തലപ്പത്തുള്ളവര്‍ കൂട്ടത്തോടെ രാജിവെച്ചു; കര്‍ണാടക ബാങ്ക് തകര്‍ന്നുവെന്ന് അഭ്യൂഹം; ഓഹരികളില്‍ കരടി ഇറങ്ങി; നിക്ഷേപകര്‍ ആശങ്കയില്‍; 100 വര്‍ഷം പിന്നിട്ട ബാങ്കില്‍ വന്‍ പ്രതിസന്ധി

തുടര്‍ച്ചയായി ഉന്നത ഉദ്യോഗസ്ഥര്‍ രാജിവെച്ചതോടെ കര്‍ണാടക ബാങ്കില്‍ വന്‍ പ്രതിസന്ധി. ബാങ്ക് പൊളിഞ്ഞുവെന്നുള്ള പ്രചരണം ശക്തമായതോടെ നിക്ഷേപകര്‍ അങ്കലാപ്പിലായിട്ടുണ്ട്. എന്നാല്‍, ഉന്നത ഉദ്യോഗസ്ഥരുടെ രാജി നിക്ഷേപകരെ ഒരുതരത്തിലും ബാധിക്കില്ലെന്ന് കര്‍ണാടക ബാങ്ക് ചെയര്‍മാന്‍ പ്രദീപ് കുമാര്‍ പാഞ്ജാ അറിയിച്ചു. എല്ലാനിക്ഷേപങ്ങളും സുരക്ഷിതമാണ്.

ബാങ്കിന്റെ സാമ്പത്തിക അടിത്തറശക്തമാണെന്നും ആരംഭം മുതല്‍ സ്ഥിരതയോടെ വളര്‍ച്ച കൈവരിച്ച സ്ഥാപനമാണിതെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് സിഇഒയും എംഡിയുമായ ശ്രീകൃഷ്ണ ഹരിഹര ശര്‍മയും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ശേഖര്‍ റാവുവുമാണ് ഒരേസമയം ബാങ്ക് വിട്ടത്.

Read more

വ്യക്തിപരമായ കാരണങ്ങളാല്‍ രാജിസമര്‍പ്പിക്കുന്നുവെന്നാണ് രണ്ടു പേരും അറിയിച്ചത്. എന്നാല്‍ ഇതോടെ ഓഹരിവില ഇടിയുകയും ബാങ്ക് തകരുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുകയുമായിരുന്നു. എന്നാല്‍ 101 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള ബാങ്ക് ശക്തമായ നിലയിലാണെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. താത്കാലിക സിഇഒയെയും എംഡിയെയും നിയമിക്കാന്‍ ആര്‍ബിഐയില്‍നിന്ന് അനുമതി തേടിയിട്ടുണ്ട്. സ്ഥിരം നിയമനത്തിനായി സേര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും അദേഹം അറിയിച്ചു.