Wednesday, 23 September 2026
‘Honest storytelling is a powerful means of change
12:24:12 PM IST
Life

ജീൻ എഡിറ്റഡ് നെല്ലിനങ്ങൾ 2026 നവംബറിൽ വയലുകളിലേക്ക്; എതിർപ്പുമായി പരിസ്ഥിതി സംഘടനകൾ

Southlive 23 September 2026, 12:22 pm
SHARE

ഡോ ജോസ് ജോസഫ്

 


കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ 2025 മെയ് മാസത്തിൽ പുറത്തിറക്കിയ രണ്ട് ജീൻ എഡിറ്റഡ് നെല്ലിനങ്ങളിൽ ഒരെണ്ണം 2026 നവംബർ മാസത്തിൽ ഇന്ത്യയിലെ കർഷകരുടെ വയലുകളിൽ വ്യാപകമായ കൃഷിക്കു വേണ്ടി എത്തുകയാണ്. രാജ്യത്തെ കാർഷിക ഗവേഷണ ചരിത്രത്തിലെ നിർണ്ണായകമായ നാഴികക്കല്ലാണ് ജീൻ എഡിറ്റഡ് നെല്ലിനങ്ങൾ എന്ന അവകാശവാദത്തോടെയാണ് ഡിആർആർ ധൻ 100 (കമല), പൂസ റൈസ് ഡിഎസ്ടി 1 എന്നീ നെല്ലിങ്ങൾ കഴിഞ്ഞ വർഷം കേന്ദ്രം പുറത്തിറക്കിയത്.ഇതിൽ പൂസ റൈസ് ഡിഎസ്ടി 1 എന്ന നെല്ലിനത്തിൻ്റെ വിത്താണ് ഈ റാബി സീസണിൽ വ്യാപകമായ കൃഷിക്കു വേണ്ടി കേന്ദ്രം കർഷകർക്ക് കൈമാറുന്നത്. ജീൻ എഡിറ്റഡ് നെല്ലിനങ്ങൾ പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ വികസിപ്പിച്ചെടുത്ത ഈ നെല്ലിനങ്ങൾ രാജ്യത്ത് പുതിയ ഹരിത വിപ്ലവത്തിന് തുടക്കം കുറിക്കുമെന്നാണ് കേന്ദ്ര ഗവണ്മെൻ്റിൻ്റെ അവകാശവാദം.എന്നാൽ ജീൻ എഡിറ്റഡ് നെല്ലിനം 2026 നവംബറിൽ കൃഷിയിടങ്ങളിൽ എത്തുമെന്ന പ്രഖ്യാപനം വന്നതോടെ ഇത് വെറും ഗവേഷണ തട്ടിപ്പാണെന്ന് ആരോപിച്ചു കൊണ്ട് ഒരു വിഭാഗം പരിസ്ഥിതി സംഘടനകളും സംയുക്ത കിസാൻ മോർച്ചയും വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.


ജി എം വിളകളിൽ നിന്ന് വ്യത്യസ്തം ജനിതക വ്യതിയാനം വരുത്തിയ ജി എം വിളകളിൽ നിന്നു വ്യത്യസ്തമായി ജീൻ എഡിറ്റഡ് നെല്ലിനങ്ങളിൽ ബാക്ടീരിയകളിൽ നിന്നോ അന്യ വിളകളിൽ നിന്നോ എടുത്ത ബാഹ്യ ജീനുകളൊന്നും സന്നിവേശിപ്പിച്ചിട്ടില്ല. എസ്ഡിഎൻ1 (സൈറ്റ് ഡയറക്ടഡ് ന്യൂക്ലിയേസ്1 ) എന്ന ജീൻ എഡിറ്റിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നെല്ലിനങ്ങളുടെ തനത് ജിനോമിൽ മാറ്റങ്ങൾ വരുത്തുക മാത്രമാണ് ശാസ്ത്രജ്ഞർ ചെയ്തത്.2022 ൽ കേന്ദ്ര ഗവണ്മെൻ്റ് ജി എം വിളകൾക്ക് നടത്തുന്ന കർശനമായ സുരക്ഷാ പരിശോധനകളുടെ പരിധിയിൽ നിന്ന് എസ്ഡിഎൻ 1, എസ്ഡിഎൻ 2 എന്നീ ജീൻ എഡിറ്റിംഗ് സാങ്കേതിക വിദ്യകളെ ഒഴിവാക്കിയിരുന്നു. അതെ സമയം എസ്ഡിഎൻ 3 സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ജീൻ എഡിറ്റിംഗിന് ഈ ഇളവില്ല.ജീൻ എഡിറ്റഡ് വിളകൾ ആദ്യ ഘട്ടങ്ങളിൽ ജി എം വിളകൾക്ക് ബാധകമായ സുരക്ഷാ പരിശോധനകളിലൂടെ കടന്നു പോകണം. എന്നാൽ പിന്നീട് ചില ഇളവുകളുണ്ട്. 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിൻ്റെ ഭാഗമായി ജനിതക എൻജിനീയറിംഗ് നടത്തിയ ജീവികൾക്കു വേണ്ടി 1989 ൽ രൂപം നൽകിയ ചട്ടത്തിലെ 7 മുതൽ 11 വരെയുള്ള വകുപ്പുകൾ ജീൻ എഡിറ്റഡ് വിളകൾക്ക് ബാധകമല്ല.എന്നാൽ ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പ് ബാഹ്യ ജീനുകളില്ലെന്ന് തെളിയിക്കുകയും റിവ്യൂ കമ്മറ്റി ഓൺ ജനറ്റിക് മാനിപുലേഷൻ എന്ന കേന്ദ്ര സമിതിയുടെ അന്തിമ അനുമതി വാങ്ങുകയും വേണം.


