സിംഗൂരില്‍ ടാറ്റയുടെ നിയമപേരാട്ടത്തിന് വിജയം; മമത പൂട്ടിച്ച ഫാക്ടറിക്ക് 765.78 കോടി രൂപ നഷ്ടപരിഹാരം നല്‍കണം; സിപിഎമ്മിന്റെ അസ്ഥിവാരം തോണ്ടിയ 'നാനോ പദ്ധതി'

പശ്ചിമ ബംഗാളിലെ സിംഗൂരില്‍ നാനോ കാര്‍ ഫാക്ടറിക്ക് ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ടാറ്റ മോട്ടോര്‍സിന് ഉണ്ടായ നഷ്ടം ബംഗാള്‍ സര്‍ക്കാര്‍ നികത്തണമെന്ന് വിധിച്ച് ട്രൈബ്യൂണല്‍. ടാറ്റാ മോട്ടോര്‍സിന് ബംഗാള്‍ സര്‍ക്കാര്‍ 765.78 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും. ഇതിന് 2016 മുതലുള്ള 11% പലിശയും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനെത്തുടര്‍ന്നുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് 2008ല്‍ ബംഗാളില്‍ സ്ഥാപിക്കാനിരുന്ന നാനോ ഫാക്ടറി ടാറ്റയ്ക്ക് ഉപേക്ഷിച്ച് പ്ലാന്റ് അടക്കം ഗുജറാത്തിലേക്ക് മാറ്റേണ്ടിവന്നു.

ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടതു മുന്നണി സര്‍ക്കാര്‍ 2006ല്‍ അധികാരമേറ്റ ദിവസമാണ് സിംഗൂരിലെ നാനോ കാര്‍ പദ്ധതിക്കായി ടാറ്റാ മോട്ടോഴ്സുമായി കരാര്‍ ഒപ്പുവച്ചത്. എന്നാല്‍, ഇന്നത്തെ മുഖ്യമന്ത്രിയായ മമത ബാനര്‍ജിയുടെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിക്കുകയും പ്ലാന്റ് അടച്ച് പൂട്ടിക്കുകയും ചെയ്യിപ്പിച്ചു.

മമത തിരിച്ച് അധികാരത്തില്‍ എത്തിയപ്പോള്‍ ടാറ്റയുമായി സഹകരിക്കാമെന്ന് വ്യക്തമാക്കിയെങ്കിലും കമ്പനി ഈ ക്ഷണം നിരസിക്കുകയായിരുന്നു. മുന്‍ സര്‍ക്കാരിനു ഭൂമി ഏറ്റെടുക്കുന്നതിനു നല്‍കിയ 154 കോടി രൂപയ്ക്കു നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം.

സിംഗൂരില്‍ ഭൂമി ഏറ്റെടുക്കാനുള്ള ഇടത് സര്‍ക്കാരിന്റെ നീക്കം നിയമവിരുദ്ധമായിരുന്നുവെന്ന് 2016ല്‍ സുപ്രീം കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ടാറ്റ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് മൂന്നംഗ സമിതി 765.78 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. സിംഗൂരിലെ നാനോ കാര്‍ പദ്ധതിയെ തുടര്‍ന്നുള്ള സമരമായിരുന്നു മൂന്നുപതിറ്റാണ്ട് നീണ്ടുനിന്ന സിപിഎമ്മിന്റെ ബംഗാളിലെ ഭരണത്തെ അട്ടിമറിക്കാന്‍ ഇടയാക്കിയത്.