'അതിഥി'കൾ 'അന്യരാ'യി മാറുമ്പോൾ

കഴിഞ്ഞ ക്രിസ്തുമസ് രാത്രിയിൽ കിഴക്കമ്പലത്തെ കിറ്റക്സ് കമ്പനിയിലുണ്ടായ സംഘർഷവും പൊലീസിനെതിരെ നടന്ന അക്രമവും ഗൗരവപൂർവം കൈകാര്യം ചെയ്യേണ്ട നിയമ പ്രശ്നമാണ്. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാനും അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും കർശന നടപടികൾ ആവശ്യമാണ് എന്നതിൽ തർക്കമില്ല.

എന്നാൽ നിർഭാഗ്യകരമായ ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിന് പുറത്തുനിന്ന് ജോലിക്കെത്തുന്ന അന്തർ സംസ്ഥാന തൊഴിലാളികളെയാകെ കുറ്റവാളികളും കുഴപ്പക്കാരുമായി മുദ്ര കുത്തുന്ന പ്രചാരണങ്ങൾ വീണ്ടും സജീവമായിരിക്കുന്നു. പെരുമ്പാവൂരിൽ ജിഷയുടെ കൊലപാതകം നടന്നപ്പോഴും കോവിഡ് ലോക്ഡൗൺ കാലത്ത് ചില പ്രദേശങ്ങളിൽ നാട്ടിലേക്ക് പോകണമെന്ന ആവശ്യമുയർത്തി തൊഴിലാളികൾ സംഘടിച്ചപ്പോഴും മറ്റ് പല സന്ദർഭങ്ങളിലും സമാനമായ എതിർപ്പുകളും പ്രചാരണങ്ങളും അരങ്ങേറി. പലപ്പോഴും വംശീയ മുൻവിധികളോടെയാണ് തൊഴിലാളികളെ അപരവൽക്കരിക്കാൻ ശ്രമിച്ചത്. ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് അന്തർ സംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് കണ്ടെത്തിയപ്പോൾ കേരളത്തിന് പുറത്തുനിന്ന് വരുന്ന തൊഴിലാളികളെല്ലാം കുറ്റവാസനയുള്ളവരും ക്രിമിനലുകളും ഭയപ്പെടേണ്ടവരുമാണെന്ന തോന്നൽ സൃഷ്ടിക്കപ്പെട്ടു. ഭയജനകമായ വാർത്തകൾ നിർമ്മിച്ചെടുത്ത മാധ്യമങ്ങൾക്കും ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്.

ലോക് ഡൗൺ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ കേരളം പ്രത്യേക പരിഗണന നൽകേണ്ട ‘അതിഥി തൊഴിലാളികൾ’ എന്ന വിശേഷണമാണ് അവർക്ക് നൽകിയത്. അവർക്ക് വേണ്ടി നടത്തിയ പ്രഖ്യാപനങ്ങൾ എത്രമാത്രം നടപ്പായി എന്നത് മറ്റൊരു വിഷയമാണ്. എങ്കിലും പഞ്ചായത്തുകളുടെയും നഗരസഭകളുടെയും അടുക്കളകളിൽ നിന്നുള്ള ഭക്ഷണവും ഭക്ഷ്യവസ്തുക്കളും തൊഴിൽ രഹിതരായ തൊഴിലാളികൾക്ക് കുറെയെങ്കിലും ലഭ്യമായി. നാട്ടുകാരും സൗമനസ്യത്തോടെ അവരോട് പെരുമാറി. എന്നാൽ അനിശ്ചിതമായ ഭാവിയിൽ ആശങ്കപ്പെട്ട് നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ചിലയിടങ്ങളിൽ തൊഴിലാളികൾ സംഘടിച്ചതോടെ അതിഥികൾ പെട്ടെന്ന് കുഴപ്പക്കാരും തീവ്രവാദികളുമായി. വയറ് നിറയെ ഭക്ഷണം കൊടുത്തിട്ടും ‘എല്ലിൻ്റെ ഇടയിൽ കുത്തുന്ന’ കുഴപ്പക്കാരാണ് എന്നാണ് അവർക്കെതിരെ തിരിഞ്ഞവർ ആരോപിച്ചത്. ഇങ്ങനെ പല സന്ദർഭങ്ങളിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പോലും ഈ തൊഴിലാളികൾ വിദ്വേഷത്തിനും സംശയത്തിനും ഇരകളായി. മലയാളികൾ അവൻ്റെ പുരോഗമനത്തിൻ്റെയും ഉദാരതയും അഴിച്ചുവെച്ച് വംശീയ വിദ്വേഷത്തിന് സമാനമായ ശത്രുതയോടെ പെരുമാറി.

