കാലാവസ്ഥാ വ്യതിയാനം ബിയറിന്റെ രുചി മോശമാക്കുമെന്ന് പഠനം !

ലോകത്തെ പലവിധത്തിൽ സ്വാധീനിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് കാലാവസ്ഥാ വ്യതിയാനം അഥവാ ‘Climate change’. എന്നാൽ ലോകത്തിലെ പ്രിയപ്പെട്ട പാനീയങ്ങളിലൊന്നായ ബിയറിന്റെ രുചിയെയും ഗുണനിലവാരത്തെയും പോലും കാലാവസ്ഥ വ്യതിയാനം സ്വാധീനിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ആഗോളതാപനം ബിയറിന്റെ ഗുണത്തിലും രുചിയിലും മാറ്റം വരുത്തുന്നുവെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.

മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ കാരണം ബിയറിന്റെ തനതായ കയ്പ്പിന് കാരണമായ ഹോപ്‌സ് എന്ന സസ്യം ഭീഷണിയിലാണ് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കാലാവസ്ഥാ സാഹചര്യങ്ങളിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം ചെടിയുടെ അളവിനെയും ഗുണനിലവാരത്തെയും ബാധിക്കുകയും ബിയറിനെ കൂടുതൽ ചെലവേറിയതാക്കുകയും ചെയ്യുന്നു.

ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയുമായി കർഷകർ പൊരുത്തപ്പെടുന്നില്ലെങ്കിൽ 2050ഓടെ യൂറോപ്യൻ പ്രദേശങ്ങളിലെ ഹോപ്പ് വിളവിൽ 4-18 ശതമാനം ഇടിവ് ഉണ്ടാകുമെന്നാണ് ഗവേഷകരുടെ പ്രവചനം. വേനൽ കൂടുതൽ ചൂടുള്ളതും ദൈർഘ്യമേറിയതും വരണ്ടതും ആവുന്നതോടെ സ്ഥിതി ഇതിലും കൂടുതൽ വഷളാവുകയും ചെയ്തേക്കാം എന്നാണ് കണ്ടെത്തൽ.

2020-ൽ കൊവിഡ്-19 മഹാമാരി ഉണ്ടായതിന് ശേഷം ബിയറിന്റെ വില 13% വർധിച്ചിരുന്നു. ഉയർന്നതും കൂടുതൽ തീവ്രവുമായ താപനില ഹോപ്‌സിന്റെ കയ്പേറിയ ആസിഡുകൾ കുറയുന്നതിന് കാരണമായതായി ഗവേഷകർ പറയുന്നു. ഇത് രുചിയെ സ്വാധീനിക്കുകയും ചെയ്യും.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ മുൻകൈ എടുത്തിട്ടുണ്ടെങ്കിലും മനുഷ്യരുടെ പ്രവർത്തനം കൊണ്ടുണ്ടാകുന്ന നിന്നുള്ള ഹരിതഗൃഹ വാതകം പുറത്തു വിടുന്നത് പ്രധാനമായും താപനില ഉയരുന്നതിന് കാരണമാകുന്നുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച ബിയറിന്റെ ഉപഭോക്താവ് എന്ന പദവി ചെക്ക് റിപ്പബ്ലിക്കിന് സ്വന്തമാണ് എന്നാണ് ജാപ്പനീസ് ബിയർ നിർമ്മാതാക്കളായ കിരിൻ റിപ്പോർട്ട് ചെയ്തത്. അതേസമയം, ബിയർ ഉൽപ്പാദനത്തെ നിയന്ത്രിക്കുന്ന 500 വർഷം പഴക്കമുള്ള പ്യൂരിറ്റി നിയമത്തിന് പേരുകേട്ട ജർമ്മനി, ലോകമെമ്പാടുമുള്ള ആറ് ദശലക്ഷത്തിലധികം ബിയർ പ്രേമികളെ ആകർഷിക്കുന്ന ഏറ്റവും ജനപ്രിയമായ ഒക്‌ടോബർഫെസ്റ്റിന് ആതിഥേയത്വം വഹിക്കുകയും ഓരോ വർഷവും എണ്ണം വർദ്ധിക്കുകയും ചെയ്യുന്നുണ്ട്.

വെള്ളവും ചായയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മൂന്നാമത്തെ പാനീയമാണ് ബിയറെന്നാണ് ഗവേഷണ പ്രബന്ധത്തിൽ പറയുന്നത്. പരമ്പരാഗത ബിയർ നിർമ്മാണത്തിന് മധ്യ യൂറോപ്പിൽ സമ്പന്നമായ ചരിത്രമുണ്ട്. ബിസി 3500-3100 കാലഘട്ടത്തിൽ നിയോലിത്തിക്ക് കാലഘട്ടത്തിലായിരുന്നു ഇത് . വെള്ളം, മാൾട്ടഡ് ബാർലി, യീസ്റ്റ് എന്നിവ ഒഴികെയുള്ള ഹോപ്‌സ്, ബിയറിന് അതിന്റെ തനതായ രുചി നൽകുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.