'വിശുദ്ധസത്യ'മല്ലെന്ന് ചീഫ് ജസ്റ്റിസിന്റെ ഒറ്റ പരാമര്‍ശം; ഓഹരികളില്‍ കുതിച്ച് കയറി അദാനി ഗ്രൂപ്പ്; നിക്ഷേപകര്‍ക്ക് 1.2 ലക്ഷം കോടിയുടെ നേട്ടം; വന്‍ തിരിച്ചുവരവുമായി ഗൗതം അദാനി

സുപ്രീംകോടതിയുടെ അനുകൂല പരാമര്‍ശത്തിന്റെ പിന്‍ബലത്തില്‍ കൈവിട്ടുപോയ ഒരോ നേട്ടങ്ങളും തിരികെ പിടിച്ച് അദാനി ഗ്രൂപ്പ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനിയ്ക്കെതിരായി സെബി (ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സര്‍ക്കാര്‍ സ്ഥാപനം) നടത്തുന്ന അന്വേഷണം ശരിയല്ലെന്ന് ആരോപിച്ച ഹര്‍ജികള്‍ക്കെതിരെ സുപ്രീംകോടതി നടത്തിയ നിരീക്ഷണമാണ് അദാനി ഓഹരികളുടെ വില കഴിഞ്ഞ ദിവസം കുത്തനെ ഉയര്‍ത്തിയത്.

മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം സെബിയുടെ അന്വേഷണത്തെ സംശയിക്കാന്‍ സുപ്രീംകോടതിയ്ക്കാവില്ലെന്ന് കേസില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. അദാനിയ്ക്കെതിരായ ആരോപണം ഉയര്‍ന്ന 24 കേസുകളിലും സെബി അന്വേഷണം പൂര്‍ത്തിയാക്കട്ടെ എന്നായിരുന്നു സുപ്രീംകോടതി പറഞ്ഞത്.

ഇതുവരെ 22 കേസുകളിലും അന്വേഷണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതിലൊന്നും അദാനിയ്ക്കെതിരെ കുറ്റം കണ്ടുപിടിക്കാന്‍ സെബിയ്ക്കായില്ലന്നും സുപ്രീംകോടതി വ്യക്തമാക്കിയതോടെയാണ് അദാനി ഓഹരികള്‍ വീണ്ടും തലഉയര്‍ത്തി തുടങ്ങിയത്. കഴിഞ്ഞ ദിവസം സുപ്രീംകോടതിയുടെ ഈ പരാമര്‍ശം വന്നതിന് പിന്നാലെ അദാനിയുടെ എല്ലാ ഓഹരികളും വന്‍ കുതിപ്പാണ് നടത്തിയത്.

ഇന്നലെ അദാനി എന്റ്ര്‌പ്രൈസസിന്റെ ഓഹരിവില 204 രൂപയോളം ഉയര്‍ന്ന് 2430ല്‍ അവസാനിച്ചു. അദാനി ഗ്രീന്‍ എനര്‍ജി ഓഹരിവില 127 രൂപ വര്‍ധിച്ച് 1065 രൂപയില്‍ അവസാനിച്ചു. അദാനി എനര്‍ജി സൊലൂഷന്‍സ് ഓഹരി വില 145 രൂപ ഉയര്‍ന്ന് 874 രൂപയില്‍ എത്തി. അദാനി പോര്‍ട്ട് വില 45 രൂപ ഉയര്‍ന്ന് 840 രൂപയില്‍ എത്തി. എന്‍ഡിടിവി ഓഹരി വില 24 രൂപ ഉയര്‍ന്ന് 229.70 രൂപയില്‍ അവസാനിച്ചു. എസിസി സിമന്റ് ഓഹരി വില 48 രൂപ കയറി 1870 രൂപയില്‍ അവസാനിച്ചു.

അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരിവില 107 രൂപയോളം കയറി 644 രൂപയില്‍ എത്തി. അംബുജ സിമന്റ്‌സ് ഓഹരി വിലയും 16 രൂപ കയറി 431 രൂപയായി. അദാനി പവര്‍ ഓഹരി വില 50 രൂപ കയറി 447.90 രൂപയില്‍ അവസാനിച്ചത്. ഇതോടെ

അദാനി ഗ്രൂപ്പ് നിക്ഷേപകര്‍ക്ക് ഒറ്റദിവസത്തെ 1.2 ലക്ഷം കോടി രൂപയുടെ നേട്ടമാണ് ഉണ്ടായത്. ഹിന്‍ഡെന്‍ബെര്‍ഗ് പുറത്തുവിട്ട ആരോപണങ്ങള്‍ ‘വിശുദ്ധസത്യ’മായി കാണാനാവില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയുക്ത വിപണി മൂലല്യം ഇന്നലെ 33,000 കോടി രൂപ ഉയര്‍ന്ന് 11.6 ലക്ഷം കോടി രൂപയാക്കി.

ഓഹരി വിപണിയില്‍ കമ്പനികളുടെ കുതിപ്പ് തുടങ്ങിയതോടെ അദാനി സമ്പന്നരുടെ പട്ടികയില്‍ വീണ്ടും മുകളിലേക്ക് കയറി. ഇതോടെ ലോകത്തെ ഏറ്റവും സമ്പന്നരായ 20 പേരുടെ പട്ടികയിലേക്ക് ഗൗതം അദാനി തിരിച്ചെത്തി കഴിഞ്ഞ ദിവസങ്ങളിലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിക്കുതിപ്പിന്റെ കരുത്തിലാണ് ഗൗതം അദാനിയുടേ തിരിച്ചുവരവ്.

അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയുക്ത വിപണി മൂല്യം 1.33 ലക്ഷം കോടി രൂപയുടെ മുന്നേറ്റമാണ് കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയത്. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ 19-ാം സ്ഥാനത്താണ് അദാനി ഇപ്പോള്‍. 6.5 ബില്യണ്‍ ഡോളറിന്റെ വര്‍ധനയോടെ അദാനിയുടെ മൊത്തം ആസ്തി 6,670 കോടി ഡോളറെത്തി.