Friday, 11 September 2026
‘Honest storytelling is a powerful means of change
06:21:20 PM IST
Football

കിരീടങ്ങളോടെ പടിയിറക്കം; 21 വർഷത്തെ അർജന്റീന യാത്ര അവസാനിപ്പിച്ച് മെസി, രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചു

SHARE

ലോകഫുട്ബോളിന്റെ ഒരു യുഗത്തിന് വിരാമം. അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചു. 21 വർഷം നീണ്ട രാജ്യാന്തര കരിയറിനാണ് 39-ാം വയസിൽ മെസി അവസാനം കുറിച്ചത്. അർജന്റീന ജേഴ്സിയോട് വിടപറയുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്.

ഹൃദയം പറിഞ്ഞുപോകുന്ന വേദനയോടെയാണ് വിരമിക്കൽ തീരുമാനമെടുത്തതെങ്കിലും പടിയിറങ്ങാനുള്ള സമയം ഇതാണെന്ന് മനസിലാക്കിയതായി മെസി പറഞ്ഞു. അർജന്റീനയ്ക്കായി കളിച്ച ഓരോ നിമിഷത്തിലും തന്റെ പരമാവധി നൽകാനാണ് ശ്രമിച്ചതെന്നും കിരീടങ്ങൾ നേടിയ വർഷങ്ങളിൽ മാത്രമല്ല, പരാജയങ്ങളുടെയും നിരാശകളുടെയും കാലത്തും രാജ്യത്തിനായി എല്ലാം നൽകിയെന്നും താരം കുറിച്ചു. അർജന്റീനക്കാരനായി ജനിച്ചതിൽ അഭിമാനമുണ്ടെന്നും രാജ്യത്തിനായി കളിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും മെസി പറഞ്ഞു.

അർജന്റീന ജേഴ്സിയിൽ 207 മത്സരങ്ങൾ കളിച്ച മെസി 125 ഗോളുകളാണ് നേടിയത്. 2008ലെ ഒളിമ്പിക്സ് സ്വർണം, 2021ലെയും 2024ലെയും കോപ്പ അമേരിക്ക കിരീടങ്ങൾ, 2022ലെ ലോകകപ്പ് നേട്ടം എന്നിവയാണ് രാജ്യത്തിനായി മെസി സ്വന്തമാക്കിയ പ്രധാന കിരീടങ്ങൾ. ഏറെക്കാലം കാത്തിരുന്ന ലോകകപ്പ് കിരീടം അർജന്റീനയ്ക്ക് സമ്മാനിച്ച നായകനായാണ് മെസി രാജ്യാന്തര ഫുട്ബോളിനോട് വിടപറയുന്നത്.

തനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും കുടുംബത്തിനും പരിശീലകർക്കും സഹതാരങ്ങൾക്കും ആരാധകർക്കും മെസി നന്ദി പറഞ്ഞു. അർജന്റീന ടീമിനെ ഇനിയും പിന്തുണയ്ക്കുമെന്നും പ്രത്യേകിച്ച് മോശം സമയങ്ങളിൽ ടീമിനൊപ്പം കൂടുതൽ ശക്തമായി നിൽക്കുമെന്നും താരം വ്യക്തമാക്കി. ഇനി വരുന്ന തലമുറയിലെ മികച്ച യുവതാരങ്ങൾക്ക് അവസരം നൽകേണ്ട സമയമാണിതെന്നും മെസി പറഞ്ഞു.

മൈതാനത്ത് ഇനി അർജന്റീനയ്ക്കായി പോരാടാനില്ലെങ്കിലും, ഗാലറിയിൽ നിന്ന് ടീമിനായി ശബ്ദമുയർത്തുന്ന ഒരു സാധാരണ ആരാധകനായി തുടരുമെന്നാണ് മെസിയുടെ വാക്കുകൾ. 21 വർഷത്തെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് അർജന്റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാൾ തന്റെ രാജ്യാന്തര കരിയറിന് തിരശ്ശീലയിടുന്നത്.

Read More
s
സ്പോര്‍ട്സ് ഡെസ്ക്
View all posts →