കമല, പുസ റൈസ് ഡിഎസ് ടി1


ജീൻ എഡിറ്റിംഗ് 2001 മുതലെ നിലവിലുള്ള സാങ്കേതിക വിദ്യയാണ്. നാഷണൽ അഗ്രികൾച്ചറൽ സയൻസ് ഫണ്ട് ഉപയോഗിച്ച് ജീൻ എഡിറ്റഡ് നെൽവിത്തിനങ്ങൾ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണം 2018-ലാണ് ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ആരംഭിച്ചത്. വികസിപ്പിച്ചെടുത്ത രണ്ട് നെല്ലിനങ്ങൾ 2023, 2024 വർഷങ്ങളിൽ അഖിലേന്ത്യാ സംയോജിത നെല്ല് ഗവേഷണ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ വിവിധ കാർഷിക ഗവേഷണ കേന്ദ്രങ്ങളിൽ വിള പരീക്ഷണങ്ങൾക്ക് വിധേയമാക്കി.ഇതിൽ കമല (ഡിആർആർ ധൻ 100) എന്ന ഇനം ഹൈദരാബാദിലെ ഇന്ത്യൻ നെല്ല് ഗവേഷണ സ്ഥാപനമാണ് പുറത്തിറക്കിയത്.ഏറെ പ്രചാരത്തിലുള്ള സാംബ മഷൂറി എന്ന ഇനത്തിൽ ജീൻ എഡിറ്റിംഗ് നടത്തി വികസിപ്പിച്ചെടുത്ത കമല 20 ശതമാനം കൂടുതൽ വിളവ് നൽകും. ഹെക്ടറിന് 5.37 ടണ്ണാണ് ഉല്പാദനം.15-20 ദിവസം നേരത്തെ മൂപ്പെത്തും. വരൾച്ചയെ പ്രതിരോധിക്കും.ഈ ഇനം കേരളത്തിലേക്കും ശുപാർശ ചെയ്തിട്ടുണ്ട്. വർൾച്ചയെയും ഉപ്പുരസത്തെയും ഒരു പോലെ പ്രതിരോധിക്കുന്ന നെല്ലിനമാണ് ന്യൂ ഡെൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിട്യൂട്ട് വികസിപ്പിച്ചെടുത്ത പുസ റൈസ് ഡിഎസ് ടി 1. ക്ഷാരഗുണമുള്ള മണ്ണിലും വളരും.സാധാരണ മണ്ണിൽ വളരുമ്പോഴും നല്ല വിളവ് ലഭിക്കും


ജീൻ എഡിറ്റഡ് നെല്ലിനങ്ങൾ രാജ്യത്തെ നെൽകൃഷിയിൽ വഴിത്തിരിവാകുമെന്ന് ഐസിഎ ആർ വൃത്തങ്ങൾ അവകാശക്കപ്പടുന്നു.രണ്ട് ഇനങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കും കമലയുടെ ഗുണം പ്രധാനമായും അതിന്റെ കുറഞ്ഞ വിള ദൈർഘ്യം, ശക്തമായ തണ്ട്, വിഭവ ഉപയോഗ ശേഷി എന്നിവയാണ്.അതേസമയം പൂസ ഡിഎസ്ടി 1 ലവണാംശത്തെയും വരൾച്ചയെയും പ്രതിരോധിക്കും.


