Friday, 11 September 2026
‘Honest storytelling is a powerful means of change
07:11:38 PM IST
Kerala

‘ഇസ്‌ലാമോഫോബിയ വളർത്തുന്ന കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്, കാന്തപുരത്തിൻ്റെ പ്രസ്താവനയോട് മുസ്‌ലിം സമുദായത്തിന് തന്നെ വിയോജിപ്പുണ്ട്’; നിലപാട് വ്യക്തമാക്കി ജമാഅത്തെ ഇസ്ലാമി

ന്യൂസ് ഡെസ്ക് 4 September 2026, 6:57 pm
SHARE

തിരുവനന്തപുരം: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി ജമാഅത്തെ ഇസ്‌ലാമി. കാന്തപുരത്തിന്റെ പ്രസ്താവനയോട് മുസ്‌ലിം സമുദായത്തിന് തന്നെ വിയോജിപ്പുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്‌മാൻ പറഞ്ഞു. ഇസ്‌ലാമോഫോബിയ വളർത്തുന്ന തരത്തിലുള്ള കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കാന്തപുരത്തിന്റെ പ്രസ്താവനയെ മറയാക്കി ഇസ്‌ലാമിനെ പൈശാചികവൽക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുജീബുറഹ്‌മാൻ പറഞ്ഞു. നിലവിൽ നടക്കുന്നത് അനാവശ്യ ചർച്ചകളാണ്. കാന്തപുരത്തിന്റെ പരാമർശത്തിന്റെ പേരിൽ ഇസ്‌ലാമിനെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ കാണാതെ പോകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കാന്തപുരത്തെ തള്ളി പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയും രംഗത്തെത്തി. ഇസ്‌ലാമിൽ ലിംഗവിവേചനമില്ലെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് മതപ്രമാണങ്ങൾ എവിടെയും നിഷ്‌കർഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഇസ്‌ലാം തുല്യ പ്രാധാന്യമാണ് നൽകുന്നതെന്നും വെള്ളിയാഴ്ചയിലെ ജുമാ പ്രഭാഷണത്തിൽ പാളയം ഇമാം വ്യക്തമാക്കി.

സ്ത്രീകൾക്ക് ആവശ്യങ്ങൾക്കായി പുറത്തിറങ്ങാമെന്നും അവരുടെ സാമൂഹിക ഇടപെടലുകൾ യാഥാസ്ഥിതിക വ്യാഖ്യാനങ്ങൾ പോലെ പരിമിതപ്പെടുത്തിയിട്ടില്ലെന്നും സുഹൈബ് മൗലവി പറഞ്ഞു. സ്ത്രീകളും പുരുഷന്മാരും സാമൂഹിക രംഗത്ത് ഇടപെടുമ്പോൾ മതപരമായ മാർഗനിർദേശങ്ങൾ പാലിക്കണമെന്നതാണ് ഇസ്‌ലാമിക നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More
s
ന്യൂസ് ഡെസ്ക്
View all posts →