ടാറ്റയുടെ വിശ്വസ്ഥന്‍, വലംകൈ, ഏറ്റെടുക്കലുകളുടെ രാജാവ്; ടാറ്റ ഗ്രൂപ്പിന്റെ 'ഡോവല്‍'; കണ്ണന്‍ ദേവന്‍ തൊഴിലാളികളുടെ ദൈവദൂതന്‍; കൃഷ്ണകുമാര്‍ തലവര മാറ്റിയ തലശ്ശേരിക്കാരന്‍

ത്തന്‍ ടാറ്റയുടെ വിശ്വസ്തന്‍, വലംകൈ, ഇങ്ങനെയാണ് ഇന്ന് അന്തരിച്ച ടാറ്റാ ട്രസ്റ്റ് അംഗവും മലയാളിയുമായ ആര്‍. കൃഷ്ണകുമാറിനെ ടാറ്റാ ഗ്രൂപ്പിലുള്ളവര്‍ വിശേഷിപ്പിച്ചിരുന്നത്. ടാറ്റയുടെ പ്രധാന ഏറ്റെടുക്കലുകള്‍ക്ക് നേതൃത്വം നല്‍കിയത് കൃഷ്ണകുമാറായിരുന്നു. അതിനാല്‍ തന്നെ ടാറ്റ ഗ്രൂപ്പിലെ പ്രധാനിയായാണ് അദേഹം അറിയപ്പെട്ടിരുന്നത്. ടാറ്റ ഗ്ലോബല്‍ ബവ്‌റിജസിനെ ലോകത്തിലെ രണ്ടാമത്തെ വലിയ തേയിലക്കമ്പനിയാക്കി മാറ്റിയ ഏറ്റെടുക്കല്‍ നടപടികളില്‍ നായകത്വം വഹിച്ചത് ഈ കണ്ണൂര്‍ തലശ്ശേരിക്കാരനായിരുന്നു.

കണ്ണൂര്‍ ചൊക്ലി രായിരത്ത് ആര്‍.കെ. സുകുമാരന്റെയും കണ്ണൂര്‍ മൂര്‍ക്കോത്ത് കൂട്ടാംപള്ളി സരോജിനിയുടെയും മകനായ രയരോത്ത് കുട്ടമ്പള്ളി കൃഷ്ണകുമാര്‍ എന്ന ആര്‍.കെ. കൃഷ്ണകുമാര്‍ ചെന്നൈ ലയോള കോളജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം പ്രസിഡന്‍സി കോളജില്‍നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി.

തുടര്‍ന്ന് ഇരുപത്തി അഞ്ച് വയസ് പൂര്‍ത്തിയായ 1963 ല്‍ ആണ് ടാറ്റ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസില്‍ ചേരുന്നത്. 1988ല്‍ ടാറ്റ ടീയില്‍ ജോയിന്റ് ഡയറക്ടറും 1991ല്‍ ടാറ്റ ടീ മാനേജിങ് ഡയറക്ടറുമായി. 1996ല്‍ താജ് ഹോട്ടലുകളുടെ ഹോള്‍ഡിങ് കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സിന്റെ എംഡിയും പിന്നീട് വൈസ് ചെയര്‍മാനുമായി. 2007ലാണു ടാറ്റ സണ്‍സ് ബോര്‍ഡിലേക്കെത്തുന്നത്. രത്തന്‍ ടാറ്റ ഇദേഹത്തെ കെകെ എന്നാണ് വിളിച്ചിരുന്നത്.

കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (ടാജ്) പ്രവര്‍ത്തിച്ചത്. നഷ്ടത്തിലായിരുന്ന കണ്ണന്‍ ദേവനും ഗ്രീന്‍ ടീ ബ്രാന്‍ഡില്‍ ഒന്നാമനായ ടെറ്റ്ലി ബ്രാന്‍ഡുമെല്ലാം അദേഹത്തിന്റെ പ്രധാന ഏറ്റെടുക്കലുകളായിരുന്നു. ഇന്ന് ലോകത്തെ രണ്ടാമത്തെ വലിയ തേയില കമ്പനിയാണ് ടാറ്റ.
ടാറ്റയുടെ തെയില ബിസിനസുകളുടെ മാനേജ്മെന്റ് ടീമിലേക്ക് എത്തിയപ്പോള്‍ മുതലാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ടാറ്റ ഗ്ലോബല്‍ ബിവറിജസ് എന്നറിയപ്പെടുന്ന ടാറ്റ ടീയുടെ കീഴിലേക്ക് സ്റ്റാര്‍ ബക്ക്സ് ഉള്‍പ്പെടുന്ന വമ്പന്മാരെ കൊണ്ടുവന്നതിലും ഇദേഹം ഭാഗമായിരുന്നു.

