'അദ്ദേഹത്തിന്റെ മുഖത്ത് നോക്കിയ മതി സീൻ നന്നായോ ഇല്ലയോ എന്ന് അറിയാൻ'; മണിയൻപിള്ള രാജു

മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകനാണ് ജോഷിയെന്ന് മണിയൻപിള്ള രാജു. കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടയ്ക്കാണ് അ​ദ്ദേഹം ജോഷിയെ കുറിച്ച് സംസാരിച്ചത്. എത്ര ടെക്നിക്കും പുതിയ സംവിധായകരും വന്നാലും അദ്ദേഹത്തിന്റെ സംവിധാനത്തിൻ്റെ അത്ര വരില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.

വലിയ ശബ്ദവും ദേഷ്യവുമൊക്കെ ഉണ്ടങ്കിലും മനസ്സുകൊണ്ട് ലോലനായ വ്യക്തിയാണ് ജോഷി സാറ്. ഒരു സീൻ അഭിനയിച്ച് കഴിഞ്ഞ് അത് നന്നായോ എന്ന് അറിയാൻ അദ്ദേഹത്തിന്റെ മുഖത്ത് നോക്കിയ മതി. ഇമോഷണലി ഫീല് ചെയ്യുന്ന സീനാണെങ്കിൽ അദ്ദേഹം കരഞ്ഞിട്ടുണ്ടാകും. സീൻ കഴിഞ്ഞ് അദ്ദേഹത്തെ നോക്കുമ്പോൾ കരഞ്ഞുകൊണ്ട് മുഖം തുടയ്ക്കുകയായിരിക്കും അദ്ദേഹം.

ലേലത്തിന്റെ ഷൂട്ടിങ്ങിനിടയ്ക്ക് ഒരു സീൻ കണ്ട് അദ്ദേഹം കരയുന്നതാണ് താൻ കണ്ടത്. അതേ സമയം ഒരു സീൻ മോശമായപ്പോൾ ആള് നോക്കാതെ ചീത്ത പറയുന്നതും താൻ കണ്ടിട്ടുണ്ടെന്നും മണിയൻ പിള്ള രാജു പറഞ്ഞു.

നീണ്ട ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനത്തിലേയ്ക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു  പാപ്പൻ. സുരേഷ് ഗോപിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തിയത്. മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രം തിയേറ്ററുകളിൽ വിജയകരമായി മാറിയിരുന്നു