ഭക്ഷ്യ സുരക്ഷയിൽ നെൽകൃഷി പ്രധാനം


രാജ്യത്തിൻ്റെ ഭക്ഷ്യ സുരക്ഷയിൽ സുപ്രധാനമായ വിളയാണ് നെല്ല്. ഇന്ത്യയിലെ കൃഷി ഭൂമിയുടെ 23 ശതമാനത്തോളം നെൽകൃഷിയ്ക്കു വേണ്ടി നീക്കി വെച്ചിരിക്കുന്നു. 50 ദശലക്ഷത്തോളം ഹെക്ടർ സ്ഥലത്താണ് രാജ്യത്തെ നെൽകൃഷി. ആഗോള നെല്ല് ഉല്പാദനത്തിൻ്റെ 27 ശതമാനവും ഇന്ത്യയുടെ സംഭാവനയാണ്.2025-26 ൽ ഇന്ത്യ 24.5 ദശലക്ഷം ടൺ അരി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു. രാജ്യത്തെ നെല്ലുല്പാദനത്തിലുണ്ടാകുന്ന അപ്രതീക്ഷിത തിരിച്ചടികൾ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിൻ്റെ തന്നെ ഭക്ഷ്യ സുരക്ഷയെ അട്ടിമറിക്കും. കാലാവസ്ഥാ വ്യതിയാനം, ഭൂഗർഭ ജലത്തിൻ്റെ അമിതമായ ചൂഷണം, കുറഞ്ഞ വിഭവ വിനിയോഗ ശേഷി, അസന്തുലിതമായ രാസവള പ്രയോഗം തുടങ്ങി നിരവധി കാരണങ്ങളാൽ പഞ്ചാബ് ഉൾപ്പെടെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും നെൽകൃഷി പ്രതിസന്ധിയിലാണ്.ഒരു കിലോഗ്രാം നെല്ല് ഉല്പാദിപ്പിക്കാൻ കുറഞ്ഞത് 2500 ലിറ്റർ വെള്ളം വേണം.രാജ്യത്ത് ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ 50 ശതമാനവും നെൽകൃഷിയിലേക്കാണ് പോകുന്നത്. ചൂട് കൂടുന്ന കാലാവസ്ഥയിൽ ജലലഭ്യത ഗണ്യമായി കുറയും. അടുത്ത രണ്ട് പതിറ്റാണ്ടിനിടയിൽ നെൽകൃഷിക്ക് ലഭ്യമായ ജലം 10-15 ശതമാനം കണ്ട് കുറയും .അതെ സമയം ജനസംഖ്യാ വർധനവിന് ആനുപാതികമായി ഉല്പാദനം 25 ശതമാനമെങ്കിലും വർധിപ്പിക്കണം. കുറച്ച് വെള്ളം കൊണ്ട് കൂടുതൽ ഉല്പാദനം എന്നതാണ് വെല്ലുവിളി. ഇതിനെ നേരിടാനുള്ള ഉത്തരമാണ് ജീൻ എഡിറ്റിംഗിലൂടെ വികസിപ്പിച്ചെടുത്ത പുതിയ നെല്ലിനങ്ങൾ എന്നാണ് കേന്ദ്ര ഗവണ്മെൻ്റിൻ്റെ അവകാശ വാദം.


എൽ നിനോ നെല്ല് ഉല്പാദനം കുറയ്ക്കും


എൽ നിനോ പോലുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളെയും വരൾച്ചയെയും പ്രതിരോധിക്കണമെങ്കിൽ ജീൻ എഡിറ്റഡ് നെല്ലിനങ്ങൾ വേണം.എൽ നിനോയെ തുടർന്ന് 2026 ഖാരിഫ് സീസണിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 – 15 ലക്ഷം ഹെക്ടർ സ്ഥലത്ത് നെൽകൃഷി കുറഞ്ഞു.കൂടിയ അന്തരീക്ഷ താപനില ഈ വർഷം നെല്ലുൽപ്പാദനം കുറയ്ക്കും.ആഗോള തലത്തിൽ തന്നെ നെല്ലുൽപ്പാദനം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.ഈ സാഹചര്യത്തിൽ ജീൻ എഡിറ്റിംഗ് പോലുള്ള നവീന സാങ്കേതിക വിദ്യകളെ കൃഷിയിൽ നിന്നും മാറ്റി നിർത്താനാവില്ലെന്നാണ് കേന്ദ്ര ഗവണ്മെൻ്റിൻ്റെ നിലപാട്.


