ഇത് ഇന്ത്യയല്ല, ജീവനക്കാരുടെ അധിക ജോലി സമയത്തിന് ഇന്‍ഫോസിസിന് ഫൈനടിച്ച് ഫ്രാന്‍സ്; 1.9 കോടി പിഴ ഒടുക്കണം
ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്ന സംവിധാനത്തിലെ പിഴവിന്റെ പേരില്‍ ഇന്‍ഫോസിസിന് വന്‍തുക പിഴചുമത്തി ഫ്രാന്‍സ്. ഫ്രഞ്ച് ലേബര്‍ അതോറിറ്റിയാണ് ഇന്‍ഫോസിസിലെ ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്നതിലെ ക്രമക്കേടില്‍ 175,000 യൂറോ (ഏകദേശം 1.9 കോടി രൂപ) പിഴയിട്ടത്. ് ഫ്രാന്‍സിലെ റീജിയണല്‍ ലേബര്‍ അതോറിറ്റി DRIEETS Ile-de-France പിഴ ചുമത്തിയതുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചതായി ഇന്‍ഫോസിസ് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ്ങില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ സമയം ജീവനക്കാര്‍ ജോലി ചെയ്യേണ്ടി വരുന്നതും ഫ്രാന്‍സിലെ ലേബര്‍ നിയമങ്ങള്‍ക്കനുസരിച്ച് വര്‍ക്കിംഗ് ടൈം ക്രമീകരിക്കുന്നതില്‍ പാളിച്ചകള്‍ വരുത്തിയതുമാണ് ഇന്‍ഫോസിസിന് വിനയായത്. ജോലി സമയം രേഖപ്പെടുത്തുന്ന ഇന്‍ഫോസിസിന്റെ സംവിധാനം ഫ്രഞ്ച് നിയമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നതല്ലെന്ന് അധികൃതര്‍ കണ്ടെത്തി. സംവിധാനത്തിന്റെ വിശ്വാസ്യത, ഓഡിറ്റ് ചെയ്യാന്‍ കഴിയുന്ന രേഖകള്‍ സൂക്ഷിക്കുന്ന രീതികള്‍, ചില വിഭാഗം ജീവനക്കാര്‍ക്ക് ഇത് നിരീക്ഷിക്കാനുള്ള സൗകര്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അധികൃതര്‍ ചൂണ്ടിക്കാട്ടിയത്.
ഫ്രഞ്ച് തൊഴില്‍ നിയമങ്ങള്‍ പ്രകാരം ജോലി സമയം, ഓവര്‍ടൈം, നിര്‍ബന്ധിത വിശ്രമ സമയം എന്നിവ ഉള്‍പ്പെടെയുള്ളവ തൊഴിലുടമകള്‍ രേഖപ്പെടുത്തേണ്ടതാണ്. ഇതിന്റെയെല്ലാം ഓഡിറ്റ് ചെയ്യാന്‍ കഴിയുന്നതും വിശ്വസനീയവുമായ രേഖകള്‍ സൂക്ഷിക്കുകയും വേണം. ഇതിലാണ് പിഴവ് കണ്ടെത്തിയത്.
ഫ്രഞ്ച് തൊഴില്‍ നിയമപ്രകാരം, ആഴ്ചയില്‍ 35 മണിക്കൂര്‍ എന്ന നിയമപരമായ തൊഴില്‍ സമയം, അധിക ജോലി (ഓവര്‍ടൈം) സംബന്ധിച്ച പരിധികള്‍, നിര്‍ബന്ധിത വിശ്രമവേളകള്‍ എന്നിവ പാലിക്കുന്നത് ഉള്‍പ്പെടെ, ജീവനക്കാരുടെ ജോലി സമയത്തിന്റെ കൃത്യമായ രേഖകള്‍ തൊഴിലുടമകള്‍ സൂക്ഷിക്കേണ്ടതുണ്ട്. ഈ രേഖകള്‍ വിശ്വസനീയവും ആവശ്യമെങ്കില്‍ പരിശോധനയ്ക്ക് (ഓഡിറ്റിംഗിന്) വിധേയമാക്കാന്‍ കഴിയുന്നവയും ആയിരിക്കണമെന്നതാണ് ലോബര്‍ നിയമത്തില്‍ പ്രധാനം.
നേരത്തെ ഓവര്‍ ടൈം ജോലി ചെയ്യണമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്. നാരായണ മൂര്‍ത്തിയുടെ വാക്കുകള്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അതിനിടയിലാണ് കമ്പനിയിലെ ജോലിസമയത്തെച്ചൊല്ലി പിഴ ചുമത്തപ്പെട്ടിരിക്കുന്നത്. ആഗോളതലത്തില്‍ മത്സരക്ഷമത നിലനിര്‍ത്താന്‍ കൂടുതല്‍ കഠിനാധ്വാനം ആവശ്യമാണെന്നും ഇന്ത്യന്‍ ജീവനക്കാര്‍ ഇതിനായി കൂടുതല്‍ സമയം ജോലി ചെയ്യണമെന്നുമാണ് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്. നാരായണ മൂര്‍ത്തി നേരത്തെ അഭിപ്രായപ്പെട്ടത്. ചൈനയിലെ ‘9-9-6’ തൊഴില്‍ സംസ്കാരത്തെ അതായത് ആഴ്ചയില്‍ ആറുദിവസം രാവിലെ 9 മുതല്‍ രാത്രി 9 വരെ ജോലി ചെയ്യുന്ന രീതി പരാമര്‍ശിച്ചുകൊണ്ട്, കഠിനാധ്വാനമില്ലാതെ ഒരു വ്യക്തിക്കോ സമൂഹത്തിനോ രാജ്യത്തിനോ ഒരിക്കലും മുന്നേറാനാവില്ലെന്നും നാരായണമൂര്‍ത്തി പറയുകയുണ്ടായിരുന്നു.
ഫ്രാന്‍സിലെ തൊഴിലാളികളെ സംരക്ഷിക്കാനുള്ള നിയമത്തില്‍ കുരുങ്ങി ഇന്‍ഫോസിസിന് പിഴ ചുമത്തപ്പെട്ടപ്പോള്‍ ഇന്ത്യയല്ല അത് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.
₹21,000ന്റെതലമുറ: ജോലിയുണ്ട്, ജീവിതമില്ല
വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപം; ടി. ജി. മോഹൻദാസിന് ജാമ്യം