മധുരക്കിഴങ്ങ് കഴിച്ചും തടി കുറയ്ക്കാം ; അറിയാം മറ്റ് ഗുണങ്ങളും…

തടി കുറയ്ക്കാനായി പല വിധത്തിലുള്ള വഴികൾ തിരയുന്നവരാണ് നമ്മളിൽ പലരും. ഡയറ്റുകൾ പിന്തുടർന്നും പട്ടിണി കിടന്നും ആഹാരം കുറച്ചുമെല്ലാം പലരും തടി കുറയ്ക്കാൻ ശ്രമിക്കാറുണ്ട്. തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ കിഴങ്ങ് വർഗ്ഗങ്ങൾ ഉപേക്ഷിക്കണം എന്നാണ് പൊതുവെ പറയാറുള്ളത്. കാരണം ചില ആളുകൾക്ക് കിഴങ്ങ് കഴിച്ചാൽ വയർ വീർക്കൽ, അസിഡിറ്റി തുടങ്ങിയ ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാകാറുണ്ട്. എന്നാൽ ഇക്കൂട്ടർക്ക് കഴിക്കാവുന്ന ഒരു കിഴങ്ങ് വർഗമാണ് മധുരക്കിഴങ്ങ് അഥവാ സ്വീറ്റ് പൊട്ടറ്റോ .

മധുരക്കിഴങ്ങിൽ നിരവധി പോഷകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. നാരുകള്‍ ധാരാളം അടങ്ങിയതിനാലും കലോറി കുറവായതിനാലും മധുര കിഴങ്ങ് ശരീരഭാരം കുറയ്ക്കാന്‍ അനുയോജ്യമായ ഒരു ഭക്ഷണമാണ്. വൈറ്റമിന്‍ എ, ഡി, ബി, ബി6, ബയോട്ടിന്‍ എന്നിവ ധാരാളം അടങ്ങിയ മധുര കിഴങ്ങില്‍ കലോറി കുറവായതിനാല്‍ മധുര കിഴങ്ങ് കഴിച്ചാൽ ശരീരഭാരം കൂടില്ല. സാലഡ് ആയും പുഴുങ്ങിയുമെല്ലാം ഇവ കഴിക്കാവുന്നതാണ്. ധാരാളമായി നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇവ ദഹനത്തെ സഹായിക്കുകയും ചെയ്യും. മധുരക്കിഴങ്ങില്‍ കൂടിയ തോതിലുള്ള ആന്റിഓക്സിഡന്റ്സ് നെഞ്ചിനുണ്ടാകുന്ന എരിച്ചല്‍, ആസ്തമ, ശ്വാസനാള രോഗം എന്നിവ ഇല്ലാതാക്കും.

നാരുകൾ അടങ്ങിയ ഭക്ഷണം ഉടനടി ദഹിക്കും എന്നതിനാൽ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവ വളരെയധികം ഗുണം ചെയ്യും. നാരുകളോടൊപ്പം വൈറ്റമിന്‍സ്, ധാതുക്കൾ, ആന്‍റി ഓക്സിഡന്‍സ് എന്നിവയും ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇവയിൽ ഗ്ലൈസമിക് ഇൻഡക്സ് കുറവായതിനാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് തടയും. വെള്ളത്തിന്റെ അംശം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിർത്തും. വ്യായാമത്തിന് മുൻപും ശേഷവും ഒരുപോലെ കഴിക്കാവുന്ന ഭക്ഷണം കൂടിയാണിത്.

മധുര കിഴങ്ങിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, വൈറ്റമിൻ ബി 6 ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ വരാനുള്ള സാധ്യത കുറയ്ക്കും. വൈറ്റമിന്‍ – സി ധാരാളം അടങ്ങിയിട്ടുളളതിനാൽ മധുരക്കിഴങ്ങ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും വളരെ നല്ലതാണ്. ഇവയിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ ചർമത്തിൽ ചുളിവുകൾ വീഴുന്നത് തടയുകയും കിഡ്‌നി കാൻസര്‍, കോളന്‍ കാൻസര്‍, പ്രോസ്‌റ്റേറ്റ് കാൻസർ എന്നിവ വരാതെ കാത്തുസൂക്ഷിക്കുകയും ചെയ്യും. മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റ്സ് കാൻസർ കോശങ്ങളെ ഇല്ലാതാക്കും.

ഇവയിൽ അടങ്ങിയിരിക്കുന്ന അയൺ പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും മാനസിക സമ്മർദം കുറയ്ക്കുന്നതിനും സഹായിക്കും. 124 ​ഗ്രാം മധുരക്കിഴങ്ങിൽ 12.8 മി​ല്ലി ​ഗ്രാം വൈറ്റമിൻ -സി അടങ്ങിയിട്ടുണ്ട്. ദിവസവും സ്ത്രീകൾക്ക് 75 മില്ലി ​ഗ്രാമും പുരുഷന്മാർക്ക് 90 മില്ലി ​ഗ്രാമും വൈറ്റമിൻ സി ശരീരത്തിൽ ലഭ്യമാകണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. മധുര കിഴങ്ങിൽ അടങ്ങിയിരിക്കുന്ന കരാറ്റനോയ്ഡുകള്‍, വൈറ്റമിന്‍ -എ എന്നിവ കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രായമാകുന്നതു കാരണമുള്ള കാഴ്ചപ്രശ്‌നങ്ങള്‍ക്ക് മധുര കിഴങ്ങ് വളരെ നല്ലതാണ്. ധാരാളം ആരോഗ്യ ഗുണങ്ങളുളള മധുരക്കിഴങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വൈറ്റമിൻ – സി. അമിതവണ്ണം, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുള്ള ആളുകൾക്ക് അവ നിയന്ത്രിക്കാൻ മധുരക്കിഴങ്ങിലെ പോഷകങ്ങളും ഉയർന്ന തോതിലുള്ള നാരുകളും സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

മധുരക്കിഴങ്ങ് കഴിച്ചതിലൂടെ ടൈപ്പ് -2 പ്രമേഹ രോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി കുറയുകയും ഗ്ലൂക്കോസ് നിയന്ത്രണത്തിൽ പുരോഗതിയുണ്ടാവുകയും ചെയ്തതായി പഠനത്തിൽ പറയുന്നുണ്ട്. ആര്‍ത്രൈറ്റീസ് പോലുള്ള രോഗങ്ങള്‍ക്കും മികച്ച മരുന്നാണ് മധുരക്കിഴങ്ങ്. ശരീരത്തിനാവശ്യമില്ലാത്ത റാഡിക്കലുകളെ ഇവ ഇല്ലാതാക്കും. കാര്‍ബോഹൈട്രേറ്റ്സ് ധാരാളം അടങ്ങിയിട്ടുളളതിനാല്‍ എനര്‍ജി കിട്ടാന്‍ സഹായിക്കുന്നതാണ് ഇവ. അതേസമയം, ഇവയിൽ കാര്‍ബോഹൈട്രേറ്റ്സ്  അടങ്ങിയിട്ടുള്ളതിനാൽ അമിതമായി കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം.