കോണ്‍ഗ്രസുകാര്‍ വിഷമിക്കരുത്. എ.കെ.ജി സെന്ററിന്റെ ഗേറ്റ് തുറന്നു തന്നെ കിടക്കുന്നുണ്ട്.

കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കാണ് ഇപ്പോഴത്തെ കേരള രാഷ്ട്രീയത്തിലെ മുഖ്യവാര്‍ത്ത. സിപിഎം ഓപ്പണ്‍ ഡോര്‍ പോളിസി ആരംഭിച്ചതോടെ, കെ പി സിസി അദ്ധ്യക്ഷന്‍ സുധാകരന്റെ രാഷ്ട്രീയ ശൈലി വലിയ വെല്ലുവിളി നേരിടുകയാണെന്ന കാര്യത്തില്‍ സംശയമില്ല. ഇനി അങ്ങോട്ട് കൂടുതല്‍ ആളുകള്‍ പോകുമെന്നാണ് ഇതിനകം മറുപാളയത്തില്‍ എത്തിയവര്‍ പറയുന്നത്.

സാദ്ധ്യതയുടെ കലയാണ് രാഷ്ട്രീയമെന്നത് നേരത്തെ തിരിച്ചറിഞ്ഞവരാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍. ഒരു ദിവസം തന്നെ പല തവണ കൂറുമാറിയ നേതാവിന്റെ പേരില്‍ ആയാറാം ഗയറാം എന്ന പ്രയോഗം തന്നെ രാഷ്ട്രീയ ചരിത്രത്തില്‍ എഴുതി ചേര്‍ക്കപ്പെട്ടു. 1967 ല്‍ ഹരിയാനയിലെ ഗയാ ലാല്‍ എന്ന എംഎല്‍എ ഒരു ദിവസം തന്നെ പല തവണ നടത്തിയ കൂറുമാറ്റമാണ് ആയാ റാം ഗയാ റാം എന്ന പദപ്രയോഗത്തിന് പിന്നീട് കാരണമായത്. ഇപ്പോള്‍ കൂറുമാറ്റത്തിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും ദേശീയ തലത്തില്‍ ബിജെപി സ്വാധീനം ശക്തമാക്കിയതിന് ശേഷം. കോണ്‍ഗ്രസില്‍നിന്ന് എത്ര എത്ര നേതാക്കളാണ് മോദിയുടെയും അമിത് ഷായുടെയും പ്രഭാവലയത്തില്‍ മയങ്ങി ബിജെപി പാളയത്തില്‍ എത്തിയത്. തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ ഭൂരിപക്ഷവും ബിജെപി പാളയത്തിലെത്തുന്ന സംഭവങ്ങളും ഉണ്ടായി. എന്നാല്‍ ഇതൊന്നും കേരളത്തില്‍ ഉണ്ടായില്ല. അതേ സമയം രാഷ്ട്രീയ പാര്‍ട്ടികള്‍ മാറുന്നത് ഇവിടെയും സ്വാഭാവികമായിരുന്നു. ഡിസിസി പ്രസിഡന്റായിരുന്നു ടികെ ഹംസ. അദ്ദേഹം പിന്നെ സിപിഎമ്മിന്റെ നേതാവായി.

