'ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്, വെറുതെ ജീവനോടെയിരിക്കുക എന്നല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്': ലെന

മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരുടെ മനംകവര്‍ന്ന നടിയാണ് ലെന. നടിയുടെ പുതിയ ചിത്രം ആര്‍ട്ടിക്കിള്‍ 21ലെ മേക്കോവര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. തെരുവില്‍ ആക്രി പെറുക്കി ജീവിക്കുന്ന താമര എന്ന കഥാപാത്രമായിട്ടാണ് ലെന ചിത്രത്തില്‍ എത്തുന്നത്. ഇപ്പോഴിതാ ആര്‍ട്ടിക്കിള്‍ 21 പങ്കുവെയ്ക്കുന്ന ആശയത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടി.

ഈ സിനിമ എനിക്ക് ശരിക്കും ഒരു ഐ ഓപ്പണറായിരുന്നു. താമരയുടെ മേക്കോവറില്‍ അദൃശ്യയായ ഫീലായിരുന്നുവെന്ന് പറഞ്ഞില്ലേ. ശരിക്കും താമരയെ പോലെ നമുക്കും ചുറ്റും ജീവിച്ചിട്ടും നമ്മള്‍ കാണാതെ പോകുന്നവരെ കുറിച്ചാണ് ഈ സിനിമ. അവരുടെ ജീവിതമാണ് പറയുന്നത്. ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്.

വെറുതെ ജീവനോടെയിരിക്കുക എന്നല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് പറയുന്ന ആര്‍ട്ടിക്കിളാണ് 21. ഇതേ വിഷയം തന്നെയാണ് സിനിമയും ചര്‍ച്ച ചെയ്യുന്നത്. മനോരമയുമായുള്ള അഭിമുഖത്തില്‍ ലെന വ്യക്തമാക്കി.