വെള്ളത്തിന് ശക്തി ലഭിക്കുന്നത്. 63 കോടി ജനങ്ങളാണ് വന്നുപോയത്. ശുചിമുറികള്‍ തന്നെ ഇഷ്ടംപോലെ അവിടെ ഉണ്ട്. നമ്മള്‍ തന്നെ വൃത്തികേടാക്കുന്ന സാഹചര്യം മാത്രമാണ് അവിടെയുള്ളത്. ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുന്നുമുണ്ട്.

നിങ്ങള്‍ എന്തിനാണ് അധിക്ഷേപിക്കുന്നതെന്ന് മലസിലാകുന്നില്ല. ഇങ്ങോട്ടു കേറി ചൊറിയണ്ട, എനിക്ക് ചൊറി വന്നാല്‍ ഞാന്‍ സഹിച്ചു. നിങ്ങള്‍ എന്തിന് അതോര്‍ത്തു വിഷമിക്കുന്നു. കുംഭമേളയില്‍ പോയതുകൊണ്ട് ഞാന്‍ നാടിന്റെ ശാപമാണത്രേ, അങ്ങനെ എന്തെല്ലാം രീതിയിലുള്ള മേശം രീതിയിലുള്ള കമന്റ്‌സാണ്. സാധാരണ വീഡിയോസിന് വരുന്ന കമന്റ്‌സ് പോലെയല്ല. എല്ലാം നല്ല രീതിയിലാണ് അവിടെ ഒരുക്കിയിട്ടുള്ളത്. ആര്‍ക്ക് വേണമെങ്കിലും അവിടെ പോയി മുങ്ങി കുളിക്കാം. ഇത് നമുക്ക് കിട്ടിയ ഭാഗ്യമാണ്. ഞങ്ങള്‍ കാറില്‍ ഡ്രൈവ് ചെയ്ത് കിലോമീറ്ററുകള്‍ താണ്ടിയാണ് അവിടെയെത്തിയത്. 5000 കിലോമീറ്ററോളം സഞ്ചരിച്ചു. റൂം കിട്ടിയില്ല എന്നത് ബുദ്ധിമുട്ടിച്ചു. നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും ഒന്നുമല്ല. അവിടെ പോയി അനുഭവിക്കണം. ഇനി അടുത്ത 144 വര്‍ഷം കഴിഞ്ഞാലാണ് അടുത്ത മഹാകുംഭ മേള വരുകയുള്ളൂ. നമ്മുടെ തലമുറയ്ക്ക് കിട്ടിയ ഭാഗ്യമാണിത്.

Read more