മുംബൈ ഭീകരാക്രമണത്തില്‍ താജ്മഹല്‍ പാലസ് ഹോട്ടലില്‍ നിന്ന് അതിഥികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നു ഈ മലയാളിയായിരുന്നു.തേയിലയ്ക്ക് വില വളരെ കുറഞ്ഞ സമയയത്ത് ജെയിംസ് ഫിന്‍ലേയുടെ ഉടമസ്ഥതയില്‍ കണ്ണന്‍ദേവന്‍ നഷ്ടത്തിലേക്കു പതിച്ചു. ഇതിനെ ഏറ്റെടുത്ത് ലാഭത്തിലാക്കാന്‍ ടാറ്റ നടപടി തുടങ്ങി. പ്രശ്നം പരിഹരിക്കാന്‍ ടാറ്റയിലെ വിദഗ്ധര്‍ തലപുകഞ്ഞു.

തോട്ടത്തില്‍വെച്ചുതന്നെ തേയില പായ്ക്കു ചെയ്യുകയെന്ന ആശയം ടാറ്റ ഗ്രൂപ്പ് മുന്നോട്ട് വെച്ചു. ബ്രിട്ടീഷുകാര്‍ പരാജയപ്പെട്ടിടത്ത് ഇന്ത്യന്‍ കമ്പനി ലാഭത്തിലാക്കിയതും കെ കെയുടെ കൈകള്‍ ആയിരുന്നു. അതുവരെ ഒരു തേയിലക്കമ്പനിയും പരീക്ഷിക്കാത്ത പദ്ധതിയായിരുന്നു ഇത്. കൃഷ്ണകുമാര്‍ ആവിഷ്‌കരിച്ച പുതിയ ആശയത്തിലൂടെ കണ്ണന്‍ദേവന്‍ തേയില 15 ദിവസത്തിനകം ഉപഭോക്താക്കള്‍ക്ക് കിട്ടിത്തുടങ്ങി. ഈ നൂതന വിപണനതന്ത്രം നഷ്ടത്തിലായിരുന്ന കമ്പനിയെ ലാഭത്തിലെത്തിച്ചു. വിപ്ലവാത്മകമായ പരീക്ഷണം രണ്ടുവര്‍ഷം കൊണ്ട് കണ്ണന്‍ദേവന്‍ കമ്പനിയെ കേരളത്തിലെ തേയില വിപണിയില്‍ കുത്തകയാക്കി നിലനിര്‍ത്തി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ടാറ്റ ടീ ബ്രിട്ടീഷ് കമ്പനിയായ ടെറ്റ്‌ലിയെ അന്ന് 1870 കോടിയിലേറെ രൂപയ്ക്ക് ഏറ്റെടുത്തത്. ഒരു ഇന്ത്യന്‍ കമ്പനിയുടെ ഏറ്റവും വലിയ വിദേശ ഏറ്റെടുക്കലായിരുന്നു ഇത്.

രത്തന്‍ ടാറ്റയുടെ ‘ഡോവല്‍’ എന്ന പേരിലും കൃഷ്ണ കുമാര്‍ അറിയപ്പെട്ടു. നിര്‍ണായ സമയങ്ങളില്‍ തീവ്രവാദികളില്‍ നിന്നും ടാറ്റ ജീവനക്കാരെ രക്ഷിച്ചെടുക്കാന്‍ അദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇതാണ് ഇങ്ങനൊരു വിശേഷണം വരുവാന്‍ കാരണം. 1997-ല്‍ അസമില്‍ ഉള്‍ഫാ തീവ്രവാദികള്‍ ടാറ്റ ടീ ജീവനക്കാരെ തടവിലാക്കി 15 കോടിക്ക് വിലപേശിയപ്പോഴും 2008-ല്‍ മുംബൈ ഭീകരാക്രമണത്തില്‍ തീവ്രവാദികള്‍ താജ്മഹല്‍ ഹോട്ടലില്‍ ആക്രമണം നടത്തിയപ്പോഴും രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത് ഈ മലയാളിയായിരുന്നു.