ജീൻ എഡിറ്റിംഗ് സുസ്ഥിര കൃഷിക്ക് യോജിച്ചതെന്ന് കേന്ദ്രം


പരമ്പരാഗത പ്രജനന രീതികളുമായി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യപ്പെടുത്തുമ്പോൾ ജീൻ എഡിറ്റിംഗ് ത്വരിത ഫലങ്ങൾ നൽകും. കൃത്യത കൂടുതലാണ്. ജിഎം വിളകളിൽ ആരോപിക്കപ്പെടുന്ന ജൈവ സുരക്ഷാ പ്രശ്നങ്ങളില്ല. അമേരിക്ക, ചൈന, ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ജീൻ എഡിറ്റഡ് വിളകളെ ജിഎം വിളകൾക്ക് ബാധകമായ കർശന സുരക്ഷാ പരിശോധനകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതെ പാതയാണ് ഇന്ത്യയും പിന്തുടരുന്നത്. കമല, ഡിഎസ്ടി റൈസ്1 എന്നീ ജീൻ എഡിറ്റഡ് നെല്ലിനങ്ങൾ സുസ്ഥിരമായ കൃഷിക്ക് യോജിച്ചവയാണ്. 2026 റാബി സീസണിൽ തുടക്കം കുറിച്ച്, അഞ്ച് ദശലക്ഷം ഹെക്ടർ സ്ഥലത്ത് ഈ ഇനങ്ങൾ കൃഷിയിറക്കാനാണ് കേന്ദ്രത്തിൻ്റെ പദ്ധതി. 15-20 ദിവസം മുപ്പ് കുറവായതിനാൽ ഈ ഇനങ്ങൾക്ക് രണ്ട് – മൂന്ന് റൗണ്ട് ജലസേചനം കുറയ്ക്കാം. ഇതിലൂടെ 7500 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം ലാഭിക്കാം. അതെ സമയം 4 -5 ദശലക്ഷം ടൺ നെല്ല് അധികമായി ഉല്പാദിപ്പിക്കാം. ഈ ഇനങ്ങൾ നെൽകൃഷിയിൽ നിന്നുള്ള മീഥെയ്ൻ വാതക വിസർജ്ജനം കുറയ്ക്കും. നൈട്രജൻ രാസവള വിനിയോഗ ശേഷിയും കൂടുതലാണെന്ന് ഐസിഎആർ അവകാശപ്പെടുന്നു.


