'വില കുറയ്ക്കാനായി പിന്നെയും ഞാന്‍ ആസ്വദിച്ചു തര്‍ക്കിച്ചു, കടക്കാരന്‍ ആട്ടിയിറക്കി വിട്ടു'

കൈയില്‍ മദ്യക്കുപ്പിയും ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി വ്യത്യസ്ത ഗെറ്റപ്പിലാണ് “ആര്‍ട്ടിക്കിള്‍ 21″ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ നടി ലെന പ്രത്യക്ഷപ്പെട്ടത്. താമര എന്ന കഥാപാത്രമായാണ് ലെന ചിത്രത്തില്‍ വേഷമിടുന്നത്. മേക്കപ്പ് ചെയ്ത് താമരയായി മാറിയതിന് ശേഷം കൊച്ചി ബ്രോഡ്‌വേയില്‍ ഹിഡന്‍ ക്യാമറ വച്ചെടുത്ത രംഗങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ലെന. താമരയുടെ ലുക്കില്‍ ഒരു കടയില്‍ കയറിയപ്പോള്‍ കടക്കാരന്‍ ആട്ടിയിറക്കി വിട്ടതിനെ കുറിച്ചും ലെന പറയുന്നു.

“”ശരിക്കും ആഹ്ലാദമായിരുന്നു. എനിക്ക് എന്നെത്തന്നെ തിരിച്ചറിയാന്‍ പറ്റുന്നില്ലല്ലോ എന്നു തോന്നിപ്പോയി. ഈ കഥാപാത്രത്തിനു വേണ്ടി ശരീരഭാരം കുറച്ചതും ഗുണമായി. പുറത്തിറങ്ങിയാല്‍ പോലും ആരും തിരിച്ചറിയുന്നില്ല. എവിടെയും സ്വതന്ത്രമായി നടക്കാം. യഥാര്‍ഥത്തില്‍ ഞാന്‍ അദൃശ്യയായി മാറിയതു പോലെ. കൊച്ചി ബ്രോഡ്വേയില്‍ ഹിഡന്‍ ക്യാമറയൊക്കെ വച്ചു ചില രംഗങ്ങളെടുത്തു. ഞാന്‍ അവിടെ ചെന്നിട്ട് ആരും തിരിച്ചറിയുന്നില്ല. റോഡരികില്‍ കൂട്ടിയിട്ടു വില്‍ക്കുന്ന സാരികള്‍ കയ്യില്‍ തന്നിട്ടു കച്ചവടക്കാരന്‍ പറയുകയാണ്. “100 രൂപയേ ഉള്ളൂ.. സാരി എടുത്തോ..” വില കുറയ്ക്കാനായി പിന്നെയും ഞാന്‍ ആസ്വദിച്ചു തര്‍ക്കിച്ചു. ഒരു കടയില്‍ കയറിയപ്പോള്‍ കടക്കാരന്‍ ആട്ടിയിറക്കി വിട്ടു”” എന്ന് ലെന ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

വാക്ക് വിത്ത് സിനിമ പ്രസന്‍സിന്റെ ബാനറില്‍ ജോസഫ് ധനൂപും പ്രസീനയും നിര്‍മ്മിച്ച് ലെനിന്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ആര്‍ട്ടിക്കിള്‍ 21. ജോജു ജോര്‍ജ്, ലെന, അജു വര്‍ഗ്ഗീസ്, ബിനീഷ് കോടിയേരി, മാസ്റ്റര്‍ ലെസ്വിന്‍, മാസ്റ്റര്‍ നന്ദന്‍ രാജേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.