കാര്‍ വിപണിയില്‍ മാരുതിക്കും ഹ്യുണ്ടായിക്കും തിരിച്ചടി ; കുതിച്ച് കയറി ടാറ്റയും മഹീന്ദ്രയും; ടാറ്റ വിറ്റത് 4,84,843 പാസഞ്ചര്‍ വാഹനങ്ങള്‍; കിടമത്സരം മുറുകുന്നു

മുൻനിര വാഹന നിർമാണ കമ്പനികളായ മാരുതി സുസുക്കിയും ഹ്യുണ്ടായ് മോട്ടോറും കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഈ വർഷം വിപണിവിഹിതത്തിൽ ഇടിവ് നേരിട്ടതായി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ (ഫാഡ). 2021 – 22 ൽ 12.39 ലക്ഷം വാഹനങ്ങളിൽ നിന്ന് 2022 – 23ൽ മാരുതിയുടെ വിൽപന 14.79 ലക്ഷം വാഹനങ്ങളായി ഉയർന്നു എങ്കിലും വിപണിവിഹിതം 42.13 ശതമാനത്തിൽ നിന്ന് 40.86 ശതമാനമായി താഴ്ന്നുവെന്ന് ഫാഡ പുറത്തുവിട്ട രാജ്യത്തെ ആർ.ടി ഓഫീസുകളിൽ നിന്നുള്ള രജിസ്‌ട്രേഷൻ വിവരങ്ങൾ പ്രകാരം തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ മാരുതിക്ക് 50 ശതമാനത്തിനു മുകളിൽ വിപണി വിഹിതം ഉണ്ടായിരുന്നു.

എന്നാൽ ടാറ്റ മോട്ടോർസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കിയ ഇന്ത്യ തുടങ്ങിയ കമ്പനികൾ കഴിഞ്ഞ സാമ്പത്തിക വർഷത്തെ റീട്ടെയിൽ വിൽപ്പനയെ അടിസ്ഥാനമാക്കി വിപണിവിഹിതത്തിൽ വർദ്ധനവ് രേഖപ്പെടുത്തുകയാണ് ചെയ്തത്. ഹ്യുണ്ടായ് മോട്ടോർസിലും കഴിഞ്ഞ സാമ്പത്തിക വർഷം 5,25,088 യൂണിറ്റുകളുടെ വർധനയുണ്ടായെങ്കിലും വിപണി വിഹിതം 14.51 ശതമാനമായി കുറഞ്ഞു. ഫാഡയുടെ കണക്കുകൾ പ്രകാരം 2022 സാമ്പത്തിക വർഷത്തിൽ വിപണിയിൽ 4,79,027 യൂണിറ്റുകൾ ആണ് വിറ്റുപോയത്. ഈ സമയത്ത് ഹ്യുണ്ടായ്‌യുടെ വിപണി വിഹിതം 16.28 ശതമാനമായിരുന്നു.

മറുവശത്ത്, ടാറ്റ മോട്ടോർസിന്റെ വിപണി വിഹിതം 2021-22 സാമ്പത്തിക വർഷത്തിലെ 11.27 ശതമാനത്തിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ 13.39 ശതമാനമായി ഉയർന്നു. 2021-22 സാമ്പത്തിക വർഷത്തിലെ 3,31,637 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 4,84,843 പാസഞ്ചർ വാഹനങ്ങൾ റീട്ടെയിൽ ചെയ്യാൻ സാധിച്ചു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര കഴിഞ്ഞ സാമ്പത്തിക വർഷം 3,23,691 പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ച് 8.94 ശതമാനം വിപണിവിഹിതം നേടി. എന്നാൽ 2022 സാമ്പത്തിക വർഷത്തിൽ 1,99,125 യൂണിറ്റുകൾ റീട്ടെയിൽ ചെയ്ത് 6.77 ശതമാനം വിപണിവിഹിതം ആയിരുന്നു രേഖപ്പെടുത്തിയത്.

കിയ ഇന്ത്യയുടെ വിപണിവിഹിതം 2021-22 ലെ 5.3 ശതമാനത്തിൽ നിന്ന് 2023ലെ സാമ്പത്തിക വർഷത്തിൽ എത്തിയപ്പോൾ 6.42 ശതമാനമായി ഉയർന്നു. ഇതിന്റെ റീട്ടെയിൽ വിൽപ്പന കഴിഞ്ഞ സാമ്പത്തിക വർഷം 1,56,021 യൂണിറ്റിൽ നിന്ന് 2,32,570 യൂണിറ്റായാണ് ഉയർന്നത്. ടൊയോട്ട കിർലോസ്‌കർ മോട്ടോർ, സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് എന്നിവയും 2023 സാമ്പത്തിക വർഷത്തിൽ വിപണിവിഹിതത്തിൽ ഉയർച്ച രേഖപ്പെടുത്തി. രാജ്യത്തുടനീളമുള്ള 1,435 ആർടിഒമാരിൽ നിന്ന് 1,349 വാഹനങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ ശേഖരിച്ചതായി ഫാഡ അറിയിച്ചു.