‘എല്ലാം തികഞ്ഞ അമ്മയാകാൻ ശ്രമിച്ച് ഒടുവിൽ സ്വയം കുറ്റപ്പെടുത്തരുത്, സന്തോഷത്തോടെ ജോലി ചെയ്യൂ’; കരീന കപൂർ
മികച്ച അഭിനേത്രി എന്നതിനൊപ്പം കുടുംബജീവിതത്തിനും ഒരേപോലെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് കരീന കപൂർ. ജോലിയും കുട്ടികളുടെ കാര്യവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാൻ കഷ്‌ടപ്പെടുന്ന അമ്മമാർക്ക് പ്രചോദനമാണ് കരീനയുടെ ജീവിതം. കരീന കപൂർ -സെയ്‌ഫ് അലിഖാൻ ദമ്പതികൾക്ക് രണ്ട് കുട്ടികളാണുള്ളത്. തൈമൂർ അലി ഖാനും ജെഹാംഗീർ (ജെ) അലി ഖാനും. ഇപ്പോഴിതാ ജോലിക്കാരായ അമ്മമാർക്ക് ഉപദേശം തരികയാണ് കരീന കപൂര്‍.
‘എല്ലാം തികഞ്ഞ അമ്മയാകണ്ട, സന്തോഷത്തോടെ ജോലി ചെയ്യൂ’ എന്നാണ് ജോലിക്കാരായ അമ്മമാരോട് കരീന കപൂര്‍ പറയുന്നത്. ജോലിക്കുപോകുന്ന അമ്മമാരുടെ ഏറ്റവും വലിയ വിഷമം കുട്ടികളോടൊപ്പം എല്ലാ സമയത്തും ഉണ്ടാകാൻ കഴിയാറില്ല എന്നതാണ് എന്നും ഇക്കാര്യത്തിൽ സ്വയം കുറ്റബോധം പേറുന്നവരാണ് പല അമ്മമാരുമെന്നും പറഞ്ഞ കരീന കപൂർ ഇങ്ങനെയൊരു കുറ്റബോധം അഥവാ ‘മോം ഗിൽറ്റ്’ അനാവശ്യമാണെന്നും പറയുന്നു.
അമ്മ എല്ലാ നിമിഷവും കുട്ടിയുടെ അരികിലുണ്ടാകണമെന്നില്ല. എല്ലാ അമ്മമാർക്കും ചില സമയങ്ങളിൽ കുറ്റബോധം ഉണ്ടാകും. പക്ഷേ ആ വികാരത്തിൽ ജീവിച്ചാൽ ജീവിതം മുന്നോട്ട് പോകില്ല. കുട്ടികളോടൊപ്പം ലഭിക്കുന്ന സമയം സന്തോഷകരമാക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഒപ്പമുള്ള ഓരോ നിമിഷവും കുട്ടിക്ക് സുരക്ഷിതത്വവും സ്നേഹവും സന്തോഷവും നൽകുന്ന രീതിയിലായിരിക്കണം’ എന്നാണ് കരീന പറയുന്നത്. ‘എല്ലാം തികഞ്ഞ അമ്മ’ ആകാൻ ശ്രമിച്ച് ഒടുവിൽ സ്വയം കുറ്റപ്പെടുത്തരുത് എന്നും കരീന പറയുന്നു.
ഓരോ അമ്മയും തൻ്റെ സാഹചര്യങ്ങൾക്കനുസരിച്ചാണ് ജീവിക്കുന്നത്. അതിനാൽ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ, കുട്ടികൾക്ക് സ്നേഹവും സുരക്ഷിതത്വവും നൽകാൻ ശ്രമിക്കുകയാണ് ഏറ്റവും പ്രധാനമെന്ന് അവർ ഓർമ്മിപ്പിക്കുന്നു. താൻ 70 ശതമാനം അമ്മയും 30 ശതമാനം നടിയുമാണെന്നാണ് കരീന സ്വയം വിശേഷിപ്പിക്കുന്നത്. കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കുമ്പോൾ തന്നെ തന്റെ അഭിനയ ജീവിതത്തിനും അവർ തുല്യ പ്രാധാന്യം നൽകുന്നുവെന്നും കരീന പറയുന്നു.
‘അഴിമതി കണിക്കാത്ത രാഷ്ട്രീയക്കാർ എവിടെയും എത്തിയില്ല’; വി.എം സുധീരനെ ഉദാഹരണമാക്കി ഷൈൻ ടോം ചാക്കോ
‘സനൽകുമാറിന്റെ ഭാര്യ അധ്യാപികയാണ്, ഇയാൾക്ക് നാലഞ്ച് ഷോക്ക് കൊടുത്താൽ ശരിയാകും’; ശാന്തിവിള ദിനേശ്