ഗവേഷണം തട്ടിപ്പെന്ന് പരിസ്ഥിതി സംഘടനകൾ


ജീൻ എഡിറ്റഡ് നെല്ലിനങ്ങൾ സംബന്ധിച്ച കേന്ദ്രത്തിൻ്റെ അവകാശവാദങ്ങൾ ഊതിപ്പെരുപ്പിച്ചതാണെന്നും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ പ്രസിദ്ധീകരിച്ച ഡേറ്റ ഇതിനെ പിന്താങ്ങുന്നില്ലെന്നും ആരോപിച്ച് ഒരു വിഭാഗം പരിസ്ഥിതി സംഘടനകൾ എതിർപ്പുമായി രംഗത്തിറങ്ങിയിട്ടുണ്ട്. 2023, 2024 വർഷങ്ങളിലെ പരീക്ഷണ ഡേറ്റ പരിശോധിച്ചപ്പോൾ അവകാശവാദങ്ങളും യഥാർത്ഥ ഫലങ്ങളും തമ്മിൽ വലിയ അന്തരം കണ്ടെത്തി. പൂസ റൈസ് ഡിഎസ്ടി1 ഇനം മാതൃഇനത്തിൻ്റെ വിളവ് പോലും നൽകിയില്ല. വരൾച്ചാ പ്രതിരോധ ശേഷി, ഉപ്പുരസത്തോടുള്ള പ്രതിരോധ ശേഷി എന്നിവ തെളിയിക്കാനായില്ല.ചുരുക്കം ചില പരീക്ഷണ കേന്ദ്രങ്ങളിൽ മാത്രമാണ് ഉല്പാദന വർധനവ് രേഖപ്പെടുത്തിയത്.മറ്റ് കേന്ദ്രങ്ങളിലെ കുറവ് മറച്ചു വെച്ച് , അത് മാത്രം ഉയർത്തി കാട്ടുകയായിരുന്നു എന്നാണ് ആരോപണം. കമല എന്ന ജീൻ എഡിറ്റഡ് നെല്ലിനം അഖിലേന്ത്യാതലത്തിൽ മാതൃഇനമായ സാംബ മഷൂറിയേക്കാൾ 4 ശതമാനം വിളവ് കുറവാണ് രേഖപ്പെടുത്തിയത്.20 ദിവസം മുമ്പെ മുപ്പെത്തുമെന്ന അവകാശവാദവും തെളിയിക്കാനായില്ല.കൃത്യമായി പരീക്ഷിക്കപ്പെടാത്തതും, കാര്യക്ഷമത കുറഞ്ഞതും, സുരക്ഷിതമല്ലാത്തതുമാണ് ജീൻ എഡിറ്റഡ് നെല്ലിനങ്ങൾ.ഇത് കേന്ദ്രം തിടുക്കത്തിൽ പുറത്തിറക്കിയത് ആഗോള മുന്നേറ്റം എന്ന് അവകാശവാദം ഉയർത്താൻ വേണ്ടി മാത്രമാണ്. ഇതിനു വേണ്ട ഡേറ്റ വ്യാജമായി നിർമ്മിച്ചതാണെന്നാണ് ദി കോയലിഷൻ ഫോർ എ ജിഎം-ഫ്രീ ഇന്ത്യ എന്ന സംഘടനയുടെ നിലപാട്. ജീൻ എഡിറ്റഡ് നെല്ലിനങ്ങൾക്കെതിരെ നിരവധി ആരോപണങ്ങളാണ് 2026 സെപ്തംബറിൽ കേന്ദ്ര കൃഷി – കർഷക ക്ഷേമ മന്ത്രി ശിവ് രാജ് സിംഗ് ചൗഹാന് എഴുതിയ ഒരു കത്തിൽ ഈ സംഘടന ആരോപിച്ചിരിക്കുന്നത്.


മാനദണ്ഡങ്ങൾ കർശനമാക്കണമെന്ന് പരിസ്ഥിതി സംഘടനകൾ


ജീൻ എഡിറ്റഡ് വിത്തിനങ്ങൾക്ക് സാധാരണ വിത്തിനങ്ങൾ പുറത്തിറക്കുമ്പോൾ പിന്തുടരുന്ന നടപടി ക്രമങ്ങൾ പാലിച്ചാൽ മതിയെന്നാണ് കേന്ദ്ര കൃഷി വകുപ്പിൻ്റെ അഭിപ്രായം.എന്നാൽ ഒരു വിഭാഗം കൃഷിശാസ്ജ്ഞരും പരിസ്ഥിതി സംഘടനകളും ഇതിനെ എതിർക്കുന്നു. ജി എം വിളകളുടെ അതേ ജൈവ സുരക്ഷാ മാനദണ്ഡങ്ങൾ ജീൻ എഡിറ്റഡ് വിളകൾക്കും ബാധകമാക്കണം. ജീൻ എഡിറ്റഡ് വിളകളെ 2022 ൽ കർശനമായ സുരക്ഷാ പരീക്ഷണങ്ങളിൽ നിന്നും കേന്ദ്രം ഒഴിവാക്കിയത് കോർപ്പറേറ്റ് സ്വാധീനത്തിനു വഴങ്ങിയാണ്. ജി എം വിളകളെ ഇന്ത്യൻ കാർഷിക മേഖലയിലേക്ക് ഒളിച്ചു കടത്താനുള്ള കോർപ്പറേറ്റ് അജണ്ടയാണ് ഈ നെല്ലിനങ്ങൾ തിടുക്കത്തിൽ കൃഷിയിടങ്ങളിലേക്ക് എത്തിക്കുന്നതിന് പിന്നിൽ. ജീൻ എഡിറ്റഡ് വിളകൾക്ക് ജി എം വിളകളുടെ അതേ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്ന യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റീസിൻ്റെ 20l8 ലെ വിധിയും പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.