കിഴക്കമ്പലത്തെ അക്രമങ്ങളെ തുടർന്നും സമാനമായ തരത്തിലാണ് രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളും സോഷ്യൽ മീഡിയ പോരാളികളും അവർക്കെതിരെ വാളോങ്ങിയിരിക്കുന്നത്. കിഴക്കമ്പലം ഉൾപ്പെടെ നാല് പഞ്ചായത്തുകളിൽ ഭരണം പിടിച്ചെടുക്കുകയും നിയമസഭ തെരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിൽ ഗണ്യമായ വോട്ട് നേടുകയും ചെയ്ത കിറ്റക്സ് എംഡിയും 20:20 എന്ന പാർട്ടിയുടെ സ്ഥാപകനുമായ സാബു ജേക്കബിനോട് രണ്ട് മുന്നണികൾക്കുള്ള വിരോധം പ്രകടിപ്പിക്കാനുള്ള അവസരമായി കൂടിയാണ് ഈ സംഭവത്തെ ഉപയോഗപ്പെടുത്തുന്നത്. സാബുവിൻ്റെ ഗുണ്ടകളായ തൊഴിലാളികൾ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് നടത്തിയ അക്രമങ്ങളാണ് നടത്തിയതെന്നാണ് സിപിഎമ്മും കോൺഗ്രസും ആരോപിച്ചത്. സാബു കുറ്റവാളികളെ താമസിപ്പിച്ചിരിക്കുകയാണെന്നും അവർ നാട്ടുകാരെ നിരന്തരം ആക്രമിക്കുകയാണെന്നുമുള്ള ആരോപണങ്ങളാണ് ഉയരുന്നത്. ‘താലിബാൻ മോഡൽ’ ആക്രമണം എന്നാണ് കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാൻ സംഭവത്തെ വിശേഷിപ്പിച്ചത്. അക്രമം നടത്തിയവർ സാബു ജേക്കബ്ബിൻ്റെ ഗുണ്ടകളും ക്രിമിനലുകളുമാണ് എന്നായിരുന്നു കുന്നത്തുനാട് എം എൽ എ ആയ പി വി ശ്രീനിജൻ്റെ ആരോപണം. എത്ര നിരുത്തരവാദപരമാണ് ജനപ്രതിനിധികളുടെ പരാമർശങ്ങൾ എന്നോർക്കുക. കിറ്റക്സിലും മറ്റിടങ്ങളിലും തൊഴിലെടുക്കുന്ന അന്തർ സംസ്ഥാന തൊഴിലാളികളുടെ കൂടി പ്രതിനിധികളാണ് തങ്ങളെന്ന് അവർ മറന്നുപോകുന്നു. സാബു ഗുണ്ടാസംഘങ്ങളെ പോറ്റിവളർത്തുന്നുണ്ടെങ്കിൽ അദ്ദേഹത്തിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ശ്രീനിജിൻ്റെ സർക്കാരിന് കഴിയാത്തതെന്ത്? കിറ്റക്സിൽ വിവിധ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ എന്ത് തുടർനടപടിയാണ് സ്വീകരിച്ചത്? എത്ര ക്രിമിനലുകളെ കണ്ടെത്താൻ കഴിഞ്ഞു? അവരുടെ താമസ സ്ഥലങ്ങളിൽ നിന്ന് എത്രമാത്രം മയക്കുമരുന്ന് കണ്ടെത്തി? നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തോടെ 20:20 രാഷ്ട്രീയം ഏതാണ്ട് മതിയാക്കിയ നിലയിലാണ് സാബു ജേക്കബ്. പ്രകോപനത്തിലൂടെ അദ്ദേഹത്തെ വീണ്ടും രംഗത്തിറക്കാനാണോ കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നത്? 20:20 എന്ന അരാഷട്രീയ സംഘത്തെ പരാജയപ്പെടുത്താൻ രാഷ്ട്രീയമായ മാർഗങ്ങളാണ് സ്വീകരിക്കേണ്ടത്. ഇപ്പോൾ സാബു ജേക്കബിനോടുള്ള രാഷ്ട്രീയ വിരോധം തീർക്കാൻ ശ്രമിക്കുന്നവർ ഫലത്തിൽ അന്തർ സം സംസ്ഥാന തൊഴിലാളികളോടുള്ള നാട്ടുകാരുടെ വംശീയ വിദ്വേഷം ഉദ്ദീപിപ്പിക്കുകയാണ് ചെയ്യുന്നത്.

