Sunday, 9 August 2026
‘Honest storytelling is a powerful means of change
09:30:01 AM IST
Auto

കരുത്തും ആഡംബരവും ഒന്നിച്ച എംജി ‘മജസ്റ്റർ’; വാങ്ങുന്നതിനു മുൻപ് അറിയാൻ!

ന്യൂസ് ഡെസ്ക് 13 February 2026, 4:27 pm
SHARE

ഏറെ നാളത്തെ കാത്തിരിപ്പുകൾക്കൊടുവിൽ തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് എസ്‌യുവിയായ മജസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് എം‌ജി മോട്ടോർ ഇന്ത്യ. 2025 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചതു മുതൽ കാറിനായി നിരവധി പേരാണ് കാത്തിരുന്നത്. എന്നാൽ വാങ്ങുന്നതിന് മുമ്പ് പുതുമോഡലിനെ അറിഞ്ഞിരിക്കേണ്ട കുറച്ച കാര്യങ്ങളുണ്ട്. 2.0 ലിറ്റർ, ട്വിൻ-ടർബോ ഡീസൽ എഞ്ചിനാണ് എംജിയുടെ ഫ്ലാഗ്ഷിപ്പ് എസ്‌യുവിക്ക് തുടിപ്പേകാൻ എത്തുക. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 213 bhp പവറിൽ പരമാവധി 478 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാകും. 4×4 സിസ്റ്റവും സ്റ്റാൻഡേർഡായി തന്നെ ലഭിക്കും. അതിനാൽ ഓഫ്-റോഡിലും നല്ല യാത്രാനുഭവം നൽകാൻ പുത്തൻ മജസ്റ്ററിന് സാധിക്കും.

സേഫ്റ്റിയുടെ കാര്യത്തിൽ പ്രത്യേക പരിഗണന കൊടുത്താണ് എംജി മോട്ടോർ മജസ്റ്ററിന് രൂപം കൊടുത്തിരിക്കുന്നത്. 6 എയർബാഗുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകളുള്ള 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഓട്ടോ-ഹോൾഡ് ഉള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ലെവൽ 2 ADAS സിസ്റ്റം തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളെല്ലാം എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്. ഇൻഫോടെയ്ൻമെൻ്റ്, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയ്‌ക്കായി ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. 2-വേ പവർഡ്, വെന്റിലേറ്റഡ്, മസാജിംഗ് ഫ്രണ്ട് സീറ്റുകൾ, 12-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഡ്യുവൽ വയർലെസ് ഫോൺ ചാർജറുകൾ, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, പവർഡ് ടെയിൽഗേറ്റ്, വെന്റിലേറ്റഡ് റിയർ സീറ്റുകൾ, പനോരമിക് സൺറൂഫ് എന്നിവയാണ് ഇന്റീരിയറിലെ പ്രീമിയമാക്കുന്ന കാര്യങ്ങൾ.

ഗ്ലോസ്റ്ററിനെ അടിസ്ഥാനമാക്കിയാണ് മോഡൽ നിർമിച്ചിരിക്കുന്നതെങ്കിലും മജസ്റ്ററിന് അതിൻ്റേതായ യുണീക് ഡിസൈനാണ് ഉള്ളത്. ഇരുവശത്തും ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും, ലംബമായി അടുക്കിയിരിക്കുന്ന, ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും വലിയ കൂറ്റൻ ഗ്രില്ലും കട്ടിയുള്ള സ്‌കിഡ് പ്ലേറ്റുകളും മസ്ക്കുലർ രൂപം സമ്മാനിക്കുന്നു. പുതിയ 19 ഇഞ്ച് അലോയ് വീലുകൾ, ബ്ലാക്ക്-ഔട്ട് വിൻഡോ ലൈനുകൾ, കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകൾ, ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, ഹൈ മൗണ്ടഡ് സ്റ്റോപ്പ് ലാമ്പുള്ള ഇൻ്റഗ്രേറ്റഡ് സ്‌പോയിലർ എന്നിവയും എക്സ്റ്റീരിയറിലെ മറ്റ് പ്രത്യേകതകളാണ്. ഏകദേശം 40 ലക്ഷം മുതൽ 45 ലക്ഷം രൂപ വരെയാണ് കാറിന് പ്രതീക്ഷിക്കുന്ന ഇന്ത്യയിലെ എക്സ്ഷോറൂം വില. ടൊയോട്ട ഫോർച്യൂണറിന് പുറമെ സ്കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടെയ്‌റോൺ R-ലൈൻ എന്നിവയുമായിട്ടാവും എംജിയുടെ എസ്‌യുവിയുടെ മത്സരം. വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടൊയോട്ട ഫോർച്യൂണർ വാഴുന്ന ഫുൾ-സൈസ് എസ്‌യുവി സെഗ്മെൻ്റിലേക്ക് എത്തിയ മോഡലിന് ബുക്കിംഗ് വാരിക്കൂട്ടാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനം വാങ്ങാൻ താത്പര്യമുള്ളവർക്ക് എം‌ജിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അടുത്തുള്ള ഡീലർഷിപ്പിൽ നിന്നോ എസ്‌യുവി ബുക്ക് ചെയ്യാനാവുന്നതാണ്.

എം‌ജി മജസ്റ്റർ പ്രീ-ബുക്ക് ചെയ്യാൻ 41,000 രൂപയാണ് മുടക്കേണ്ടി വരിക. 2026 ഏപ്രിലിൽ വില വെളിപ്പെടുത്തും. കാർ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്കായി മാർച്ച് മുതൽ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ എം‌ജി എക്സ്ക്ലൂസീവ് പ്രിവ്യൂകൾ നടത്തുന്നതായിരിക്കും. ഡെലിവറികൾ 2026 മെയ് മുതൽ ആരംഭിക്കും. എസ്‌യുവി മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 3,000 ഉപഭോക്താക്കൾക്ക് 5 വർഷത്തെ സൗജന്യ അൺലിമിറ്റഡ് കിലോമീറ്റർ വാറണ്ടി, 5 വർഷത്തെ റോഡ്‌സൈഡ് അസിസ്റ്റൻസ്, 5 വർഷത്തെ ലേബർ-ഫ്രീ സർവീസ് കോൺട്രാക്റ്റ് എന്നിവ പോലുള്ള വലിയ ആനുകൂല്യങ്ങളും വാഹനത്തിനൊപ്പം വാഗ്ദാനം ചെയ്യുമെന്ന് ബ്രാൻഡ് ഉറപ്പുനൽകുന്നുണ്ട്. ഷാർപ്പ് 4×2, സാവി 4×2, സാവി 4×4 എന്നിങ്ങനെ മൂന്ന് വേരിയൻ്റുകളാണ് മജസ്റ്ററിലുള്ളത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →