Sunday, 20 September 2026
‘Honest storytelling is a powerful means of change
06:32:20 AM IST
Kerala

തിരഞ്ഞെടുപ്പിന് പിന്നാലെ ഒരു നേതാവ് 30 ലക്ഷത്തിന്റെ വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ത്തു; ബിജെപിയിലെ ഫണ്ട് തട്ടിപ്പില്‍ കൂടുതല്‍ പരാതികള്‍ രാജീവ് ചന്ദ്രശേഖറിന് മുന്നില്‍

ന്യൂസ് ഡെസ്ക് 19 July 2026, 11:20 am
SHARE

തിരഞ്ഞെടുപ്പു ഫണ്ട് തട്ടിപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനു മുന്‍പില്‍ കൂടുതല്‍ പരാതികളെത്തി. നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ഒരു സംസ്ഥാന നേതാവ് 30 ലക്ഷത്തിലേറെ വരുന്ന വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ത്തുവെന്ന പരാതിയാണു നേതൃത്വത്തിന് പുതിയതായി ലഭിച്ചിരിക്കുന്നത്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ബാധ്യതയാണ് ഇത്തരത്തില്‍ ഒറ്റത്തവണയായി അടച്ചുതീര്‍ത്തതെന്നു പരാതിയില്‍ പറയുന്നു.

ഇക്കാര്യം വെളിപ്പെടുത്തി ബിജെപി പ്രവര്‍ത്തകന്‍ നേരത്തേ കേന്ദ്രനേതൃത്വത്തിന് കത്തയച്ചിരുന്നു. എറണാകുളം ജില്ലയില്‍ സ്ഥാനാര്‍ഥികളായ താരങ്ങള്‍ക്കു പ്രചാരണത്തിനായി വാഗ്ദാനം ചെയ്ത തുക അവരിലേക്ക് എത്തിയില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപിയിലെ ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ഒരു ശബ്ദരേഖ പുറത്ത് വന്നിരുന്നു. പാര്‍ട്ടി പതാകയും അനുബന്ധ സാമഗ്രികളും നിര്‍മിച്ചതിന് ബിജെപി സംസ്ഥാന സെക്രട്ടറി 31 ലക്ഷം രൂപ കമ്മീഷന്‍ വാങ്ങിയെന്ന് കരാറുകാരന്‍ പറയുന്നതിന്റെ ശബ്ദരേഖയാണ് നേരത്തെ പുറത്തുവന്നത്. പണം വാങ്ങിയ നേതാക്കള്‍ ഇപ്പോള്‍ ഫോണെടുക്കുന്നില്ലെന്നും ഇതേ ഓഡിയോയില്‍ പറയുന്നുണ്ട്. നാല് ലക്ഷം രൂപ ഇനിയും നല്‍കാനുണ്ടെന്നാണ് അതില്‍ കരാറുകാരന്‍ പറയുന്നത്.

സംസ്ഥാന ബിജെപിയിലെ ഫണ്ട് തട്ടിപ്പില്‍ നേതൃത്വം വെട്ടിലായതോടെ സമ്പൂര്‍ണ ഓഡിറ്റിങ് ബിജെപി സംസ്ഥാന നേതൃത്വം ആരംഭിച്ചിട്ടുണ്ട്. മുഴുവന്‍ മണ്ഡലം കമ്മറ്റികളിലെയും തെരഞ്ഞെടുപ്പ് ഫണ്ട് ഓഡിറ്റ് ചെയ്യാനാണ് തീരുമാനം. സംസ്ഥാന ട്രഷറര്‍ ഇ. കൃഷ്ണദാസ്, ജോയിന്റ് ട്രഷറര്‍ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് ഓഡിറ്റ് നടക്കുന്നത്. പാലക്കാട്, തൃശൂര്‍, പത്തനംത്തിട്ട ജില്ലകളില്‍ നിന്നും തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ നേതൃത്വത്തിന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. ആറന്മുള മണ്ഡലത്തിലും വന്‍ തട്ടിപ്പ് നടന്നതായാണ് വനിതാ നേതാവിന്റെ പരാതി.

വിഷയത്തില്‍ 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ഒരുവിഭാഗം ആവശ്യമുയര്‍ത്തിയിരുന്നു. ഇതോടെ 140 മണ്ഡലങ്ങളിലെയും ഫണ്ട് വിനിയോഗത്തെ കുറിച്ച് അന്വേഷിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

s
ന്യൂസ് ഡെസ്ക്
View all posts →