അതേ സമയം പി വി ശ്രീനിജൻ ഉന്നയിച്ച മറ്റൊരു ആരോപണം ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. അഞ്ച് പേർക്ക് കഴിഞ്ഞുകൂടാവുന്ന കൂരകളിൽ പത്തും പതിനഞ്ചും പേർ കഴിഞ്ഞുകൂടുന്നത് മൂലം തൊഴിലാളികൾ അനുഭവിക്കുന്ന അസ്വസ്ഥത പ്രശ്നങ്ങൾക്ക് കാരണമാണെന്ന് അദ്ദേഹം പറയുന്നു. അത് വസ്തുതയാണെങ്കിൽ ഇക്കാര്യം പരിശോധിച്ച് കണ്ടെത്തിയ ലേബർ ഡിപ്പാർട്ട്മെൻ്റ് ഇത്രയും കടുത്ത മനുഷ്യാവകാശ ലംഘനം പരിഹരിക്കാൻ എന്ത് നടപടി സ്വീകരിച്ചുവെന്ന് കൂടി സർക്കാരും എംഎൽഎയും മറുപടി പറയണം. തൊഴിലുടമ തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കുന്നുണ്ടെങ്കിൽ അത് അവസാനിപ്പിക്കേണ്ടത് സർക്കാരിൻ്റെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും ഉത്തരവാദിത്വമാണ്. ഒന്നര വർഷമായി കമ്പനി വളപ്പിൽ നിന്ന് പുറത്തിറങ്ങാത്ത തൊഴിലാളികളുണ്ടെന്നാണ് സാബു ജേക്കബ് ഒരു ചർച്ചയിൽ പറഞ്ഞത്. ശ്രീനിജനും സാബുവും പറഞ്ഞത് കൂട്ടിവായിക്കാമെങ്കിൽ കിറ്റക്സ് കമ്പനിയിൽ അടിമ സമാനമായി ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളി കളുണ്ട് എന്നാണ് അർത്ഥം. നിയമവിരുദ്ധമായ ലേബർ ക്യാംപുകൾ അവിടെ പ്രവർത്തിക്കുന്നുണ്ട്. അവിടെ കഴിയുന്നവർ സ്വാഭാവികമായി അസ്വസ്ഥരായിരിക്കും. ഏതെങ്കിലും സന്ദർഭത്തിൽ അവർ അത് പ്രകടിപ്പിക്കാതിരിക്കില്ല. കിറ്റക്സിനുള്ളിൽ പ്രതിഷേധങ്ങൾ പ്രകടിപ്പിക്കുന്നവരെ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കായികമായി കൈകാര്യം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്.

ക്രിസ്തുമസ് ദിവസം അവിടെ നടന്നതെന്ത് എന്നതിനെക്കുറിച്ച് പൊലീസും കമ്പനി ഉടമ സാബു ജേക്കബ്ബും നൽകുന്ന വിശദീകരണങ്ങൾ മാത്രമാണ് നമ്മുടെ മുന്നിലുള്ളത്. ക്രിസ്തുമസ് ആഘോഷ ലഹരിയിൽ മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും തമ്മിലടിച്ച തൊഴിലാളികൾ പരസ്പരം ഏറ്റുമുട്ടി. സംഘർഷം അവസാനിപ്പിക്കാൻ ചെന്ന പൊലീസിനെ സംഘടിതമായി ആക്രമിച്ചുവെന്നുമാണ് പൊലീസിൻ്റെ വാദം. അതിൻ്റെ അടിസ്ഥാനത്തിലാണ് 164 തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. എന്നാൽ 23 പേർ മാത്രമാണ് അക്രമം നടത്തിയതെന്നും മറ്റുളളവർ നിരപരാധികളാണെന്നും സാബു ജേക്കബ് പറയുന്നു. കുറ്റവാളികൾക്ക് കർശന ശിക്ഷ നൽകണമെന്നും യഥാ സമയം പരിശോധന നടത്തിയിരുന്നെങ്കിൽ അവർ ഉപയോഗിച്ച ലഹരി വസ്തുക്കൾ ഏതെന്ന് കണ്ടെത്താമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

എന്നാൽ ചില ചോദ്യങ്ങൾ ബാക്കിയുണ്ട്. അക്രമം നടത്തിയതായി ആരോപിക്കപ്പെടുന്നവരോ അതിൽ പങ്കെടുക്കാത്തവരോ ആയ തൊഴിലാളികൾക്ക് ഈ സംഭവത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? തൊഴിലാളികളും കമ്പനിയിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ? പൊലീസ് തൊഴിലാളികൾക്ക് നേരെ കടുത്ത ബലപ്രയോഗത്തിന് ശ്രമിച്ചതാണോ സംഘർഷത്തിന് ഇടയാക്കിയത്? തൊഴിലാളികൾ പരസ്പരം ഏറ്റുമുട്ടിയെങ്കിൽ എത്ര പേർക്ക് പരിക്കേറ്റു? എന്തായിരുന്നു സംഘർഷത്തിൻ്റെ പ്രകോപനം? ഇതിനെല്ലാം ഉത്തരം കിട്ടണമെങ്കിൽ തൊഴിലാളികൾക്ക് പറയാനുള്ളത് കൂടി അറിയണം. അക്രമങ്ങളിൽ ഏർപ്പെടാത്ത നിരപരാധികളെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്യുന്നതെങ്കിൽ അത് കടുത്ത മനുഷ്യാവകാശ ലംഘനവും നിയമവിരുദ്ധതയുമാണ്.

‘സാബുവിൻ്റെ ഗുണ്ടകളാണ്’ തൊഴിലാളികൾ എന്ന ആരോപണവും പരിശോധിക്കപ്പെടണം. ശക്തമായ ട്രേഡ് യൂണിയനുകൾ നിലവിലുള്ള കേരളത്തിലെ ഒരു കമ്പനിയിൽ ഇക്കാലത്തും മുതലാളിയുടെ ഗുണ്ടകളായി കുറെ പേർ ജോലി ചെയ്യുന്നുണ്ടെങ്കിൽ അതിനെ നേരിടാൻ യൂണിയനുകൾക്ക് ബാധ്യതയുണ്ട്. എന്തുകൊണ്ടാണ് അവർ അതിൽ പരാജയപ്പെട്ടത്? കിറ്റക്സിൽ നിരവധി തൊഴിലവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്ന് ട്രേഡ് യൂണിയനുകളും രാഷ്ട്രീയ പാർട്ടികളും നിരന്തരം ആരോപിക്കുമ്പോൾ അത് തടയാൻ കഴിയാത്തത് അവരുടെ തന്നെ പരാജയമാണ്. കിറ്റക്സ് കമ്പനിയിൽ ഒരു തൊഴിലാളി യൂണിയൻ പോലുമുണ്ടോ എന്ന് സംശയമാണ്. ഉണ്ടായിരുന്നെങ്കിൽ ഇതര സംസ്ഥാന തൊഴിലാളികളും അതിൽ അംഗങ്ങളാകുമായിരുന്നു. അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമായിരുന്നു.

ഏതാനും സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെത്തുന്ന തൊഴിലാളികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരും സംശയിക്കപ്പെടേണ്ടവരുമാണ് എന്ന പൊതുബോധമാണ് രൂപപ്പെട്ടിരിക്കുന്നത്. പൊലീസിനും മാധ്യമങ്ങൾക്കും ഇതിൽ വലിയ പങ്കുണ്ട്. എന്നാൽ കേരളത്തിലെ ക്രിമിനൽ കേസുകളിൽ എത്രയോ കുറവാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട സംഭവങ്ങൾ എന്നതാണ് വസ്തുത. ഒറ്റപ്പെട്ട ചില അക്രമങ്ങൾ ഉണ്ടാകുമ്പോൾ അവർക്കെതിരായ ഭയവും വിദ്വേഷവും ഊതിപ്പെരുപ്പിക്കപ്പെടുന്നു. ഇതുതന്നെയാണ് അന്തർ സംസ്ഥാന തൊഴിലാളികളും ലഹരിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും. മലയാളികൾ ഉപയോഗിക്കുന്നത് പോലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന തൊഴിലാളികളും മയക്കുമരുന്നും മദ്യവും ഉപയോഗിക്കുന്നവരുണ്ട്. ലഹരി വസ്തുക്കൾ കടത്തിക്കൊണ്ട് വരുന്നവരും ഉണ്ടാകും. എന്നാൽ കേരളത്തിലെ മയക്കുമരുന്ന് വിതരണ ശൃംഖലയുടെ നടത്തിപ്പുകാരാണ് പുറത്തു നിന്ന് വരുന്നവർ എന്ന തരത്തിലാണ് പലപ്പോഴും പ്രചരിപ്പിക്കപ്പെടുന്നത്. മലയാളികൾ ഉൾപ്പെട്ട ലഹരിമരുന്ന് കേസുകളെ അപേക്ഷിച്ച് എത്രയോ തുച്ഛമാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട കേസുകൾ.

സമാനമായ തരത്തിലാണ് മറ്റ് ക്രിമിനൽ പ്രവൃത്തികളിലും ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ പെരുപ്പിക്കുന്ന വാർത്തകളും സോഷ്യൽ മീഡിയ പ്രചാരണങ്ങളും. കേരളത്തിൽ സമീപകാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അക്രമ സംഭവങ്ങളിൽ ഭൂരിപക്ഷവും പ്രതിസ്ഥാനത്ത് മലയാളികളാണ്. വീടുകൾക്കുള്ളിൽ പോലും ലൈംഗിക അക്രമങ്ങൾ നടക്കുന്നു. ഭൂരിപക്ഷം സംഭവങ്ങളും പുറത്തറിയാറില്ല എന്ന് മാത്രം. എന്നാൽ ജിഷ കേസ് പോലെ ചില ഒറ്റപ്പെട്ട കേസുകളുടെയും ചില സംഭവങ്ങളുടെയും പേരിൽ ഇതര സംസ്ഥാന തൊഴിലാളികളെ ഭയന്ന് ജീവിക്കേണ്ട സ്ഥിതിയിലാണ് മലയാളി പെൺകുട്ടികൾ എന്ന് പ്രചരിപ്പിക്കപ്പെടുന്നു. മാത്രമല്ല മലയാളികളുടെ തൊഴിലും ഉപജീവനവും തട്ടിയെടുക്കുന്നവരാണ് അവരെന്ന വ്യാപകമായ തെറ്റിദ്ധാരണയും വേരൂന്നിയിട്ടുണ്ട്. ഒരു തരത്തിലുള്ള വംശീയ വിദ്വേഷമാണ് ഇതിലൂടെ ബലപ്പെടുന്നത്.

