നിലവിൽ ഇലക്ട്രിക്ക് വാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് JSW MG മോട്ടോർ ഇന്ത്യ. കൂടാതെ ആഭ്യന്തര വിപണിയിൽ ലോഞ്ച് ചെയ്യാൻ വേണ്ടി ഒരുകൂട്ടം പുതിയ മോഡലുകൾ അണിനിരക്കാൻ ഒരുങ്ങിയിരിക്കുകയാണ് കമ്പനി. പ്രീമിയം ഇവികൾ, എസ്‌യുവികൾ, ഏതാനും ഇന്റർനാഷണൽ മോഡലുകൾ എന്നിവയുൾപ്പെടെ 2025ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ ബ്രാൻഡിൻ്റെ വരാനിരിക്കുന്ന ചില മോഡലുകൾ പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യൻ വിപണിയിൽ ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന 3 എംജി കാറുകൾ നോക്കാം.
എംജി സൈബർസ്റ്റർ ഇലക്ട്രിക് സ്‌പോർട്‌സ്‌കാർ
2025 ഓട്ടോ എക്‌സ്‌പോയിൽ MG സൈബർസ്റ്റർ EV പ്രദർശിപ്പിച്ചിരുന്നു. ബ്രാൻഡിൻ്റെ പ്രീമിയം ‘സെലക്ട്’ ഡീലർഷിപ്പ് ശൃംഖല വഴി വിൽക്കുന്ന ആദ്യത്തെ മോഡലാണ് ഇത്. 2025 മധ്യത്തോടെ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ഇലക്ട്രിക് സ്‌പോർട്‌സ് കാറിൻ്റെ ബുക്കിംഗ് മാർച്ചിൽ ആരംഭിക്കും എന്നാണ് റിപോർട്ടുകൾ. ഇന്ത്യൻ വിപണിയിൽ BYD Seal EV, ഹ്യുണ്ടായ് അയോണിക് 5, കിയ EV6 എന്നിവയോട് സൈബർസ്റ്റർ EV മത്സരിക്കും.

544 bhp കരുത്തും 725 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ ഏറ്റവും മികച്ച 77 kWh ബാറ്ററി പാക്ക് ഓപ്ഷൻ MG-യുടെ ഇന്ത്യയിലെ ആദ്യത്തെ സ്‌പോർട്‌സ് കാറിന് ലഭിക്കും. AWD വേരിയൻ്റിന് ഒറ്റ ചാർജിൽ 580 കിലോമീറ്റർ റേഞ്ച് ലഭിക്കും. വെറും 3.2 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ മോഡലിന് കഴിയും.
എംജി M9
2025 ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ MG ഔദ്യോഗികമായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച മറ്റൊരു മോഡലാണ് M9. 2025 മാർച്ചിൽ ലോഞ്ച് ചെയ്യാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന പ്രീമിയം ഇലക്ട്രിക് എംപിവിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ബ്രാൻഡിൻ്റെ പ്രീമിയം ‘സെലക്ട്’ ഡീലർഷിപ്പ് ശൃംഖല വഴി വിൽക്കുന്ന രണ്ടാമത്തെ മോഡലാണിത്. അന്താരാഷ്ട്രതലത്തിൽ, എംപിവി മിഫ 9 ആയാണ് വിൽക്കപ്പെടുന്നത്. ഇത് ഒരു EV ആയും പരമ്പരാഗതമായി പവർ ചെയ്യുന്ന ICE മോഡലായും ലഭ്യമാണ്.

ഇന്ത്യയിൽ, 90 kWh ബാറ്ററി പാക്കിനൊപ്പം വരുന്ന പ്രീമിയം MPV-യുടെ ഓൾ-ഇലക്‌ട്രിക് പതിപ്പ് MG അവതരിപ്പിക്കും. 245 ബിഎച്ച്പിയും 350 എൻഎം പീക്ക് ടോർക്കും ആണ് പവർ ഔട്ട്പുട്ട് കണക്കുകൾ. ഒറ്റ ചാർജിൽ 430 കിലോമീറ്റർ ആണ് WLTP അവകാശപ്പെടുന്നത്. ലോഞ്ച് ചെയ്തു കഴിഞ്ഞാൽ, ഇന്ത്യൻ വിപണിയിൽ കിയ കാർണിവൽ, ടൊയോട്ട വെൽഫയർ എന്നിവയ്‌ക്ക് MG M9 എതിരാളിയാകും.
എംജി മജസ്റ്റർ
2025 ഓട്ടോ എക്‌സ്‌പോയിലാണ് എംജി മജസ്റ്റർ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. മൂന്ന്-വരി ഫുൾ സൈസ് ഗ്ലോസ്റ്ററിൻ്റെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എന്നുതന്നെ മോഡലിനെ വേണമെങ്കിൽ പറയാം. ഈ വർഷാവസാനം ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന മജസ്റ്റർ, ബ്രാൻഡിൻ്റെ ലൈനപ്പിൽ ഗ്ലോസ്റ്ററിന് മുകളിലായിരിക്കും സ്ഥാനം പിടിക്കുക. റിപ്പോർട്ടുകൾ പ്രകാരം, പുതിയ എസ്‌യുവിയ്‌ക്കൊപ്പം എംജി ഗ്ലോസ്റ്ററിൻ്റെ വിൽപ്പന തുടരും.

അന്താരാഷ്ട്ര വിപണിയിൽ വിൽക്കുന്ന മാക്‌സസ് D90 എസ്‌യുവിയോട് സാമ്യമുള്ള പുതുക്കിയ എക്സ്റ്റീരിയർ രൂപകൽപ്പനയാണ് മജസ്റ്ററിൽ നൽകിയിരിക്കുന്നത്. 216 bhp കരുത്തും 479 Nm ടോർക്കും പുറപ്പെടുവിക്കുന്ന പരിചിതമായ 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനായിരിക്കും എസ്‌യുവിക്ക് കരുത്ത് പകരുക. ഇത് 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കും. ഇത് പിൻ ചക്രങ്ങളിലേക്ക് പവർ ചാനൽ ചെയ്യുന്നു. ഗ്ലോസ്റ്ററിനെപ്പോലെ മജസ്റ്ററിൽ 4WD സജ്ജീകരണവും ഓഫർ ചെയ്യും.







