Friday, 11 September 2026
‘Honest storytelling is a powerful means of change
07:43:26 PM IST
National

സിജെപി പ്രതിഷേധം: ആവശ്യങ്ങൾ അംഗീകരിച്ച് ഡൽഹി പൊലീസ്; പ്രതികളെ 72 മണിക്കൂറിനകം കസ്റ്റഡിയിലെടുക്കും

ന്യൂസ് ഡെസ്ക് 4 September 2026, 3:55 pm
SHARE

സിജെപി ഉയർത്തിയ ആവശ്യങ്ങൾ അംഗീകരിച്ച് ഡൽഹി പൊലീസ്. പ്രതികളെ 72 മണിക്കൂറിനുള്ളിൽ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചു. നിലവിലെ എഫ്ഐആറിൽ കൂടുതൽ ഗുരുതര വകുപ്പുകൾ കൂടി ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കിയതായി സിജപി നേതാക്കൾ പറഞ്ഞു. ചർച്ചകൾക്ക് പിന്നാലെ സൗരവ് ദാസും അശുതോഷ് റങ്കയും സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് പോയി.

തത്കാലത്തേക്ക് പ്രതിഷേധം അവസാനിപ്പിച്ച സിജപി പ്രവർത്തകർ വൈകിട്ടോടെ വീണ്ടും എത്തി പൊലീസ് സ്വീകരിച്ച നടപടികൾ പരിശോധിക്കുമെന്ന് അറിയിച്ചു. നിലവിലെ എഫ്ഐആറിൽ തന്നെയാണ് കൂടുതൽ വകുപ്പുകൾ കൂട്ടിച്ചേർക്കുക. പ്രതി സ്വതന്ത്ര ഭരദ്വാജ് പുറത്തുവിട്ട വെളിപ്പെടുത്തൽ വീഡിയോയും പൊലീസ് പരിശോധിക്കുമെന്ന് നേതാക്കൾ പറഞ്ഞു.

നേരത്തെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ സിജപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സിജപി പ്രവർത്തകയായ നിഷു ആസാദിന്റെ പിതാവ് സഞ്ജയ് കുമാറിന്റെ തലയ്ക്ക് അടിയേറ്റ സംഭവത്തിൽ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അശുതോഷ് റങ്കയുടെയും സൗരവ് ദാസിന്റെയും നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് സ്റ്റേഷൻ ഉപരോധിച്ചത്.

ഹിന്ദുത്വ ‘ഇൻഫ്ലുവൻസർ’ എന്ന് അവകാശപ്പെടുന്ന സ്വതന്ത്ര ഭരദ്വാജ് പുറത്തുവിട്ട വീഡിയോയിൽ, സഞ്ജയ് കുമാറിന്റെ തലയോട്ടി അടിച്ചുതകർത്തുവെന്നും വധശ്രമക്കേസ് ചുമത്തേണ്ട കുറ്റമായിരുന്നിട്ടും താൻ ജയിലിൽ പോകാതെ രക്ഷപ്പെട്ടുവെന്നും അവകാശപ്പെട്ടിരുന്നു. സംഭവത്തിൽ സ്വതന്ത്ര ഭരദ്വാജിനെതിരെ കേസെടുക്കണമെന്ന് സൗരവ് ദാസ് ആവശ്യപ്പെട്ടു. പ്രതിഷേധത്തിനിടെ ആളുകളെ ആക്രമിച്ചതായി കുറ്റവാളികൾ പരസ്യമായി സമ്മതിക്കുന്നുവെന്നും പെൺകുട്ടികളെ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ച സിജപി, സംഭവത്തിൽ ഡൽഹി പൊലീസ് മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.

cjp
s
ന്യൂസ് ഡെസ്ക്
View all posts →