1960 കളിലും 70കളിലും ബോംബെയിലും മഹാരാഷ്ട്രയിലെ മറ്റ് ചില നഗരങ്ങളിലും മലയാളികൾക്കും തമിഴർക്കുമെതിരെ അഴിച്ചുവിട്ട വംശീയ വിദ്വേഷത്തിൻ്റെ ചെറു പകർപ്പുകളാണ് കേരളത്തിലും പ്രചരിപ്പിക്കപ്പെടുന്നത്. എന്നാൽ ഇതര സംസ്ഥാന തൊഴിലാളികൾ പണിയെടുത്തില്ലെങ്കിൽ കേരളത്തിലെ ഉൽപ്പാദന മേഖലകളും സേവന മേഖലകളും സ്തംഭിച്ചുപോകുമെന്നത് വാസ്തവമാണ്. ഏതാണ്ട് 25 ലക്ഷത്തിനടുത്ത് തൊഴിലാളികൾ പശ്ചിമ ബംഗാൾ, ബീഹാർ, ഒഡീഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നെത്തി ജോലി ചെയ്യുന്നുണ്ട്. കേരളത്തിലെ കെട്ടിട നിർമാണ മേഖല മുതൽ കൃഷിയും കച്ചവടവും ഓടകൾ വൃത്തിയാക്കുന്നതും അടക്കമുള്ള ജോലികൾ ചെയ്യുന്നതിൽ വലിയ പങ്ക് അവരാണ്. അവർ മലയാളികളുടെ തൊഴിൽ തട്ടിയെടുത്തവരല്ല. മറിച്ച് തങ്ങളുടെ പ്രദേശങ്ങളിൽ കൃഷിയിടങ്ങളിൽ നിന്നും മറ്റ് തൊഴിലിടങ്ങളിൽ നിന്നും പുറന്തള്ളപ്പെട്ടവരാണ്. ജീവിക്കാനുള്ള വക തേടിയാണ് താരതമ്യേന മികച്ച കൂലിയും ജീവിത സാഹചര്യങ്ങളുമുള്ള കേരളത്തിലെത്തിയത്. മലയാളികൾ ഒഴിഞ്ഞുപോയ തൊഴിൽ മേഖലകളിലേക്ക് അവർ കടന്നുവന്നു. 60കളിലും 70കളിലും മുംബൈയിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും പിന്നീട് ഗൾഫിലേക്കും മലയാളികൾ നടത്തിയ കുടിയേറ്റത്തിന് സമാനമാണ് കേരളത്തിലേക്കുള്ള തൊഴിലാളികളുടെ വരവ്.

വളരെ മോശപ്പെട്ട, വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികളിൽ ഏറെപ്പേരും കഴിഞ്ഞുകൂടുന്നത്. തൊഴിലിടങ്ങളിൽ ചൂഷണവും വേതനത്തിലെ അസമത്വവും നേരിടുന്നവരുണ്ട്. പലപ്പോഴും അപകടങ്ങൾ സംഭവിക്കുമ്പോൾ മെച്ചപ്പെട്ട ചികിത്സയോ തൊഴിൽ സ്ഥലത്ത് മരിക്കുമ്പോൾ അർഹമായ നഷ്ടപരിഹാരമോ ലഭിക്കാറില്ല. തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടാറില്ല. മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ പോലും കടുത്ത ബുദ്ധിമുട്ടുകളും സാമ്പത്തിക ചൂഷണവും നേരിടുന്നു. ദരിദ്രരായ ദലിതരോ ആദിവാസികളോ മുസ്ലിങ്ങളോ ആണ് കുടിയേറ്റ തൊഴിലാളികൾ ഏറെയും.

അതുകൊണ്ട് തന്നെ മാവോയിസ്റ്റ് ബന്ധവും തീവ്രവാദ ബന്ധവും ആരോപിച്ച് ജയിലിൽ അടയ്ക്കപ്പെടുന്ന നിരപരാധികളുമുണ്ട്. മോഷണവും ക്രിമിനൽ കേസുകളും ഇവർക്ക് മേൽ ചുമത്തപ്പെട്ടുന്നു. എന്തെങ്കിലും ക്രിമിനൽ കുറ്റങ്ങൾ നടക്കുമ്പോൾ അവർ സംശയത്തിൻ്റെ നിഴലിലാകുന്നു. മുംബൈയിലേക്ക് പോയ ആദ്യകാല മലയാളികൾ അനുഭവിച്ച പ്രശ്നങ്ങൾക്ക് സമാനമാണ് കേരളത്തിൽ അവർക്ക് നേരിടേണ്ടി വരുന്നത്.

