‘പുരുഷന്മാർക്കും ആർത്തവം ഉണ്ടാകണമെന്ന് ആയിരം തവണ പ്രാർഥിച്ചിട്ടുണ്ട്’; തൊഴിലിടങ്ങളിലെ ആർത്തവ അവഗണന തുറന്നുപറഞ്ഞ് ശ്രുതി ഹാസൻ
ആർത്തവ സമയത്തെ കടുത്ത ശാരീരിക ബുദ്ധിമുട്ടുകളും തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അവഗണനയും തുറന്നുപറഞ്ഞ് നടി ശ്രുതി ഹാസൻ. സോഹ അലി ഖാന്റെ ‘All About Her’ പോഡ്‌കാസ്റ്റിലാണ് ആർത്തവ ആരോഗ്യം, പിസിഒഎസ്, എൻഡോമെട്രിയോസിസ്, ആർത്തവ വേദന തുടങ്ങിയ വിഷയങ്ങളിൽ ശ്രുതി ഹാസൻ സംസാരിച്ചത്. ചെറുപ്പം മുതൽ തന്നെ കഠിനമായ ആർത്തവ വേദന അനുഭവിച്ചിട്ടുണ്ടെന്നും ഇതിന്റെ പശ്ചാത്തലത്തിൽ തൊഴിലിടങ്ങളിൽ സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളെ കൂടുതൽ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും താരം പറഞ്ഞു.
സിനിമാ ചിത്രീകരണത്തിനിടെ ആർത്തവവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ തുറന്നുപറയാൻ തുടക്കത്തിൽ തനിക്ക് മടിയായിരുന്നുവെന്നും ശ്രുതി പറഞ്ഞു. ഒരു സഹതാരത്തിന് കാൽമുട്ട് ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് ചിത്രീകരണക്രമത്തിൽ മാറ്റം വരുത്തിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ പ്രതികരണം. എന്നാൽ തനിക്ക് ആർത്തവ വേദനയുണ്ടെന്ന് പറയുമ്പോൾ അതിന് സമാനമായ പരിഗണന ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നുവെന്നും ശ്രുതി വ്യക്തമാക്കി. പിന്നീട് സംവിധായകരോട് ആർത്തവത്തെക്കുറിച്ച് തുറന്നുപറയാൻ തുടങ്ങിയെന്നും അവർ പറഞ്ഞു.
‘പുരുഷന്മാർക്കും ആർത്തവം ഉണ്ടാകണമെന്ന് ആയിരം തവണ പ്രാർഥിച്ചിട്ടുണ്ട്’ എന്നായിരുന്നു ശ്രുതിയുടെ പ്രതികരണം. പുരുഷന്മാർക്കും ഈ അനുഭവം ഉണ്ടായിരുന്നെങ്കിൽ ആർത്തവ അവധി ഉൾപ്പെടെയുള്ള കാര്യങ്ങൾ തൊഴിൽ കരാറുകളിൽ തന്നെ പരിഗണിക്കപ്പെടുമായിരുന്നുവെന്നും അത് പരസ്പര ധാരണയും സഹകരണവും വർധിപ്പിക്കുമായിരുന്നുവെന്നും താരം പറഞ്ഞു. ആർത്തവ വേദനയെ പലപ്പോഴും ഗൗരവമായി കാണാത്ത പ്രവണതയെയും ശ്രുതി വിമർശിച്ചു.
പിസിഒഎസുമായി ബന്ധപ്പെട്ട് നേരിട്ട അനുഭവങ്ങളും ശ്രുതി ഹാസൻ പോഡ്‌കാസ്റ്റിൽ പങ്കുവെച്ചു. ചെറുപ്പത്തിൽ തന്നെ പിസിഒഎസ് കാരണം ഭാവിയിൽ ഗർഭധാരണത്തിന് ബുദ്ധിമുട്ടുണ്ടാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരുന്നതായും ഇത് മാതൃത്വത്തെക്കുറിച്ച് ആശങ്കയുണ്ടാക്കിയെന്നും അവർ പറഞ്ഞു. പിന്നീട് ഗൈനക്കോളജിസ്റ്റിൽ നിന്ന് ലഭിച്ച ശരിയായ മാർഗനിർദേശം തന്റെ കാഴ്ചപ്പാട് മാറ്റിയെന്നും ശ്രുതി വ്യക്തമാക്കി. പിസിഒഎസ് ഉണ്ടെന്നത് ഗർഭധാരണം അസാധ്യമാണെന്നർഥമല്ലെന്നും വ്യക്തിഗത സാഹചര്യങ്ങൾക്കനുസരിച്ച് ചികിത്സാ മാർഗങ്ങളും മറ്റ് സാധ്യതകളും പരിഗണിക്കാമെന്നുമുള്ള ചർച്ചയും അഭിമുഖത്തിലുണ്ടായി.
നെഞ്ചുവേദനയെ തുടർന്ന് ബിഗ് ബോസ് 20’ന്റെ വേദിയിൽ കുഴഞ്ഞുവീണ് സൽമാൻ ഖാൻ; പിന്നാലെ മാപ്പ് പറഞ്ഞ് താരം
‘ഇത്രയും വർഷം കെട്ടിപ്പടുത്ത കരിയറിനെ ബാധിക്കുമെന്ന പേടിയായിരുന്നു, ഉർവശിയുടെ വിശദീകരണം വേദനിപ്പിച്ചു’; അവതാരക ദക്ഷ രവീന്ദ്രനാഥ്