ചെറിയാന്‍ ഫിലിപ്പ് സിപിഎം അംഗമായില്ലെങ്കിലും നേതാക്കളുടെ വിശ്വസ്തനായി, ചില സര്‍ക്കാര്‍ പദവികള്‍ നേടിയെടുത്തു. എന്നാല്‍ ഇപ്പോള്‍ ഒരു പുതിയ ട്രെന്റിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് തോന്നുന്നു. കേന്ദ്രത്തില്‍ ബിജെപി ശക്തമായപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ മറുകണ്ടം ചാടിയതു പോലെ, കേരളത്തില്‍ സിപിഎം ശക്തമാകുകയും കോണ്‍ഗ്രസിന് തുടര്‍ച്ചയായി രണ്ട് തവണ അധികാരം നഷ്ടമാകുകയും ചെയ്തതോടെ, എകെജി സെന്ററിലേക്ക് കണ്ണും നട്ടിരിക്കുന്ന നേതാക്കളുടെ എണ്ണം കൂടുകയാണ്. ഇതില്‍ ഇതുവരെ മറുകണ്ടം ചാടിയവരില്‍ പ്രമുഖനാണ് അനില്‍ കുമാര്‍. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്നു അദ്ദേഹം. സാധാരണ ഗതിയില്‍ കോണ്‍ഗ്രസില്‍നിന്ന് ഒരാള്‍ രാജിവെച്ചാല്‍ അയാള്‍ സിപിഎമ്മുമായി സഹകരിക്കുന്നതിന് ചില രീതികളൊക്കെ ഉണ്ടായിരുന്നു. അതിന് ചെറിയ സാവകാശമുണ്ടായിരുന്നു. ഇപ്പോള്‍ അത് മാറിയിരിക്കുന്നു. കോണ്‍ഗ്രസ് വിടുന്നുവെന്ന രാഷ്ട്രീയ പ്രഖ്യാപനം നടത്തി, അടുത്ത മിനിറ്റില്‍ സിപിഎമ്മിന്റെ ആസ്ഥാനത്ത് സ്വീകരണം ഒരുക്കുന്ന തരത്തില്‍ സിപിഎം ഉദാരമായിരിക്കുന്നു. കേന്ദ്രത്തില്‍ ഒരാള്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമ്പോള്‍ ബിജെപിയുടെ പാര്‍ട്ടി ആസ്ഥാനത്തു തന്നെയാണ് വാര്‍ത്താസമ്മേളനം നടത്താറ്. അവിടെ ഷാള്‍ ഇട്ട് വരുന്ന നേതാവിന്റെ പ്രാമുഖ്യം അനുസരിച്ചുള്ള സ്വീകരണങ്ങള്‍ ഏര്‍പ്പാടാക്കും. നാളെ ഇതേ മാതൃകയില്‍ കോണ്‍ഗ്രസ് വിമതര്‍ ഏകെജി സെന്ററില്‍ വിജയരാഘവന്റെ സാന്നിദ്ധ്യത്തില്‍ വാര്‍ത്താസമ്മേളനം നടത്തി സിപിഎമ്മില്‍ ചേരുന്നതിലേക്കും കാര്യങ്ങള്‍ പുരോഗമിക്കാം. അങ്ങനെ നടന്നാലും അത്ഭുതപ്പെടേണ്ടതില്ല. ഇങ്ങനെയൊക്കെ നടക്കുന്നത് നല്ലതാണ് എന്നാണ് തോന്നുന്നത്.

കാരണം അധികാരത്തിനും പദവിയ്ക്കുമപ്പുറം ഒന്നും പ്രസ്‌ക്തമല്ലെന്ന കാര്യം രഹസ്യമായി അനുവര്‍ത്തിക്കുന്നതിന് പകരം പരസ്യമായി തന്നെ വെളിപ്പെടുത്തുന്നത് നല്ലതാണ്. കോണ്‍ഗ്രസിന്റെ സംഘടനാ സെക്രട്ടറിയായിരുന്ന ആളാണ് അനില്‍ കുമാര്‍. സിപിഎമ്മിന്റെ കടുത്ത വിമര്‍ശകന്‍. കോണ്‍ഗ്രസ് പുതിയ ഡിസിസി പ്രസിഡന്റുമാരെ നിയമിക്കുന്നത് വരെ പാര്‍ട്ടിയുടെ ഒരു സമീപനത്തിലും എതിരഭിപ്രായമില്ലാത്ത നേതാവ്. ഡിസിസി പ്രസിഡന്റ് സ്ഥാനം കിട്ടാതായതോടെ പരസ്യമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നു. പതിവില്‍ നിന്ന് വിരുദ്ധമായി അച്ചടക്ക നടപടിക്ക് വിധേയനാകുന്നു പാര്‍ട്ടി വിടുന്നു. ആ നിമിഷം മുതല്‍ അദ്ദേഹം സിപിഎമ്മിന്റെ ആരാധകനാകുന്നു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ അദ്ദേഹത്തെ അപ്പോള്‍ തന്നെ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിക്കുന്നു. ഈ ഉദാരത നമ്മള്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കോ അല്ലെങ്കില്‍ മറ്റെതെങ്കിലും പാര്‍ട്ടിയിലേക്കുള്ള കൂറുമാറ്റങ്ങളില്‍ മാത്രമാണ് കണ്ടത്. ഇപ്പോള്‍ സിപിഎമ്മും ആ സമീപനത്തിലേക്ക് എത്തിയിരിക്കുന്നു. അടിസ്ഥാനപരമായ രാഷ്ട്രീയ വിയോജിപ്പ് ഉന്നയിക്കാതെ തന്നെ പാര്‍ട്ടി വിടുന്നവരെ രണ്ടും കൈയും നീട്ടി സ്വീകരിക്കുന്ന തുറന്ന സമീപനത്തിലേക്കുള്ള കേഡര്‍ പാര്‍ട്ടിയുടെ മാറ്റമാണ് ഇവിടെ കാണുന്നത്.