എന്നാൽ ഇതര സംസ്ഥാന തൊഴിലാളികളോട് വംശീയ വിദ്വേഷം പുലർത്തുന്നവരും വളർത്തുന്നവരും കേരളീയരുടെയും ശത്രുക്കളാണ്. കാരണം കേരളം നേടിയെന്ന് അഭിമാനിക്കുന്ന പുരോഗതിയുടെയും നേട്ടങ്ങളുടെയും പിന്നിൽ പല നാടുകളിലേക്കുള്ള കുടിയേറ്റങ്ങൾക്കും പ്രവാസ ജീവിതത്തിനും ഗണ്യമായ പങ്കുണ്ട്. പ്രവാസിയുടെ വിയർപ്പുകൊണ്ട് ജീവിക്കുന്ന നാടാണ് കേരളമെന്ന് പറയാം. സംസ്ഥാനത്തിന്‍റെ വരുമാനത്തിൽ 30 ശതമാനവും അന്യ നാടുകളിൽ പണിയെടുക്കുന്ന തൊഴിലാളികളും ബിസിനസുകാരും പ്രൊഫഷണലുകളും അയക്കുന്ന പണമാണ്. ഇന്ത്യയിൽ ഏറ്റവുമധികം പ്രവാസി വരുമാനമുള്ള കേരളത്തിൻ്റെ വരുമാന പ്രതിസന്ധിയെ മറികടക്കുന്നതിൽ ഈ പണത്തിനുള്ള പങ്ക് വളരെ വലുതാണ്. കേരളം നേരിട്ട പട്ടിണിയും തൊഴിലില്ലായ്മയും ഒരു പരിധി വരെ മറികടന്നതും അതിലൂടെയാണ്. പ്രവാസികളുടെ 2,30,000 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലുള്ളതെന്നാണ് കണക്കുകൾ പറയുന്നത്.

40 ലക്ഷത്തിലേറെ മലയാളികൾ വിദേശ രാജ്യങ്ങളിലാണ് ജോലി ചെയ്യുന്നത്. ഇതര സംസ്ഥാനങ്ങളിലും ദശലക്ഷക്കണക്കിന് മലയാളികളുണ്ട്. മലയാളികൾ ഉൾപ്പെട്ട ഏതെങ്കിലും സംഭവങ്ങളുടെ പേരിൽ അവർ പണിയെടുക്കുന്ന നാടുകളിൽ മലയാളികളാകെ വിദ്വേഷത്തിനും സംശയത്തിനും ഇരയാകുന്ന സാഹചര്യം ഓർത്ത് നോക്കൂ. അതുപോലെ തന്നെയാണ് സ്വന്തം നാട്ടിൽ കഴിയുന്ന കുടുംബത്തെ പോറ്റാൻ കേരളത്തിൽ പണിയെടുത്ത് ജീവിക്കുന്ന തൊഴിലാളികളുടെ അവസ്ഥയും.

ഏത് അക്രമങ്ങളിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിലും കുറ്റവാളികൾ നിയമപരമായി ശിക്ഷിക്കപ്പെടണം. എന്നാൽ അതിൻ്റെ പേരിൽ അവർ ഉൾപ്പെട്ട സമൂഹത്തെ അപരവൽക്കരിക്കുകയും അവരോട് വംശീയ വിദ്വേഷം പുലർത്തുകയും ചെയ്യുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതിയുടെ നിഷേധമാണ്. വ്യത്യസ്ത ജന വിഭാഗങ്ങൾ ജീവിക്കുന്ന ഇടങ്ങളിൽ മനുഷ്യർക്കിടയിൽ ഉണ്ടാകേണ്ടത് സാഹോദര്യമാണ്.