എതിരാളികളുടെ നെഞ്ചിടിപ്പ് കൂടും; XUV400യുടെ പ്രോ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങി മഹീന്ദ്ര !

മഹീന്ദ്ര ടെക്-ലോഡഡ് XUV400 പുറത്തിറക്കിയതു മുതൽ, ഇന്ത്യയിലെ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വാഹനം കമ്പനിയുടെ വിൽപ്പന വർദ്ധിപ്പിക്കുക മാത്രമല്ല, ഇവി സെഗ്‌മെന്റിന് വലിയൊരു സംഭാവന നൽകുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ നിലവിലുള്ള EC, EL ട്രിമ്മിന്റെ പ്രോ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഈ ആഭ്യന്തര കാർ നിർമ്മാതാവ്.

ഇത് ഉടൻ തന്നെ ഇന്ത്യൻ വിപണിയിലെത്താനുള്ള സൂചനകളാണ് നൽകുന്നത്. ഈ മോഡലുകൾ ഒന്നെങ്കിൽ നിലവിലുള്ള മോഡലുകൾക്കൊപ്പം പുറത്തിറക്കും അല്ലെങ്കിൽ അവയെ പൂർണ്ണമായും മാറ്റിസ്ഥാപിക്കുകയോ ചെയ്യും. ഇവയെ EC Pro എന്നും EL Pro എന്നും വിളിക്കാൻ സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദാംശങ്ങൾ കമ്പനി ഇതുവരെ പങ്കുവെച്ചിട്ടില്ല.

XUV400 പ്രോ മോഡലുകളുടെ സവിശേഷത

വരാനിരിക്കുന്ന മോഡലിൽ ഒട്ടുമിക്ക ട്രെൻഡിംഗ് ഫീച്ചറുകളും ഉണ്ടാകുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. XUV400, ICE മോഡൽ XUV300 എന്നിവയിൽ പിൻ എസി വെന്റുകൾ ഉണ്ടായിരുന്നില്ല എന്നതിനാൽ ഭാവി മോഡലുകളിൽ കമ്പനി പിൻ എസി വെന്റുകൾ ചേർക്കാൻ സാധ്യതയുണ്ട്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുൾപ്പെടെ എല്ലാ വയർലെസ് കാർ കണക്റ്റ് സാങ്കേതികവിദ്യയും ഉള്ള അപ്‌ഡേറ്റ് ചെയ്ത 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉപഭോക്താക്കൾക്ക് ഈ മോഡലിൽ പ്രതീക്ഷിക്കാം.

വയർലെസ് ചാർജർ, പിൻ യാത്രക്കാർക്കുള്ള യുഎസ്ബി ചാർജിംഗ് പോർട്ട്, മൾട്ടിപ്പിൾ പാർക്കിംഗ് സെൻസറുകൾ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, ഡ്യുവൽ ക്ലൈമറ്റ് കൺട്രോൾ, ഷാർക്ക് ഫിൻ ആന്റിന എന്നിവയും വാഹനത്തിലുണ്ടാകും.

ഡിസൈനും സ്റ്റൈലിംഗും

മൊത്തത്തിലുള്ള രൂപകൽപ്പനയെക്കുറിച്ച് പറയുകയാണെങ്കിൽ, വരാനിരിക്കുന്ന മോഡലുകൾ നിലവിലെ XUV400-ന് സമാനമായ ബോഡി സ്റ്റൈൽ പങ്കിടാൻ സാധ്യതയുണ്ട്. എന്നിരുന്നാലും അകത്തും പുറത്തും ചില സൗന്ദര്യവർദ്ധക മാറ്റങ്ങൾ പ്രതീക്ഷിക്കാം. എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഡിആർഎല്ലുകൾ, ഫോഗ് ലാമ്പുകൾ, അഗ്രസീവ് ഫ്രണ്ട് ഗ്രില്ലുകൾ, റൂഫ് റെയിലുകൾ, മുന്നിലും പിന്നിലും പുതിയ ലോഗോ എന്നിവയും ഇവി വാഗ്ദാനം ചെയ്യുന്നത് തുടരും.

ബാറ്ററി

ഹുഡിന് കീഴിൽ, മഹീന്ദ്ര XUV400-ൽ EC പ്രോയോട് കൂടിയ 34 kWh ബാറ്ററി പായ്ക്കും EC പ്രോ, EL പ്രോ എന്നിവയിലും ഉണ്ടാകുന്ന 39.5 kWh ബാറ്ററി യൂണിറ്റും ഉണ്ടാകും. ഫൺ, ഫാസ്റ്റ്, ഫിയർലെസ് എന്നിങ്ങനെ ഒന്നിലധികം ഡ്രൈവിംഗ് മോഡുകളുമായാണ് വാഹനങ്ങൾ വരുന്നത്. ഇത് വെറും 8.3 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-100 കിമീ വേഗത കൈവരിക്കും.