Friday, 11 September 2026
‘Honest storytelling is a powerful means of change
07:42:22 PM IST
National

ജന്തർ മന്തർ ആക്രമണം; ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ന്യൂസ് ഡെസ്ക് 5 September 2026, 3:14 pm
SHARE

ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിനിടെ വിദ്യാർഥി പ്രക്ഷോഭകയുടെ പിതാവിനെ ആക്രമിച്ചെന്ന കേസിൽ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് ഡൽഹി പൊലീസ് രേഖപ്പെടുത്തി. ഉത്തർപ്രദേശിൽ നിന്ന് ഇന്നലെ കസ്റ്റഡിയിലെടുത്ത സ്വതന്ത്രയെ വീഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജൂൺ 23ന് നടന്ന പ്രതിഷേധത്തിനിടെയാണ് വിദ്യാർഥി നിഷു ആസാദിന്റെ പിതാവ് സഞ്ജയ് ആസാദിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ജന്തർ മന്തറിൽ നടന്ന ആക്രമണത്തിനും തുടർന്ന് ഓൺലൈനിൽ ഉയർന്ന ഭീഷണികൾക്കും എതിരെ 72 മണിക്കൂറിനകം നടപടിയെടുക്കുമെന്ന് ഡൽഹി പൊലീസ് ഉറപ്പ് നൽകിയതായി സി.ജെ.പി നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, ബിജെപി നേതാവിന്റെ ഇടപെടലിലൂടെയാണ് താൻ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടതെന്നും സഞ്ജയ് ആസാദിനെ ആക്രമിച്ചത് താനാണെന്നും അവകാശപ്പെടുന്ന സ്വതന്ത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. എന്നാൽ സംഭവത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന ആരോപണം ഡൽഹി പൊലീസ് നിഷേധിച്ചു. സംഭവദിവസം തന്നെ സ്വതന്ത്ര ഉൾപ്പെടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് നോട്ടീസ് നൽകിയിരുന്നുവെന്നും ഉടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും ന്യൂഡൽഹി ഡിസിപി സചിൻ ശർമ്മ വ്യക്തമാക്കി.

തനിക്ക് നിരന്തരം ബലാത്സംഗ ഭീഷണികളും അധിക്ഷേപങ്ങളും നേരിടേണ്ടിവരുന്നുണ്ടെന്ന് നിഷു ആസാദ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഓൺലൈൻ ഭീഷണികളുമായി ബന്ധപ്പെട്ട് പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടി 72 മണിക്കൂറിനകം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നിഷു പ്രതികരിച്ചു.

s
ന്യൂസ് ഡെസ്ക്
View all posts →