ഫോണിലെ ആപ്പുകള്‍ വഴി പണം കടമെടുക്കും മുമ്പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

വായ്പാ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ച് കേള്‍ക്കാറില്ലേ. 2020 ഡിസംബറിനുശേഷം ഇത്തരം തട്ടിപ്പുകള്‍ വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. വായ്പ ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് തല്‍ക്ഷണം വായ്പ നല്‍കുകയെന്നതാണ് ഈ ആപ്പുകളുടെ പ്രവര്‍ത്തന രീതി. ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ അപകടങ്ങളും ഏറെയാണ്. ഈ ആപ്പുകളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ തിരിച്ചറിയാനും പരിശോധിക്കാനുമായി ഫിന്‍ടെക് അസോസിയേഷന്‍ ഫോര്‍ കസ്റ്റമര്‍ എംപവര്‍മെന്റും സെന്റര്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷനും അടുത്തിടെ ഫിന്‍ടെക് ലെന്റിങ് റിസ്‌ക് ബാരോമീറ്റര്‍ ആരംഭിച്ചിരുന്നു. ഡിജിറ്റല്‍ വായ്പാ വ്യവസായ രംഗത്തെ റിസ്‌കുകളെക്കുറിച്ച് സിസ്റ്റമാറ്റിക് ആയ ഒരു അടിത്തറ സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണ് ഈ പഠനത്തിനുള്ളത്.
ഈ രംഗത്തെ അപകട സാധ്യങ്ങള്‍ മനസിലാക്കാന്‍ സിസ്റ്റമാറ്റിക് ആയ സമീപനമാണ് പഠനം സ്വീകരിച്ചത്. ഇതിനായി 2022 സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെ നാല്‍പ്പത് ഫിന്‍ടെക് വായ്പാദാതാക്കള്‍ക്കിടയില്‍ ഒരു ഓണ്‍ലൈന്‍ സര്‍വ്വേ നടത്തി. കടംകൊടുക്കുന്നവരുടെയും അല്ലാത്തവരുടെയും അപകടസാധ്യതകളെക്കുറിച്ചുള്ള പ്രാഥമിക ധാരണകള്‍ ശേഖരിക്കുകയായിരുന്നു ലക്ഷ്യമിട്ടത്. ഇതിനു പിന്നാലെ സര്‍വ്വേയില്‍ പങ്കെടുത്ത തെരഞ്ഞെടുത്ത ചിലരുമായി വിശദമായി അഭിമുഖം നടത്തി. ഇത്തരം പഠനത്തിലൂടെ കണ്ടെത്തിയ പ്രധാനപ്പെട്ട അഞ്ച് അപകടസാധ്യകള്‍ ശ്രദ്ധയില്‍പ്പെടുത്തുകയാണ്.
വിശ്വാസ്യത ഇല്ലായ്മ:
വിശ്വാസ്യത ഇല്ലായ്മയാണ് ഫിന്‍ടെക് വായ്പക്കാരുടെ പ്രധാന പ്രശ്‌നമെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 90% ആളുകളും പ്രതികരിച്ചത്. ഇവര്‍ ഒരു സംഘടിത വിഭാഗമല്ല, കൂടാതെ പ്രോസസിങ് ചാര്‍ജ് ഇനത്തില്‍ വലിയ തുക ഈടാക്കുന്നു, ചട്ടങ്ങളും വ്യവസ്ഥകളും എന്തെന്ന് വെളിവാക്കുന്നില്ല, പണം തിരിച്ചുപിടിക്കാന്‍ മോശമായ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നു തുടങ്ങിയ അഭിപ്രായങ്ങളും പ്രബലമാണ്. ഇത്തരം വായ്പാ ദാതാക്കള്‍ വായ്പ വാങ്ങുന്നവര്‍ക്ക് ദോഷകരവും ഡിജിറ്റല്‍ വായ്പയുടെ വിശ്വാസ്യതയെ തന്നെ ഇല്ലാതാക്കുകയുമാണ്. ഇന്ത്യന്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് മുമ്പില്‍ 1100 ഡിജിറ്റല്‍ വായ്പ ആപ്പുകള്‍ നിലവില്‍ ലഭ്യമാണെന്നാണ് ആര്‍.ബി.ഐ വര്‍ക്കിങ് സംഘം കണ്ടെത്തിയത്. ഇതില്‍ 600 ഓളം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവയാണ്.
