Saturday, 19 September 2026
‘Honest storytelling is a powerful means of change
05:40:26 AM IST
National

റഷ്യൻ എണ്ണയിൽ വിട്ടുവീഴ്ചയില്ലെന്ന് ഇന്ത്യ; 100% വരെ തീരുവ ഭീഷണിക്കിടയിലും ഊർജ താൽപര്യങ്ങൾക്ക് മുൻഗണന

ന്യൂസ് ഡെസ്ക് 18 September 2026, 8:05 am
SHARE

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന സൂചന നൽകി ഇന്ത്യ. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താനുള്ള അമേരിക്കൻ നീക്കത്തിനിടെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഊർജ സുരക്ഷയ്ക്കാണ് പ്രധാന പരിഗണനയെന്നും പര്യാപ്തവും മിതമായ നിരക്കിലുള്ളതുമായ ഊർജം ഉറപ്പാക്കാൻ വിവിധ സാധ്യതകൾ തേടുമെന്നും അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര പറഞ്ഞു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന ഉപരോധ ബിൽ സെനറ്റിന് പിന്നാലെ ജനപ്രതിനിധി സഭയും പാസാക്കിയിരുന്നു. 100 ശതമാനം വരെ തീരുവ ചുമത്താനുള്ള അധികാരം ഡോണൾഡ് ട്രംപിന്റെ വിവേചനാധികാരമായതിനാൽ ഇനി അമേരിക്കൻ പ്രസിഡന്റിന്റെ തീരുമാനം നിർണായകമാകും.

വലിയ തോതിൽ തീരുവ ചുമത്തിയാൽ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. അവസാനഘട്ടത്തിലെത്തിയ ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെയും നീക്കം ബാധിച്ചേക്കും. ഇന്ത്യൻ വ്യാപാരികൾക്കും കർഷകർക്കും തിരിച്ചടിയുണ്ടാകാനും പണപ്പെരുപ്പം വർധിക്കാനും സാധ്യതയുണ്ട്. തീരുവ നയം ഇരുരാജ്യങ്ങളുടെയും നയതന്ത്ര, വ്യാപാര ബന്ധങ്ങളിലും തർക്കങ്ങൾക്ക് ഇടയാക്കാനിടയുണ്ട്.

അമേരിക്കയുടെ നീക്കങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തിയിട്ടുണ്ടെന്നും ഇന്ത്യയുടെ വ്യാപാര, സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

s
ന്യൂസ് ഡെസ്ക്
View all posts →