‘സർക്കാർ സ്കൂളുകളിൽ കുടിവെള്ളവും ബെഞ്ചുമില്ല, വിദ്യാർത്ഥികളെ മൃഗങ്ങളെക്കാൾ മോശമായാണ് പരിഗണിക്കുന്നത്’; എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർക്ക് കത്തയച്ച് സിജെപി
സർക്കാർ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാർക്ക് കത്തയച്ച് ക്രോക്കഡൈൽ ജനതാ പാർട്ടി (CJP). കുടിവെള്ളം, ബെഞ്ച്, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ലാതെ വിദ്യാർഥികൾ ദുരിതമനുഭവിക്കുകയാണെന്ന് സിജെപി കൺവീനർ അഭിജീത് ദിപ്കെ ആരോപിച്ചു. വിദ്യാർഥികളെ മൃഗങ്ങളെക്കാൾ മോശമായാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സർക്കാർ സ്കൂളുകൾക്കായി അനുവദിച്ചതും ചെലവഴിച്ചതുമായ തുകയുടെ കണക്കുകൾ പരസ്യപ്പെടുത്തണമെന്ന് സിജെപി ആവശ്യപ്പെട്ടു. ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകളുടെ എണ്ണം, നവീകരിച്ച സ്കൂൾ കെട്ടിടങ്ങളുടെ കണക്ക്, കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ ഇനിയും ആവശ്യമായ സ്കൂളുകളുടെ എണ്ണം എന്നിവയും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു. അധ്യാപകർക്ക് അധ്യാപനത്തിന് പുറമെ നൽകുന്ന മറ്റ് ചുമതലകൾ എന്തൊക്കെയാണെന്നും കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള സ്കൂളുകളുടെ എണ്ണം എത്രയെന്നും വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
അതേസമയം, ഡൽഹിയിലെ ലുട്ടെയ്ൻസ് മേഖലയിലെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണികൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നതിനെതിരെയും സിജെപി രംഗത്തെത്തി. മന്ത്രിമാരുടെ വസതികളുടെ നവീകരണത്തിന് ചെലവഴിക്കുന്ന തുക സർക്കാർ സ്കൂളുകളുടെ നിലവാരം ഉയർത്താൻ ഉപയോഗിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം. വിവരാവകാശ നിയമപ്രകാരമുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ 12 വർഷത്തിനിടെ മന്ത്രിമാരുടെ വസതികളുടെ അറ്റകുറ്റപ്പണികൾക്കായി 547.68 കോടി രൂപ സർക്കാർ ചെലവഴിച്ചെന്നാണ് സിജെപി ചൂണ്ടിക്കാട്ടുന്നത്.
ബ്രിക്സ് ഉച്ചകോടിക്ക് ഷി ജിന്പിങ് ഇന്ത്യയിലെത്തും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ചൈന
തുടർച്ചയായി ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ ലൈസൻസും ആർസിയും സസ്പെൻഡ് ചെയ്യും: നിതിൻ ഗഡ്കരി