ഉള്‍ഫ തീവ്രവാദികള്‍ ടാറ്റ ടീയിലെ തൊഴിലാളികളെ ബന്ദികളാക്കിയപ്പോള്‍ ഭീഷണിക്കുവഴങ്ങാതെ ഇന്റലിജന്‍സിന്റെ സഹായത്തോടെ മോചിപ്പിക്കാന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് തൊഴിലാളികള്‍ക്കും ഈ പ്രദേശത്തെ പാവപ്പെട്ടവര്‍ക്കും വൈദ്യസഹായം ഉള്‍പ്പെടെ ഒട്ടേറെ സഹായങ്ങള്‍ ചെയ്തതോടെ തീവ്രവാദികളുടെ നിലപാട് മാറി. തൊഴിലാളികളെ തീവ്രവാദികള്‍ വിട്ടയച്ചപ്പോള്‍ കെകെ തിരുവനന്തപുരത്തുവന്നു പഴവങ്ങാടി ഗണപതി കോവിലില്‍ 1,001 തേങ്ങയടിച്ചു. ഇതും ടാറ്റാ ഗ്രൂപ്പില്‍ ചര്‍ച്ചയായ വിഷയമാണ്. താജ്മഹല്‍ ഹോട്ടലില്‍ ഭീകരാക്രമണം നടന്നപ്പോള്‍ അതിഥികളെയും ജീവനക്കാരെയും രക്ഷിക്കാനുള്ള ദൗത്യത്തിന് ചുക്കാന്‍ പിടിച്ചതും കൃഷ്ണകുമാറായിരുന്നു.

തൊഴിലാളികളുടെ ദൈവദൂതന്‍ എന്ന പേരും കൃഷ്ണകുമാറിനുണ്ട്. ടാറ്റയുടെ നിര്‍ണായക തീരുമാനത്തിന്റെ ഭാഗമായി ഒരിക്കല്‍ ആര്‍.കെ. കൃഷ്ണകുമാര്‍ മൂന്നാര്‍ തേയിലത്തോട്ടം സന്ദര്‍ശിച്ചു. അന്നവിടെ ഒരു തൊഴിലാളിയുടെ മകള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍ പറഞ്ഞറിഞ്ഞു. ഉടന്‍ തന്നെ താന്‍ എത്തിയ ഹെലികോപ്റ്റര്‍ കൊച്ചിയിലേക്കയച്ച് സ്പെഷലിസ്റ്റ് ഡോക്ടറെ വരുത്തി ആ കുട്ടിയുടെ ജീവന്‍ രക്ഷിച്ചിരുന്നു.

വ്യാപാര-വ്യവസായ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ച് 2009-ല്‍ രാജ്യം പദ്മശ്രീനല്‍കി ആദരിച്ചിരുന്നു. 84-ാം വയസില്‍ ഹൃദയാഘാതം മൂലമാണ് അദേഹം അന്തരിച്ചത്. ടാറ്റയുടെ മകനും നിലവിലെ ഗ്രൂപ്പ് ചെയര്‍മാനുമായ എന്‍. ചന്ദ്രശേഖരന്‍ മരണത്തില്‍ അനുശോചനമറിയിച്ചു. അദ്ദേഹത്തെ അറിയാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. ആഴത്തില്‍ വേരോടിയ മനുഷ്യത്വമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. സാധ്യതകളും അവസാരങ്ങളും കുറഞ്ഞവരെ സഹായിക്കാനാണ് അദ്ദേഹം എപ്പോഴും താത്പര്യപ്പെട്ടത്. ഞങ്ങള്‍ അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കുന്നു -എന്‍. ചന്ദ്രശേഖരന്‍ പ്രസ്താവനയില്‍ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് 4.30ന് ചന്ദന്‍വാഡിയില്‍ കൃഷ്ണകുമാറിന്റെ സംസ്‌കാരം നടക്കും.