പേറ്റൻഡ് ടെക്നോളജി


ജീൻ എഡിറ്റഡ് നെല്ലിനങ്ങൾ വികസിപ്പിച്ചെടുത്തത് പൊതുമേഖലയിലുള്ള കാർഷിക ഗവേഷണ സ്ഥാപനങ്ങളാണ്. എന്നാൽ.ഉപയോഗിച്ചിരിക്കുന്നത് കുത്തക കമ്പനികൾക്ക് ബൗദ്ധിക സ്വത്തവകാശമുള്ള ടെക്നോളജിയും. പുതിയ രണ്ട് നെൽവിത്തിനങ്ങൾക്കും ഉപയോഗിച്ചിരിക്കുന്നത് CRISPR-Cas9 ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യയാണ് .ഇതിൻ്റെ പേറ്റൻ്റും ലൈസൻസ് അവകാശവും കൈവശം വെച്ചിരിക്കുന്നത് അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ കോർട്ടെവയാണ്. ഏന്ത് നിബന്ധനകളോടെയാണ് ഈ സാങ്കേതിക വിദ്യയുടെ ലൈസൻസ് കോർട്ടെവ ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് കൈമാറിയതെന്ന് വ്യക്തമല്ല.പേറ്റൻ്റഡ് വിത്തിനങ്ങളുടെ കൃഷി വിത്തിനങ്ങളുടെ മേൽ കർഷകർക്ക് നിലവിലുള്ള അവകാശങ്ങളിന്മേൽ കോർപ്പറേറ്റുകൾ കടന്നു കയറാൻ അവസരമൊരുക്കുമെന്ന് സംയുക്ത കിസാൻ മോർച്ച ആരോപിക്കുന്നു.വിത്തിൻ്റെ വില കുതിച്ചുയരും. ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാതെയാണ് ഐ സി എആർ തിടുക്കത്തിൽ വിത്തിനങ്ങൾ പുറത്തിറക്കിയത്.പാരിസ്ഥിതികമായി . സുസ്ഥിരമെന്ന് അവകാശപ്പെടുമ്പോഴും വിത്തിൻ്റെ വില കർഷകർക്ക് താങ്ങാവുന്നതിന് അപ്പുറമായിരിക്കും.


പ്രത്യാഘാതങ്ങൾ അപ്രവചനീയം


ജീൻ എഡിറ്റിംഗ് നാങ്കേതിക വിദ്യ തന്നെ സംശയത്തിൻ്റെ നിഴലിലാണ്. ജീൻ എഡിറ്റിംഗിന് ഉപയോഗിച്ച എസ്ഡിഎൻ സാങ്കേതിക വിദ്യ നെല്ലിൽ അപൂർണ്ണമാണ്. ഈ സാങ്കേതിക വിദ്യ ഉദ്ദേശിക്കാത്ത പാർശ്വഫലങ്ങൾ സൃഷ്ടിക്കുമെന്ന് ഓസ്ട്രേലിയയിലെയും ചൈനയിലെയും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ടെന്ന് പരിസ്ഥിതി സംഘടനകൾ ആരോപിക്കുന്നു. ഉദാഹരണത്തിന്, 2025 മാർച്ചിൽ, ചൈനയിലെ ഷാങ്ഹായിൽ ആറ് വയസ്സുകാരിയായ ഒരു പെൺകുട്ടി CRISPR അടിസ്ഥാനമാക്കിയുള്ള ഒരു പരീക്ഷണാത്മക ജീൻ തെറാപ്പി സ്വീകരിച്ച് ദിവസങ്ങൾക്ക് ശേഷം, കഠിനമായ രോഗപ്രതിരോധ പ്രതികരണത്തെ തുടർന്ന് മരിച്ചു.ഈ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ 2026 മധ്യത്തിൽ മാത്രമാണ് ചൈന പുറത്തുവിട്ടത്. അതുവരെ അത് മറച്ചുവെച്ചു.


ജീൻ എഡിറ്റിംഗ് ലക്ഷ്യം വെക്കാത്ത ഡിഎൻഎ യിലും ഉൾപരിവർത്തനം വരുത്തിയേക്കാം..ഇത് തദ്ദേശീയ നെല്ലിനങ്ങളിൽ ജനിതക മലിനീകരണത്തിന് കാരണമാകും. ജീൻ എഡിറ്റഡ് നെല്ലിനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പല തലമുറകളിലെ പഠനം വേണം. ഇത് നടത്തിയിട്ടില്ല. 2012 മുതൽ ഇന്ത്യ വിദേശങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്നുണ്ട്. ചില രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് ലേബലിംഗ് വേണ്ടി വരും. ജൈവ വിപണിയിൽ നിന്ന് ജീൻ എഡിറ്റഡ് നെല്ലിനങ്ങളെ അമേരിക്കയും യൂറോപ്യൻ യൂണിയനും ഒഴിവാക്കിയിട്ടുണ്ട് .ഇതെല്ലാം കർഷകർക്ക് പ്രതിസന്ധി സൃഷ്ടിക്കും.


