മുഷിഞ്ഞു നാറിയ വേഷത്തിലൊരു 'ആള്‍ദൈവം'; ആരാണ് വിദേശികൾ വരെ തൊഴുത് ആരാധിക്കുന്ന തൊപ്പി അമ്മ ?

തലയിലൊരു തൊപ്പിയും മുഷിഞ്ഞ ഷർട്ടും പാവാടയും ധരിച്ച് മുടിയും പറത്തി നടക്കുന്ന ഒരു സ്ത്രീ. പറഞ്ഞു വരുന്നത് തിരുവണ്ണാമലൈയിലെ തൊപ്പി അമ്മയുടെ കാര്യമാണ്. ഈ സ്ത്രീയുടെ വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. തമിഴ്‌നാട്ടിലെ പ്രശസ്തമായ തീർത്ഥാടനകേന്ദ്രമായ തിരുവണ്ണാമലൈയിൽ ധാരാളം ആളുകൾ തൊഴുത് ആരാധിക്കുന്ന ഒരു വയോധികയാണ് തൊപ്പി അമ്മ.

തിരുവണ്ണാമലൈയിലെ വഴികളിലൂടെ തൊപ്പി അമ്മ നടക്കുന്നതും കൂടെ വിദേശികളടക്കം തൊഴുതുകൊണ്ട് ആരാധിക്കുന്നതിന്റെയും നിരവധി ചിത്രങ്ങളും വിഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.


ദൈവീകസിദ്ധി ലഭിച്ച ഒരു സ്ത്രീയായാണ് തൊപ്പി അമ്മയെ പലരും കാണുന്നത്. തൊപ്പി അമ്മ കുടിച്ചതിനുശേഷം ഉപേക്ഷിക്കുന്ന വെള്ള കപ്പുകളെടുത്ത് ബാക്കി വെള്ളം പ്രസാദമായി കരുതുന്നവരും ഇക്കൂട്ടത്തിലുണ്ട്. തൊപ്പി അമ്മയുടെ സംസാരഭാഷ വ്യക്തമല്ലെങ്കിലും പ്രാചീന തമിഴാണ് സംസാരിക്കുന്നതെന്നാണ് ചിലർ പറയുന്നത്.

അതേസമയം ഇവർ മാനസികനില തെറ്റിയ സ്ത്രീയാണെന്നും ഇവർക്ക് ഉടൻ തന്നെ വൈദ്യസഹായമാണ് നൽകേണ്ടതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ശരിക്കും തൊപ്പി അമ്മ ആരാണെന്നോ എവിടെയാണ് സ്വദേശമെന്നോ ആർക്കും അറിയില്ല.