ചാക്ക് നിറയെ ചില്ലറത്തുട്ടുമായി എത്തി സ്‌കൂട്ടര്‍ വാങ്ങി മടങ്ങി; വീഡിയോ വൈറല്‍

ചാക്ക് നിറയെ നാണയങ്ങളുമായി ഷോറൂമിലെത്തി സ്‌കൂട്ടര്‍ വാങ്ങി മടങ്ങുന്ന അസം സ്വദേശിയുടെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. അസമിലെ ബാര്‍പ്പേട്ട ജില്ലയിലെ ചെറുകിട വ്യാപാരിയാണ് തന്റെ ഏറെ നാളത്തെ സ്വപ്‌നമായ സ്‌കൂട്ടര്‍ വാങ്ങാന്‍ ചില്ലറത്തുട്ടുകളുമായി എത്തിയത്.

ഇയാള്‍ ചില്ലറത്തുട്ടുകള്‍ ചാക്കിലാക്കി ഹൗലിയിലെ ഷോറൂമില്‍ എത്തുകയായിരുന്നു. മൂന്ന് പേര്‍ ചേര്‍ന്നാണ് ചാക്ക് ഷോറൂമിലേക്ക് എത്തിച്ചത്. ചാക്കു നിറയെ ചില്ലറയുമായെത്തയ ആളെ കണ്ട് ജീവനക്കാര്‍ ആദ്യമൊന്ന് ഞെട്ടി. ചില്ലറത്തുട്ടുകള്‍ ഇവര്‍ കുട്ടകളിലേക്ക് മാറ്റുകയും ക്ഷമയോടെ എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്തു.

പണം എണ്ണിയതിന് ശേഷം വാഹനം വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഷോറൂം ജീവനക്കാര്‍ ഇയാള്‍ക്ക് സ്‌കൂട്ടറിന്റെ താക്കോല്‍ കൈമാറുകയും ചെയ്തു. രണ്ടിന്റെയും അഞ്ചിന്റെയും പത്തിന്റെയും തുട്ടുകളാണ് ഇതില്‍ ഉണ്ടായിരുന്നത്. ഏഴെട്ട് മാസം കൊണ്ടാണ് ഇയാള്‍ വാഹനത്തിന് വേണ്ടി പണം സ്വരൂപിച്ചത്.

അധ്വാനിക്കാനുള്ള മനസും ക്ഷമയും ഉണ്ടെങ്കില്‍ ഏതൊരു ആഗ്രഹവും നിങ്ങള്‍ക്ക് നേടിയെടുക്കാമെന്ന് ഈ യുവാവ് തെളിക്കുകയാണ് എന്ന അടിക്കുറിപ്പോടെ ഹിരാക് ജെ ദാസ് എന്ന യൂട്യൂബറാണ് വീഡിയോ പങ്കുവെച്ചത്. നിരവധി ആളുകള്‍ യുവാവിന് അഭിനന്ദനം അറിയിച്ചും ആശംസയറിയിച്ചും വീഡിയോ പങ്കുവെച്ചു കൊണ്ടിരിക്കുകയാണ്.