ഇത്തരം മനുഷ്യരോടാണ് നമ്മള്‍ പാപങ്ങള്‍ ഏറ്റുപറയാന്‍ പോകുന്നത്..; അനുഭവം പങ്കുവെച്ച് നടി മഞ്ജു സുനിച്ചന്‍

സിസ്റ്റര്‍ അഭയ കേസിന്റെ വിധിയുടെ പശ്ചാത്തലത്തില്‍ നടി മഞ്ജു സുനിച്ചന്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്ത് ധ്യാന യോഗത്തിന് ശേഷം നോട്ട് പൈസ നേര്‍ച്ചയിടാന്‍ പറഞ്ഞ അച്ചനെ കുറിച്ച് പറഞ്ഞാണ് മഞ്ജുവിന്റെ കുറിപ്പ് ആരംഭിക്കുന്നത്. തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടിയോ ആകില്ലെന്നും സന്യാസം എന്നത് മനസിലാക്കാത്തിടത്തോളം എന്തോ വസ്ത്രം ധരിച്ചിരിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ് അവരെന്നും മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മഞ്ജു സുനിച്ചന്റെ കുറിപ്പ്:

ധ്യാന യോഗത്തിനു ശേഷം നിങ്ങള്‍ ഒച്ചയുണ്ടാക്കാത്ത പൈസ നേര്‍ച്ചയിടാന്‍ പറഞ്ഞ (നോട്ട്) ഒരു അച്ഛനെ ഞാന്‍ ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ കണ്ടിട്ടുണ്ട്. എന്റെ ചെറിയ പ്രായത്തില്‍ പോലും ഞാന്‍ അന്ന് ഞെട്ടി. കാരണം എന്റെ കൈവെള്ളയില്‍ നേര്‍ച്ചയിടാന്‍ ചുരുട്ടി വെച്ചിരുന്നത് വീട്ടില്‍ നിന്ന് തന്നുവിട്ട 50 പൈസയാണ്.. ഇന്നിപ്പോള്‍ ആ ഞെട്ടലില്‍ ഒരു കാര്യവുമില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു..

തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടിയോ ആകില്ല. അതൊരു സന്യാസം ആണ്.. അത് മനസിലാക്കാത്തിടത്തോളം അവര്‍ എന്തോ വസ്ത്രം ധരിച്ചിരിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ്..

തീരെ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത നല്ല ഒരു ജോലി പോലും പറയാനില്ലാത്ത ഒരു സാധാരണ മനുഷ്യനേക്കാള്‍ താഴെ നില്‍ക്കുന്ന മനുഷ്യര്‍.. ഇത്തരം മനുഷ്യരോടാണ് നമ്മള്‍ നമ്മുടെ കുഞ്ഞുകുഞ്ഞു പാപങ്ങള്‍ ഏറ്റു പറയാന്‍ പോകുന്നത്.. എന്തൊരു വിരോധാഭാസം അല്ലെ.. രാജു ചേട്ടന്‍ മുത്താണ്.