സുധാകരന്റെ സ്ഥാനലബ്ധിയോടെ കോണ്‍ഗ്രസ് ഒരു സെമി കേഡര്‍ സംവിധാനമാകുമെന്നാണ് പറഞ്ഞത്. അതുകൊണ്ട് എന്താണ് നേതാക്കള്‍ അര്‍ത്ഥമാക്കിയതെന്ന കാര്യം വ്യക്തമല്ല. അങ്ങനെ വെറുതെ വിളിച്ചു പറഞ്ഞത് കൊണ്ട് കേഡര് പാര്‍ട്ടിയാകില്ലെന്നാണ് സിപിഎം നേതാക്കള്‍ കോണ്‍ഗ്രസിനെ പരിഹസിക്കുന്നത്. ശരിയാണ്, ഒരു പാര്‍ട്ടിയുടെ സമീപനമാണ് ആ പാര്‍ട്ടിയെ കേഡര്‍ ആക്കുന്നത്. പ്രത്യയശാസ്ത്രപരമായ ബോദ്ധ്യമുള്ളവരാണ് കേഡര്‍മാര്‍. സ്ഥാനങ്ങള്‍ കിട്ടാതെ കോണ്‍ഗ്രസ് വിട്ടുവരുന്നവരാല്‍ നിറയുന്ന സിപിഎമ്മില്‍ ഇനി എന്ത് മാറ്റമാണ് ആ പാര്‍ട്ടിയുടെ കേഡര്‍ സംവിധാനത്തിലുണ്ടാക്കുക എന്നതും കണ്ടറിയേണ്ടതാണ്. ഇന്ദിരാ ഭവനിലെ അന്തേവാസികളെ കാത്ത് എകെജി സെന്ററിലെ ഗേറ്റ് തുറന്നു തന്നെ കിടക്കുകയാണ്. ഡല്‍ഹിയില്‍ ബിജെപി ഓഫീസ് കോണ്‍ഗ്രസുകാരെ കാത്തിരുന്നത് പോലെ. എവിടെയാണോ അധികാരം അവിടേക്ക് നേതാക്കളുടെ ഒഴുക്ക് ഇന്ത്യന്‍ ജനാധിപത്യത്തിലെ ഒരു സവിശേഷതയാണ്. ആ പദവിയിലേക്ക് സിപിഎമ്മും ഉയര്‍ത്തപ്പെടുന്നുവെന്നതാണ് ശ്രദ്ധേയം.

പണ്ട് പണ്ട് സ്വാതന്ത്ര്യത്തിന് മുമ്പ്, കോണ്‍ഗ്രസ് പാര്‍ട്ടിയിലായിരുന്നു പിന്നീട് കമ്മ്യൂണിസ്റ്റായവര്‍. അവര്‍ കോണ്‍ഗ്രസില്‍ പ്രത്യേക ഗ്രൂപ്പുണ്ടാക്കി. സോഷ്യലിസ്റ്റ് ഗ്രൂപ്പ്. അതുപോലെ ഇനി സിപിഎമ്മിലെത്തുന്ന കേഡര്‍ ബോധമില്ലാത്ത, പ്രത്യയശാസ്ത്ര പരിചയമില്ലാത്ത, ജനാധിപത്യ കേന്ദ്രീകരണത്തെ കുറിച്ച് അറിയാത്ത, കോണ്‍ഗ്രസുകാര്‍ സിപിഎമ്മിലെത്തി, ഒരു കോണ്‍ഗ്രസ് ഗ്രൂപ്പുണ്ടാക്കുമോ എന്ന സംശയവും തമാശരൂപേണ ചിലര്‍ ഉയര്‍ത്തുന്നുണ്ട്. അതെന്തായാലും എകെജി സെന്ററില്‍ ഗേറ്റ് തുറന്നിട്ട്, ഇന്ദിരാ ഭവനില്‍ നിന്ന് ആരാണ് പുറത്തിറങ്ങുന്നത് എന്ന് നോക്കി കൊണ്ടിരിക്കുകയാണ് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃത്വം. അവര്‍ക്ക് നിരാശപ്പെടാന്‍ വയ്യ.