വിവാഹത്തിന് കൂട്ടുകാരുടെ വക 'വിലകൂടിയ' സമ്മാനം; വരന് കിട്ടിയത് രണ്ട് പെട്ടി നാരങ്ങ

 

ഗുജറാത്തില്‍ വരന് സുഹൃത്തുക്കളില്‍ നിന്ന് വിവാഹ സമ്മാനമായി കിട്ടിയത് രണ്ട് പെട്ടി നാരങ്ങ. അനിയന്ത്രിതമായി കുതിക്കുന്ന നാരങ്ങ വില തന്നെയാണ് ഈ സന്ദര്‍ഭത്തില്‍ തങ്ങളുടെ കൂട്ടുകാരന് നല്‍കാവുന്ന ഏറ്റവും വിലകൂടിയ സമ്മാനമെന്ന് സുഹൃത്തുക്കള്‍ കരുതിക്കാണണം.

രാജ്‌കോട്ടില്‍ നടന്ന വിവാഹ ചടങ്ങിനിടെയാണ് കൂട്ടുകാര്‍ വരന്് സമ്മാനമായി നാരങ്ങ കൊടുത്തത്. സംസ്ഥാനത്ത് ഒരു കിലോ നാരങ്ങയുടെ വില 200 രൂപ കടന്നിരിക്കുകയാണ്. ‘ ഈ സീസണില്‍ നാരങ്ങക്ക് നല്ല ഡിമാന്റാണ്. എന്നാല്‍ അതിന്റെ വില വലിയ രീതിയില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. അതാണ് നാരങ്ങ തന്നെ സമ്മാനമായി വരന് നല്‍കിയത്.’ വരന്റെ ബന്ധുക്കളിലൊരാള്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ കല്യാണത്തിന് മുന്നോടിയായി നടത്തുന്ന ചടങ്ങായ ഹല്‍ദി വേദിയില്‍ വെച്ചാണ് വരന് കൂട്ടുകാര്‍ നാരങ്ങ സമ്മാനമായി ലഭിച്ചത്.

വേനല്‍ക്കാലത്ത് നാരങ്ങയുടെ വില കൂടിയത് ആളുകളുടെ ഇഷ്്ട പാനീയങ്ങളെയെല്ലാം മോശമായി ബാധിക്കുമെന്നുറപ്പാണ്. വിളവെടുപ്പ് കുറഞ്ഞതും, വിള നശിച്ചതും, പെട്രോള്‍ വില കൂടിയതുമെല്ലാം മാര്‍ക്കറ്റില്‍ നാരങ്ങക്ക് വില കൂടാന്‍ കാരണമായിട്ടുണ്ട്. ‘ നാരങ്ങ കൃഷിക്ക് അനുയോജ്യമല്ലാത്ത കാലാവസ്ഥയും, നീണ്ടുനിന്ന ചൂടുകാലവും വിളവെടുപ്പിനെ പ്രതികൂലമായി ബാധിച്ചു. ഇതിന്റെ ഫലമായി കര്‍ഷകര്‍ക്ക് സമയത്തിന് വിളവെടുക്കാന്‍ സാധിക്കാതെ വന്നു. ഇത് വിപണിയെ ബാധിച്ചത് നാരങ്ങക്ക് വിലകൂടുന്നതിന് കാരണമായി’; കാര്‍ഷിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.