Sunday, 20 September 2026
‘Honest storytelling is a powerful means of change
05:30:24 AM IST
Kerala

ഇരിഞ്ഞാലക്കുടയിൽ കേരള കോൺഗ്രസ് കൂട്ടയടി; പൊലീസുകാർക്ക് നേരെ ചായക്കെറ്റിൽ എറിഞ്ഞ സംഭവത്തിൽ 10 പേർക്കെതിരെ കേസ്

ന്യൂസ് ഡെസ്ക് 19 September 2026, 5:17 pm
SHARE

ഇരിഞ്ഞാലക്കുടയിൽ കേരള കോൺഗ്രസിനുള്ളിലെ തർക്കം സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് 10 പേർക്കെതിരെ പൊലീസ് കേസ്. യൂത്ത് ഫ്രണ്ട്, കേരള കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് നടപടി. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ലഹളയ്ക്ക് ശ്രമിച്ചതിനുമാണ് കേസെടുത്തത്. സംഘർഷത്തിനിടെ പൊലീസുകാർക്ക് നേരെ ചൂടുചായ നിറച്ച കെറ്റിൽ എറിഞ്ഞതായും പൊലീസ് പറയുന്നു.

തോമസ് ഉണ്ണിയാടൻ എംഎൽഎയെ കൂടാതെ യോഗം നടത്തരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് പ്രവർത്തകർ എത്തിയതോടെയാണ് തർക്കം ആരംഭിച്ചത്. ഉണ്ണിയാടനെ അനുകൂലിക്കുന്നവരും എതിർവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. പ്രവർത്തകരെ പിടിച്ചുമാറ്റുന്നതിനിടെ പൊലീസുകാർക്കും ചൂടുചായ വീണ് പരുക്കേറ്റു.

കേരള കോൺഗ്രസ് ജില്ലാ സൗഹൃദവേദിയുടെ നേതൃത്വത്തിൽ തോമസ് ഉണ്ണിയാടന് സ്വീകരണം നൽകുന്നതിനിടെയാണ് മറ്റൊരു വിഭാഗം തൃശൂരിൽ യോഗം ചേർന്നത്. ഇവിടേക്ക് ഉണ്ണിയാടൻ അനുകൂലികളും എത്തിയതോടെ വാക്കേറ്റമുണ്ടായി. തുടർന്നാണ് സംഘർഷം ഉണ്ടായത്. ഉണ്ണിയാടന്റെ നിയമസഭാംഗത്വത്തിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചതെന്നാണ് സംഘാടകരുടെ വിശദീകരണം.

ഇതിനിടെ തോമസ് ഉണ്ണിയാടന് മന്ത്രിപദമോ ഭരണ മുന്നണിയുടെ ചീഫ് വിപ്പ് പദവിയോ ലഭിക്കാത്തതിൽ അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. കേരള കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവും ഇരിങ്ങാലക്കുട എംഎൽഎയുമായ ഉണ്ണിയാടനെ അനുകൂലിക്കുന്നവരും എതിർവിഭാഗവും തമ്മിലുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായതെന്നാണ് വിവരം.

s
ന്യൂസ് ഡെസ്ക്
View all posts →