ഉല്പാദനം വർധിപ്പിച്ചാൽ മാത്രം പോര, കർഷകർക്ക് വരുമാനം വേണം


നെല്ല് ഉല്പാദനം വർധിപ്പിക്കുക എന്നത് കർഷകരുടെ മാത്രം ബാധ്യതയല്ല.നെൽകൃഷിയിൽ നിന്നും ന്യായമായ വരുമാനം ലഭിക്കണമെന്നതാണ് കർഷകരുടെ ആവശ്യം. നെൽകർഷകർ നൽകുന്ന പാരിസ്ഥിതിക സേവനങ്ങൾക്ക് അർഹമായ പരിഹാരം നൽകാതെയും സംഭരണത്തിൽ ഉൾപ്പെടെയുള്ള നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെയും ഉല്പാദന വർധനവ് മാത്രം ലക്ഷ്യമിടുന്ന വിത്തിനങ്ങൾ പുറത്തിറക്കുന്നത് കർഷകർക്ക് പ്രയോജനം ചെയ്യില്ലെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു.


ഗവേഷണം സുതാര്യമാകണം


2023-24 ലെ കേന്ദ്ര ബജറ്റിൽ കാർഷിക വിളകളിലെ ജീൻ എഡിറ്റിംഗിനു വേണ്ടി 500 കോടി രൂപ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നീക്കിവെച്ചിരുന്നു. ഈ മേഖലയിൽ സ്വകാര്യ മേഖലാ ഗവേഷണവും പൊതു -സ്വകാര്യ മേഖലാ സംയുക്ത ഗവേഷണവും പ്രോത്സാഹിപ്പിക്കുക എന്നതാണ് കേന്ദ്ര നയം. നേരത്തെ വിളവെടുക്കുക, കാലാവസ്ഥാ വ്യതിയാനത്തെയും ചൂടിനെയും പ്രതിരോധിക്കുക, പോഷക മൂല്യം ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള ത്വരിത മാർഗ്ഗമാണ് ജീൻ എഡിറ്റിംഗ്.ഇപ്പോൾ പയറു വർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ എന്നിവ ഉൾപ്പെടെ 24 ഭക്ഷ്യ വിളകളിലും 15 ഹോർട്ടികൾച്ചർ വിളകളിലും ജീൻ എഡിറ്റഡ് വിത്തിനങ്ങൾ പുറത്തിറക്കാനുള്ള ഗവേഷണം അന്തിമഘട്ടത്തിലാണ്. അടുത്ത 5 വർഷങ്ങൾക്കുള്ളിൽ ( 2030-31) പയറു വർഗ്ഗ വിളകളുടെ 15 ജീൻ എഡിറ്റഡ് ഇനങ്ങൾ കേന്ദ്രം പുറത്തിറക്കും.ഇന്ത്യൻ കാർഷിക മേഖലയിലെ അടുത്ത ഉല്പാദന വിപ്ലവം ജീൻ എഡിറ്റഡ് കാർഷിക വിളകളിലൂടെയായിരിക്കണമെന്നാണ് കേന്ദ്രത്തിൻ്റെ തീരുമാനം. ഈ പുതിയ സാങ്കേതിക വിദ്യ വ്യാപകമാക്കുന്നതിന് മുമ്പ് കർഷകരുടെയും പരിസ്ഥിതി സംഘടനകളുടെയും ആശങ്കകൾ നീക്കാനും പരീക്ഷണ ഡേറ്റ സുതാര്യമായി പൊതു ജനങ്ങൾക്ക് ലഭ്യമാക്കാനും കേന്ദ്രം തയ്യാറാകണം

Read More

മോദിയുടെ സ്വന്തം ഗ്യാനേഷ് കുമാര്‍!; 10 മാസത്തിനിടെ 14 തവണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികളില്‍ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തി; പുറത്തുവരുന്നത് ഗ്യാനേഷും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറ

s
Southlive
View all posts →