സൈബര്‍ തട്ടിപ്പ്:
സൈബര്‍ തട്ടിപ്പും സൈബര്‍ ക്രൈമുമാണ് ഈ മേഖലയിലെ രണ്ടാമത്തെ പ്രധാന അപകട സാധ്യത. ഐഡന്റിറ്റി മോഷണം എന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. സോഷ്യല്‍ മീഡിയകളില്‍ കമ്പനി ലോഗോ അടക്കം വെച്ച് വ്യാജ പേജുകള്‍ രൂപീകരിച്ച് ഫിന്‍ടെക് വായ്പാദാതാവിനുവേണ്ടി ഡാറ്റ ശേഖരിക്കുന്ന സംഭവങ്ങളുണ്ട്. ഈ പേജിലൂടെ വായ്പയ്ക്കായി അപേക്ഷിച്ചാല്‍ ആകര്‍ഷകമായ നിരക്കുകളും ഡിസ്‌കൗണ്ടുകളും ലഭിക്കുമെന്ന് പറഞ്ഞാണ് ഇത്തരക്കാര്‍ ആളുകളെ ആകര്‍ഷിക്കുന്നത്. ഇത്തരം വ്യാജ പേജുകള്‍ കണ്ടെത്തുകയെന്നത് പ്രയാസകരമാണ്.
ഡാറ്റ പ്രൈവസി:
ഇത്തരം ആപ്പുകളില്‍ സ്വകാര്യത ലംഘിക്കപ്പെടുന്ന പ്രശ്‌നമുണ്ടെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 37% പേര്‍ അഭിപ്രായപ്പെട്ടു. സുതാര്യമായ ഡാറ്റ സംരക്ഷണ നിയമങ്ങളുടെ അഭാവനം ഡിജിറ്റല്‍ ഫിന്‍ടെക് വ്യവസായ രംഗത്തുണ്ട്. മിക്കപ്പോഴും വായ്പയെടുക്കുന്നയാള്‍ക്ക് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് അവര്‍ ആവശ്യപ്പെടുന്ന വ്യക്തിവിവരങ്ങളും, മെസേജുകളും കോണ്ടാക്ടുമൊക്കെ കൈകാര്യം ചെയ്യാനുള്ള അനുവാദവും നല്‍കേണ്ടിവരുന്നു.
ചട്ടങ്ങള്‍ പാലിക്കാതിരിക്കല്‍:
റെഗുലേറ്റര്‍മാരുമായി ആശയവിനിമയത്തിന് കൃത്യമായ വ്യവസ്ഥയില്ലാത്തതിനാല്‍ ഫിന്‍ടെക് വായ്പക്കാരന്‍ അവര്‍ക്ക് തോന്നിയതുപോലെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്ന സ്ഥിതിയുണ്ട്. ഇത് അനാവശ്യമായ പിഴകള്‍ ഈടാക്കുന്നതിലേക്കും കടം വാങ്ങുന്നവരുടെ വിശ്വാസത്തെ ഇല്ലാതാക്കുന്നതിലേക്കും നയിക്കുന്നു. ഫിന്‍ടെക് വായ്പക്കാര്‍ സുതാര്യമായതും കൂടിയാലോചിച്ചുള്ളതുമായ ചട്ടങ്ങള്‍ രൂപം നല്‍കുന്നുവെന്ന് ഉറപ്പാക്കണം. വിശ്വസ്യതയുണ്ടാക്കാന്‍ കൃത്യമായ കൂടിയാലോചനകളും, മീറ്റിങ് മിനിട്‌സും ഉണ്ടായിരിക്കുകയും ഇതുസംബന്ധിച്ച വിവരങ്ങള്‍ പൊതുവില്‍ ലഭ്യമാക്കുകയും ചെയ്യണം.
അന്യായമായ നടപടികള്‍:
വായ്പ ഈടാക്കുന്നതിന് മോശമായ വഴികള്‍ നേടുന്നത് സംബന്ധിച്ച് നിരവധി പേര്‍ പരാതി പറയുന്നുണ്ട്. ഇതുസംബന്ധിച്ച പരാതികള്‍ ദേശവ്യാപകമായി വന്നിട്ടുണ്ട്. ആര്‍.ബി.ഐ ഇതിനെതിരെ കര്‍ശനമായ നിര്‍ദേശം പുറപ്പെടുവിക്കുകയും അനുസരിക്കാത്ത വായ്പാദാതാക്കള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുകയും ചെയ്യും.
മറ്റ് അപകട സാധ്യകള്‍:
നിയന്ത്രണം, ഡാറ്റ, ബിസിനസ് മോഡല്‍ എന്നിവയാണ് മറ്റ് റിസ്‌ക് ഘടകള്‍.
ഈ അപകടങ്ങളില്‍പെടാതിരിക്കാന്‍ പണം വായ്പ വാങ്ങുമ്പോള്‍ നിങ്ങള്‍ ഏറെ ശ്രദ്ധാലുക്കളായിരിക്കണം. വായ്പാദാതാവിനെക്കുറിച്ച് നന്നായി മനസിലാക്കണം, ആര്‍.ബി.ഐ രജിസ്‌ട്രേഡ് വായ്പാദാതാക്കളില്‍ നിന്ന് മാത്രം പണം വാങ്ങുക, മെയിലിലും മെസേജുകളിലും ലഭിക്കുന്ന ഇത്തരം ആപ്പുകളുടെ ലിങ്കുകളില്‍ ക്ലിക് ചെയ്യാതിരിക്കുക.