Friday, 11 September 2026
‘Honest storytelling is a powerful means of change
07:44:47 PM IST
Film News

രക്ഷാബന്ധൻ പരസ്യത്തിലെ ബ്രാലെറ്റ് വസ്ത്രം, വേറെ ഉടുപ്പില്ലേയെന്ന കങ്കണയുടെ ചോദ്യം; സൈബർ ആക്രമണത്തിൽ കൃതിയ്ക്ക് പിന്തുണയുമായി രാഹുൽ ​ഗാന്ധി; ‘ഒരു സ്ത്രീ എന്ത് ധരിക്കുന്നു, എന്ത് ചെയ്യുന്നുവെന്നത് അവളുടെ വ്യക്തിപരമായ കാര്യം’

ന്യൂസ് ഡെസ്ക് 26 August 2026, 11:07 am
SHARE

രക്ഷാബന്ധൻ പരസ്യത്തിലെ വസ്ത്രധാരണത്തിന്റെ പേരിൽ കടുത്ത വിമർശനങ്ങൾ നേരിടുന്ന ബോളിവുഡ് നടി കൃതി സാനനു പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി . കൃതിക്കെതിരെ ബിജെപി എംപിയും നടിയുമായ കങ്കണ റനൗട്ട് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൃതിയെ പിന്തുണച്ച് രാഹുൽ എത്തിയത്. ഒരു സ്ത്രീ എന്ത് ധരിക്കുന്നു, എന്ത് ചെയ്യുന്നു, എവിടെ പോകുന്നു എന്നത് അവളുടെ വ്യക്തിപരമായ കാര്യമാണെന്ന് രാഹുൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സ്ത്രീകൾ അവരുടെ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിന്റെ പേരിൽ അവളെ ട്രോളുന്നത് അവസാനിപ്പിക്കണമെന്നും രാഹുൽ പറഞ്ഞു.

ബ്രാ ലെറ്റ് ശൈലിയിലുള്ള ബ്ലൗസും കേപ് ഷ്രഗും ധരിച്ച കൃതി സഹോദരനും വളർത്തുനായയ്ക്കും രാഖി കെട്ടുന്ന പരസ്യചിത്രത്തെ ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ അറപ്പുളവാക്കുന്നതാണെന്ന് വിമർശിച്ചിരുന്നു. ‘‘സ്ത്രീയായിരിക്കാൻ ഏറ്റവും മികച്ച കാലമാണിത്. അത്രയും വൈവിധ്യമാർന്ന വസ്ത്രങ്ങളുണ്ട്. എന്നിട്ടെന്തിനാണ് ബിക്കിനിയിലോ അടിവസ്ത്രങ്ങളിലോ രാഖി കെട്ടുന്നത്? നിങ്ങളുടെ സ്റ്റൈലിങ് ഓപ്ഷനുകളൊക്കെ എവിടെപ്പോയി?’’ എന്നായിരുന്നു കങ്കണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി.

പ്രമുഖ ജ്വല്ലറി ബ്രാൻഡ് രക്ഷാബന്ധനോടനുബന്ധിച്ചു തയാറാക്കിയ പരസ്യചിത്രത്തിൽ കൃതി ധരിച്ച വസ്ത്രത്തെച്ചൊല്ലിയുള്ള വിവാദത്തിലാണ് കങ്കണയുടെ പ്രതികരണം രൂക്ഷമായത്. ജ്വല്ലറി ബ്രാൻഡിന്റെ രക്ഷാബന്ധൻ പരസ്യ ചിത്രത്തിൽ ബ്രാലെറ്റ് മാതൃകയിലുള്ള ബ്ലൗസും കേപ്പും ഡ്രേപ്ഡ് സ്‌കർട്ടും ധരിച്ച് കൃതി സനോൺ എത്തിയത്. പരസ്യത്തിൽ താരം സഹോദരനും വളർത്തുനായയ്ക്കും രാഖി കെട്ടുന്നതാണ് കാണിക്കുന്നത്. ബിജെപി എംപിയുടെ വിമർശനമടക്കം സൈബർ വിമർശനം അതിരുകടന്നതോടെയാണ് രാഹുൽ ​ഗാന്ധി കൃതിയ്ക്ക് പിന്തുണയുമായി രം​ഗത്തെത്തിയത്.

‘‘ഒരു സ്ത്രീ എന്ത് ധരിക്കുന്നു, എന്ത് ചെയ്യുന്നു, എവിടെ പോകുന്നു എന്നത് അവളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. സ്ത്രീകൾ അവരുടെ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിന്റെ പേരിൽ അവരെ ട്രോളുന്നത് അവസാനിപ്പിക്കൂ.’’– #SmashThePatriarchy (പുരുഷാധിപത്യത്തെ തകർക്കുക) എന്ന ഹാഷ്‌ടാഗ് സഹിതമാണ് രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിവാദത്തെ കുറിച്ച് എഴുതിയത്. അടുത്തിടെ പുണെയിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ എന്ന വനിതാ റാലിയിലും രാഹുൽ ഈ ഹാഷ്ടാഗ് ഉപയോഗിച്ചിരുന്നു.

#SmashThePatriarchy (പുരുഷാധിപത്യത്തെ തകർക്കൂ) എന്ന ഹാഷ്ടാഗോടെയാണ് രാഹുൽ ഇൻസ്റ്റഗ്രാമിൽ കൃതി സനോൺ പങ്കുവെച്ച സ്റ്റോറിയും മെൻഷൻ ചെയ്തത്.

രാഹുലിന് മറുപടിയെന്നോണം ബിജെപി ഇൻസ്റ്റഗ്രാം ഹാൻഡിലിൽ വിമർശന പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ‘പുരുഷാധിപത്യം തകർക്കൂ’ എന്ന ഹാഷ്ടാഗിനെതിരായ പോസ്റ്റ് ആണ് ബിജെപി ഔദ്യോഗിക ഹാൻഡിലിൽ പങ്കുവെച്ചത്. രാഹുലിന്റേതിന് സമാനമായ ഫോട്ടോയും പെൺകുട്ടിയുമാണ് ചിത്രത്തിൽ ഉള്ളത്.

കങ്കണയുടെ പ്രതികരണത്തിന് ആഘോഷങ്ങളുടെ യഥാർഥ സംസ്‌കാരവും പാരമ്പര്യവും നിലനിൽക്കുന്നത് ഒരാളുടെ വസ്ത്രധാരണത്തിലല്ല, മറിച്ച് ഹൃദയത്തിലാണെന്ന് മറുപടിയുമായി കൃതി സനോൺ പിന്നീട് രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സൈബർ അധിക്ഷേപങ്ങൾക്കെതിരെ കൃതി തുറന്നടിച്ചത്.

Read More
s
ന്യൂസ് ഡെസ്ക്
View all posts →