വർഷങ്ങൾ നീണ്ട തർക്കം, ഒടുവിൽ ദുനിയ വിജയ്‌യും നാഗരത്നയും വിവാഹമോചിതർ; രണ്ട് കോടി രൂപ ജീവനാംശമായി നൽകും
കന്നഡ നടനും സംവിധായകനുമായ ദുനിയ വിജയ്‌യും ഭാര്യ നാഗരത്നയും തമ്മിലുള്ള ദീർഘകാല ദാമ്പത്യ തർക്കത്തിന് നിയമപരമായ അന്ത്യം. ഇരുവർക്കും വിവാഹമോചനം അനുവദിച്ച് കർണാടക ഹൈക്കോടതി വിധി പ്രസ്താവിച്ചു. നാഗരത്നയ്ക്ക് ഒറ്റത്തവണ ജീവനാംശമായി രണ്ട് കോടി രൂപ നൽകാനും കോടതി നിർദേശിച്ചു. ജസ്റ്റിസ് ഡി.കെ. സിങ്ങും ജസ്റ്റിസ് എച്ച്. ശാന്തി ഭൂഷണും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ച് വിധി പറഞ്ഞത്.
ദുനിയ വിജയ്‌യുടെ സാമ്പത്തിക സ്ഥിതി, സിനിമാ മേഖലയിലെ പദവി, നാഗരത്നയുടെ സാഹചര്യങ്ങൾ, ദമ്പതികളുടെ മൂന്ന് മക്കളുടെ ഭാവി എന്നിവ പരിഗണിച്ചാണ് ജീവനാംശ തുക നിശ്ചയിച്ചതെന്ന് കോടതി വ്യക്തമാക്കി. രണ്ട് മാസത്തിനകം തുക കൈമാറണം. വീഴ്ച വരുത്തിയാൽ പ്രതിവർഷം ആറ് ശതമാനം പലിശ നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ചലച്ചിത്രപ്രവർത്തകർ ബിഗ് സ്‌ക്രീനിൽ ഉയർത്തിക്കാട്ടുന്ന മൂല്യങ്ങളും പെരുമാറ്റവും വ്യക്തിജീവിതത്തിലും പ്രതിഫലിക്കണമെന്നും വിധി പ്രസ്താവിക്കവേ ഹൈക്കോടതി നിരീക്ഷിച്ചു. ദാമ്പത്യ തർക്കവുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ചാണ് കോടതിയുടെ സുപ്രധാന പരാമർശം. വിധിക്ക് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ വൈകാരിക പ്രതികരണവുമായി ദുനിയ വിജയ് രംഗത്തെത്തി.
കോടതി വിധി പൂർണമായും അംഗീകരിക്കുന്നുവെന്നും നിയമത്തിലുള്ള വിശ്വാസം ഇരട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. താൻ അനുഭവിച്ച മാനസിക പീഡനങ്ങൾ പരിഗണിച്ച് ആശ്വാസകരമായ ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതിക്ക് നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മക്കളുടെ സുരക്ഷിതത്വവും ഭാവിയും കണക്കിലെടുത്താണ് വിധി പൂർണ മനസ്സോടെ സ്വീകരിക്കുന്നതെന്നും ജീവിതത്തിൽ പുതിയൊരു അധ്യായം ആരംഭിക്കുകയാണെന്നും ദുനിയ വിജയ് കുറിച്ചു. വിഷയത്തിൽ കൂടുതൽ മാധ്യമവിചാരണ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
മലയാളത്തിലെ ദൃശ്യം 3 അല്ല, ഹിന്ദി പതിപ്പ് തീർത്തും വ്യത്യസ്തം; ‘ദൃശ്യം: ദി കൺക്ലൂഷൻ’ ട്രെയ്ലർ പുറത്ത്!
‘ഇവർ കഞ്ചാവാണോ വലിക്കുന്നത്?’; നടൻ രവി മോഹന്റെയും കെനീഷയുടേയും സ്വകാര്യവീഡിയോ ലീക്കായി, സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം